Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനം?

take-care-of-your-heartt-t

ലോക ഹൃദയദിനമാണ് വരുന്ന ശനിയാഴ്ച. അമിതമായ പ്രമേഹവും കൊളസ്ട്രോളും താളം തെറ്റിയ ജീവിത ശൈലികളും ഹൃദയത്തിനു മേലുള്ള ആഘാതം വർധിപ്പിക്കുമ്പോഴും നവീനമായ ചികിൽസാ രീതികളും സാങ്കേതിക വിദ്യയുടെ സഹായവും ഹൃദയ ചികിൽസയിൽ ആശാവഹമായ പുരോഗതിയാണു പകരുന്നത്. ആധുനിക വൈദ്യശാസ്ത്രം അനുദിനം പുരോഗതി കൈവരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മാറി വരുന്ന കാലത്തിനനുസരിച്ച് രോഗത്തിലും രോഗ ചികിൽസയിലും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. 

ഇന്ത്യയുടെ ഹൃദ്രോഗ തലസ്ഥാനമാണ് കേരളം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ഹൃദ്രോഗത്തിനു കാരണമായ പ്രമേഹം, രക്താതിസമ്മർദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ നിരക്കു മലയാളികളിൽ വളരെ കൂടുതലാണ്. പ്രായപൂർത്തിയായവരിൽ 15% കേരളീയർക്കു പ്രമേഹം ഉണ്ട്. ഒരു ശരാശരി മലയാളിക്കു സമപ്രായത്തിലുള്ള വിദേശിയേക്കാൾ ഏകദേശം പത്തു വർഷം മുൻപേ ഹൃദ്രോഗ സാധ്യതയുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. 

സൈലന്റ് കില്ലർ

യുവാക്കളിലെ ഹൃദ്രോഗ നിരക്ക് അപകടകരമാം വിധം വർധിച്ചു വരുന്നു. അതിൽ തന്നെ നല്ലൊരു ശതമാനം പേർക്കു വേദനയില്ലാത്ത സൈലന്റ് ഹാർട്ട് അറ്റാക്കാണ് കണ്ടുവരുന്നത്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും പിരിമുറുക്കങ്ങളും ഹൃദ്രോഗ സാധ്യത ഉയർത്തുന്നുണ്ട്. വിദ്യാസമ്പന്നരാണെങ്കിലും മലയാളികളിൽ ഇപ്പോഴും നല്ലൊരു ശതമാനം പുകവലിക്കാരാണ്. നിക്കോട്ടിൻ ചെറിയ തോതിലല്ല ഹൃദ്രോഗത്തിനു കാരണമാകുന്നത് എന്ന് ആരും ഓർക്കുന്നില്ല. ജങ്ക് ഫുഡിനോടുള്ള പ്രിയം ഉൾപ്പെടെ അനാരോഗ്യകരമായ ഭക്ഷണ രീതികളും വ്യായാമക്കുറവും മലയാളിയെ രോഗിയാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. കുട്ടികളിലെ അമിത വണ്ണ നിരക്കും ഇവിടെ കൂടി വരികയാണ്. 

ആശാവഹം ചികിൽസകൾ

ഹൃദ്രോഗ ചികിൽസാ രംഗത്തു കേരളം ബഹുദൂരം മുന്നിലാണ്. ഹൃദയാഘാതം ഉള്ള രോഗികൾക്കു രോഗ നിർണയത്തിനുള്ള ഇസിജിയും രക്ത പരിശോധനയും കേരളത്തിലെ ഏതു ചെറിയ ക്ലിനിക്കിലും ലഭ്യമാണ്. 

ഹൃദയാഘാത ചികിൽസയുടെ അവിഭാജ്യഘടകമായ എമർജൻസി ആൻജിയോപ്ലാസ്റ്റി കേരളത്തിലെ നൂറിലധികം ആശുപത്രികളിൽ ലഭ്യമാണ്. ഇതുവഴി ഹൃദ്രോഗ മരണ നിരക്ക് 4% വരെയായി കുറയ്ക്കാൻ കേരളത്തിനു സാധിച്ചിട്ടുണ്ട്. ഹൃദ്രോഗ ചികിൽസയുടെ കാര്യക്ഷമത അളക്കുന്ന ഡോർ ടു ബലൂൺ സമയം (ആശുപത്രിയിലെത്തുന്നതു മുതൽ അടഞ്ഞ രക്തധമനി തുറക്കുന്നതു വരെയുള്ള സമയം) കേരളത്തിലെ ആശുപത്രികളിൽ വിദേശ രാജ്യങ്ങളിലേതിനു സമാനമാണ്. 

