അനുസരിക്കാതെയിരിക്കുകയോ ഒട്ടും ഇഷ്ടപ്പെടാത്ത പെരു മാറ്റങ്ങൾ കാണിക്കുകയോ ചെയ്യുമ്പോൾ പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിൽ കുട്ടികൾക്കു നല്ല തല്ലു കൊടുക്കാറുണ്ട്. നമ്മൾ ആഗ്രഹിക്കുന്ന ചില മാറ്റങ്ങൾ തല്ലിനെ പേടിച്ചു കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാണുകയും ചെയ്യാം. ഇങ്ങ നെയാണു തല്ല് ഒരു മികച്ച ശിക്ഷാമാർഗമായി പരിണമിച്ചത്. പണ്ടു കിട്ടിയ തല്ലിന്റെ ഗുണമാണ് തന്റെ ഇന്നത്തെ നേട്ടങ്ങൾ ക്കു പിന്നിൽ എന്നു പറയുന്നവർ നമ്മുടെ കൂട്ടത്തിൽ ധാരാള മുണ്ട്. കുട്ടികളെ നന്നായി വളർത്താൻ തല്ലിനെക്കാൾ മികച്ച മാർഗമില്ലെന്നുവരെ വിശ്വസിക്കുന്നവരുണ്ട്. ഇങ്ങനെയൊക്കെ യാണെങ്കിലും തല്ല് സത്യത്തിൽ നല്ലതാണോ?
തല്ല്, ആരുടെ നേർക്കായാലും അതു ശരീരത്തിലേക്കുള്ള കടന്നുകയറ്റമാണ്. തല്ലുകൊള്ളുന്ന കുട്ടി പോലുമറിയാതെ പല പ്രശ്നങ്ങളും കുട്ടിയുടെ മാനസ്സിലേക്കു തിരുകിക്കയറ്റാൻ അതു കാരണമാകും. കുട്ടിയേക്കാൾ ശാരീരികവും ബുദ്ധിപരമായും കൂടുതൽ വളർച്ചയെത്തിയവരാണു രക്ഷാകർത്താക്കൾ. ആ രണ്ടു കാര്യത്തിലും വളർച്ചയെത്താത്ത കുട്ടിയെ തല്ലുമ്പോൾ ‘ശക്തരായവർക്കു ദുർബലരായവരുടെ ശരീരത്തിനു മേൽ കടന്നു കയറാം, ആക്രമിക്കാം, അതിൽ തെറ്റില്ല’ എന്ന ചിന്ത അബോധമായി നമ്മൾ കൈമാറുകയാണ്. അതു കുട്ടി തന്റെ അനുജനോ അനുജത്തിയോടോ മുതൽ ജീവിതത്തിലുടനീളം പ്രകടിപ്പിച്ചു എന്നു വരാം. കുട്ടിയെ തല്ലുമ്പോൾ, തല്ലിയ അച്ഛന് അല്ലെങ്കിൽ അമ്മയ്ക്ക് ദേഷ്യത്തിന് ഒരു ശമനം കിട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ കുട്ടിയെ തല്ലി നമ്മൾ നമ്മളുടെ ദേഷ്യം കുറയ്ക്കുന്നു. അപ്പോൾ തല്ലിയതു ശരിക്കും ആർക്കുവേണ്ടിയാണ്? കുട്ടിക്കു വേണ്ടിയാണോ അതോ നമുക്കുവേണ്ടിയാണോ?
അച്ഛനമ്മമാരിൽ നിന്നു തല്ലു കിട്ടുമ്പോൾ മനസ്സിൽ രൂപപ്പെടുന്ന ദേഷ്യം ഉള്ളിലൊതുക്കാനേ കുട്ടിക്കു വഴിയുള്ളൂ. ഇതു ക്രമേണ അവനവനോടു തന്നെയോ മറ്റാരോടെങ്കിലുമോ തീർക്കാൻ തുടങ്ങുന്നതോടെ അതു ചിലപ്പോൾ ജീവിതം മുഴുവൻ നീണ്ടു നിൽക്കാനിടയുള്ള സ്വഭാവവൈകല്യമായി പരിണമിക്കാം. നമുക്കിടയിൽ ചെറിയ പ്രശ്നങ്ങൾക്കു പോലും വഴക്കിടുകയും ഒന്നു പറഞ്ഞ് രണ്ടാമത്തേതിനു തല്ലാനിറങ്ങു കയും ചെയ്യുന്ന ചിലരില്ലേ. അവർ അവരുടെ ബാല്യത്തിൽ നന്നായി തല്ലു കിട്ടി വളർന്നവരായിരിക്കാനിടയുണ്ട്. കുട്ടിക്കാലത്തു കൂടുതൽ തല്ലു കൊണ്ടു വളരുന്ന കുട്ടികളിൽ പിന്നീടു വിഷാദം, ആക്രമണോത്സുകത, മുൻകോപം, തുടങ്ങിയവയൊക്കെ സ്വഭാവമായി പരിണമിച്ചു എന്നു വരാം. എങ്കിൽ ഇനിയും കുട്ടികളെ തല്ലണോ?