Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനിച്ചിരിക്കാൻ ഭയക്കുന്ന ഭാര്യ

x-default x-default

അകാരണമായ ഒരു ഭയം എന്റെ ഭാര്യയെ പിടികൂടിയിരിക്കുന്നു. തനിച്ചിരിക്കാൻ ഭയം; തനിയെ യാത്ര ചെയ്യാൻ വലിയ പേടി. ജനാലകളും കതകുകളും അടച്ചാൽ ശ്വാസം മുട്ടി മരിച്ചുപോകും എന്നാണ് അവൾ പറയുന്നത്. എവിടെയെങ്കിലും പോകണമെങ്കിൽ ആരെങ്കിലും കൂട്ടിനുണ്ടാകണം. ബസിൽ കയറില്ല. ഓട്ടോ റിക്ഷയിൽ മാത്രമെ യാത്ര പറ്റൂ. കാറിൽ കയറിയാൽ ചില്ല് പൊക്കിയിട്ട് എസി ഇട്ട് പോകാൻ പറ്റില്ല. ഇടയ്ക്കിടെ ഒരു വെപ്രാളവും പരവേശവും ഒക്കെ വരും. ഗ്യാസ് കേറുന്നതാണ് എന്നു പറഞ്ഞ് ചെയ്യാത്ത ചികിത്സയില്ല. ഹൃദയ സംബന്ധമായ എല്ലാ പരിശോധനകളും, എൻഡോസ്കോപ്പി പരിശോധനകളും പലതവണ നടത്തി. ഒന്നിനും ഒരു കുഴപ്പവുമില്ല. പക്ഷേ, ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു പോകും എന്ന ഭയമാണ് അവൾക്ക് എപ്പോഴും. രണ്ടു വർഷം മുൻപു വരെ ഒരു കുഴപ്പവുമില്ലായിരുന്നു. 

ഇളയകുട്ടിയുടെ പ്രസവം കഴിഞ്ഞ് നാട്ടിൽ നിന്ന് എന്റെ ജോലി സ്ഥലമായ ഹൈദരാബാദിലേക്ക് അവൾ ട്രെയിനിൽ എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് ഇതിന്റെ തുടക്കം. രാത്രിയിൽ പെട്ടെന്ന് പരവേശവും വെപ്രാളവും വന്ന് പേടി കിട്ടിയതാണ് എന്നു തോന്നുന്നു. അന്ന് ട്രെയിനിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ ദമ്പതികൾ എന്തോ മരുന്ന് കൊടുത്താണ് ആ പ്രയാസം മാറിയത്. അതിനു ശേഷം അതേ പ്രയാസം പിന്നീട് പലപ്പോഴും ഉണ്ടാകുന്നു. ചുരുക്കി പറഞ്ഞാൽ അതിനുശേഷം ഈ ഭയം ഇവളെ വിട്ടുമാറിയില്ല. ട്രെയിനിൽ എസി കോച്ചിൽ പിന്നീട് യാത്ര ചെയ്തിട്ടില്ല. സ്‌ലീപ്പറിൽ യാത്ര ചെയ്താലും ആരെങ്കിലും കൂടെ വേണം. 

മരുന്നും മന്ത്രവും ഫലിക്കാത്ത ഒരു അവസ്ഥയിലാണവൾ. ‘‘ഒന്നിനും കൊള്ളാത്ത ഭാര്യയാണ് ഞാൻ’’ എന്ന അപകർഷതാബോധവുംകൂടി കൂടിയിരിക്കുകയാണ്. മനഃശാസ്ത്രപരമായി എന്തെങ്കിലും ചികിത്സ ഈ പേടി മാറ്റാൻ ഉണ്ടോ?