സ്റ്റെന്റ് വിലയ്ക്കും കടിഞ്ഞാൺ

രക്തധമനികളിലെ തടസ്സം മാറ്റാൻ ഉപയോഗിക്കുന്നതാണ് സ്റ്റെന്റ്. രണ്ടു വർഷം മുൻപു വരെ ഇതിന്റെ വിലയ്ക്കു നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. പതിനായിരം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുണ്ടായിരുന്നു സ്റ്റെന്റുകൾക്ക്. കേന്ദ്ര സർക്കാർ സ്റ്റെന്റിന്റെ വില നിയന്ത്രിക്കാൻ തയാറായത് ചികിൽസാ രംഗത്തെ ചെലവു കുറയ്ക്കുന്നതിലേക്കു വലിയൊരു ചുവടുവയ്പായിരുന്നു. ഏതു രീതിയിലുള്ള സ്റ്റെന്റ് ആണെങ്കിലും പരമാവധി വില 30,000 രൂപയാക്കി നിശ്ചയിച്ചു. സ്റ്റെന്റിന്റെ വില കുറഞ്ഞെങ്കിലും മറ്റു നിരക്കുകൾ ഉയർത്തിക്കാട്ടി ചില സ്വകാര്യ ആശുപത്രികൾ ഇപ്പോഴും രോഗികളെ പിഴിയുന്നുണ്ട് എന്നതു മറ്റൊരു വശം. രാജ്യാന്തര കമ്പനികളുടെ ഉയർന്ന നിലവാരമുള്ള സ്റ്റെന്റുകൾ ഇന്ത്യയിൽ ലഭ്യമല്ലാതായി എന്നതും വേറൊരു വശം. എങ്കിലും സാധാരണക്കാരനു പോക്കറ്റ് കീറാതെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാകാൻ സാധിക്കുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ യാഥാർഥ്യം. 

മരുന്നും ഗുണകരം

ഹൃദ്രോഗ ചികിൽസയുടെ അവിഭാജ്യഘടകമായ മരുന്നു ചികിൽസയിലും പുരോഗതിയുണ്ടായിട്ടുണ്ട്. ഹൃദയാഘാതത്തിന് ആൻജിയോപ്ലാസ്റ്റി ലഭ്യമാകാത്തവർക്കു ഫലപ്രദമായ മരുന്നു ചികിൽസയ്ക്കായി റെടിപ്ളേസ്, ടെനിക്ടിപ്ളേസ് എന്നീ മരുന്നുകൾ ലഭ്യമാണ്. രക്തം കട്ട പിടിക്കാതിരിക്കുന്നതിനായുള്ള ടികാഗ്രളോർ ഗുളിക ഹൃദയാഘാത മരണ നിരക്ക് കുറയ്ക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നു. 

സാങ്കേതിക മുന്നേറ്റം

ആൻജിയോപ്ലാസ്റ്റി ചികിൽസാ രംഗത്ത് ആശാവഹമായ വളരെയേറെ പുരോഗതികൾ ഉണ്ടായിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് ഐവസ്, എഫ്എസ്ആർ എന്നീ യന്ത്ര സാമഗ്രികളാണ്. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളുടെ സൂക്ഷ്മതയും കൃത്യതയും ഉറപ്പു വരുത്തുന്നതിന് ഇവ സഹായിക്കുന്നു. ഇതു കൂടാതെ രക്തമർദം കുറവുള്ള രോഗികളിൽ ഹൃദയാഘാതം സംഭവിച്ചാൽ അൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഘട്ടത്തിൽ രക്തമർദം നിലനിർത്തുന്നതിനായി ഐഎബിപി (ഇൻട്രാ അയോട്ടിക്ക് ബലൂൺ പമ്പ്) എന്ന ഉപകരണവും ആൻജയോപ്ലാസ്റ്റിയിൽ സഹായകമാകുന്നുണ്ട്. കാൽസ്യം അടിഞ്ഞു കൂടിയ ധമനികളിൽ പണ്ടു കാലങ്ങളിൽ ആൻജിയോപ്ലാസ്റ്റി വളരെയേറെ ദുഷ്കരമായിരുന്നു. ഇന്നു റോട്ടാപ്ളേറ്റർ എന്ന ഉപകരണം കാൽസ്യം അടിഞ്ഞ ധമനികളിലെ ആൻജിയോപ്ലാസ്റ്റി കൂടുതൽ സുഗമമാക്കിയിട്ടുണ്ട്. 

സെപ്റ്റംബർ 29 ലോക ഹൃദയദിനമാണ്. ഇക്കൊല്ലത്തെ ഹൃദയദിനത്തിന്റെ പ്രമേയം ‘എന്റെ ഹൃദയം നിങ്ങളുടെ ഹൃദയം’ എന്നതാണ്. അറിവില്ലായ്മ കൊണ്ടു മാത്രം ഉണ്ടാകുന്ന ഹൃദ്രോഗം തടയാനും ശരിയായി ചികിൽസിക്കാനും ഉള്ള അവസരങ്ങൾ നാം പാഴാക്കുന്നുണ്ട്. അത്തരം സാഹചര്യം തടയുകയാവണം ഹൃദയദിന പ്രതിജ്ഞ.

ഡോ. അനിൽ ബാലചന്ദ്രൻ, ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്, ലക്ഷ്മി ഹോസ്പിറ്റൽ