ശരിയായ മരുന്നും, ശരിയായ മന്ത്രവും ചേർത്ത് ചികിത്സിച്ചാൽ നിശ്ചയമായും മാറുന്ന ഒരു തകരാറാണ് നിങ്ങളുടെ ഭാര്യയ്ക്ക്. ഇരിക്കുന്ന ഇരിപ്പിൽ നെഞ്ചിടുപ്പുകൂടുക, ശ്വാസം കിട്ടാതെ വരുക, വിയർക്കുക, ശരീരം തളരുന്നതായി അനുഭവപ്പെടുക, തലയ്ക്ക് ഭാരക്കുറവ്പോലെ അനുഭവപ്പെടുക, വയറ്റിൽ ഉരുണ്ടുകയറുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ആരാണെങ്കിലും ഒന്നു ഭയന്നുപോകും. ഹൃദയസ്തംഭനമാണോ, രക്തസമ്മർദം വർധിച്ചതാണോ, കുറഞ്ഞതാണോ, ഗ്യാസ് കയറിയതാണോ, ന്യൂറോ സംബന്ധമായ രോഗങ്ങൾ വല്ലതുമാണോ എന്നൊക്കെ ഡോക്ടർമാർ പോലും സംശയിക്കത്തക്ക രീതിയിൽ ഇത്തരം ലക്ഷണങ്ങൾ ചിലരിൽ ഉണ്ടാകാം. ഈ ലക്ഷണങ്ങൾ ശക്തമായി അനുഭവപ്പെടുന്ന സമയത്ത് കുഴഞ്ഞ് വീണ് മരിച്ചു പോകുമോ, മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമോ എന്ന രീതിയിലുള്ള കഠിനമായ ഭയവും അനുഭവപ്പെടാം. പക്ഷേ, ഇതെല്ലാം ഏതാനും മിനിറ്റുകൾക്കുള്ളിൽ ശമിക്കും. ആശുപത്രിയിൽ പോയി പരിശോധനകൾ നടത്തിയാൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണില്ല. 

ഇത് പാനിക് അറ്റാക്ക് എന്ന പ്രതിഭാസമാണ്. ആരെങ്കിലും പേടിപ്പിച്ചിട്ടോ, എന്തെങ്കിലും കണ്ട് പേടിച്ചിട്ടോ, എന്തെങ്കിലും ദുരനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായതുകൊണ്ടോ ഒന്നും അല്ല പാനിക് അറ്റാക്ക് ഉണ്ടാകുന്നത്. മനുഷ്യ മസ്തിഷ്കത്തിലെ സുരക്ഷാ സംവിധാനത്തിൽ അസമയത്തും അനവസരത്തിലും ഉണ്ടാകുന്ന ഒരു സൈറൻ മുഴക്കമായിട്ട് പാനിക് അറ്റാക്കുകളെ കാണാം. ഒരു ഫാക്ടറിയിൽ അപായ സൂചന നൽകുന്ന ഒരു സൈറൻ, അപകടമൊന്നുമില്ലാതെതന്നെ മുഴങ്ങുന്നു എന്ന് സങ്കൽപ്പിക്കുക – അപ്പോൾ അവിടെ ഉണ്ടാകാവുന്ന ആശയക്കുഴപ്പങ്ങൾക്ക് സമാനമായ പ്രതികരണങ്ങൾ മനസ്സിലും ശരീരത്തിലും ഉണ്ടാകുന്നതാണ് പാനിക്. ഈ സത്യം ഈ വ്യക്തിക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ഡോക്ടർമാർക്കു കഴിയണം. ‌

അതാണ് പാനിക് ചികിത്സയിലെ മന്ത്രം! അപായ സൈറൻ അകാരണമായി ആവർത്തിച്ച് മുഴങ്ങുന്നതിന്റെ പിന്നിൽ നാഡീവ്യൂഹ രസതന്ത്രത്തിലെ ചില തകരാറുകളുണ്ട്. ഈ തകരാറുകൾ ചികിത്സിക്കാൻ ഫലപ്രദവും സുരക്ഷിതവുമായ മരുന്നുകളും ഉണ്ട്. രോഗലക്ഷണങ്ങൾ ശമിക്കുന്നതിനനുസരിച്ച് പടിപടിയായി തനിച്ച് യാത്ര ചെയ്യാനും, അടച്ചിട്ട സ്ഥലങ്ങളിൽ ഇരിക്കാനും, പൊതു സ്ഥലങ്ങളിൽ പോകാനും ആ വ്യക്തി തയാറാകണം. അങ്ങനെ, സാവകാശം സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാൻ ചിലർക്ക് ചില പെരുമാറ്റ പരിശീലന തന്ത്രങ്ങളും വേണ്ടി വന്നേക്കാം. അറിവ് എന്ന മന്ത്രം, രസതന്ത്രസന്തുലനം എന്ന മരുന്ന്, ഒഴിഞ്ഞു മാറാതെ നേരിടുക എന്ന തന്ത്രം എന്നീ മൂന്നു ഘടകങ്ങളും സംയോജിപ്പിച്ച് ഈ തകരാറിനെ കീഴടക്കാം. ചികിത്സിച്ചാൽ പൂർണമായും മാറാൻ എല്ലാ സാധ്യതയും ഉള്ളതിനാൽ ഇനി കൂടുതൽ കഷ്ടപ്പെടാതെ എത്രയും വേഗം ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുക.