മറ്റെന്തിനെക്കാളും നമ്മള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടത് മാനസികാരോഗ്യത്തിനാകണമെന്ന് പോപ് ഗായിക ലേഡി ഗാഗ. ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ടെഡ്റോസ് അധാനോം ഗെബ്രിയൂസുമായി ചേര്‍ന്ന് ദി ഗാര്‍ഡിയന് വേണ്ടി എഴുതിയ എഡിറ്റോറിയലിലാണ് ലേഡി ഗാഗ തന്റെ അഭിപ്രായം പറയുന്നത്. 19 വയസ്സില്‍ മാനഭംഗത്തിന് ഇരയായ ശേഷം തനിക്കുണ്ടായ മാനസികവിക്ഷോപങ്ങളെ കുറിച്ചും ലേഡി ഗാഗ പറയുന്നുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ ഉള്‍പ്പടെയുള്ള മാനസികപ്രശ്നങ്ങള്‍ ദീര്‍ഘകാലം അനുഭവിച്ചിട്ടുണ്ട്. വികസികരാജ്യത്തിലായാലും ദരിദ്രരാജ്യത്തിലായാലും മാനസികാരോഗ്യത്തിനു നല്‍കുന്ന പ്രാധാന്യം വളരെ പരിതാപകരമാണ്.
ലോകത്താകമാനം 15നും 29നും ഇടയിലുള്ള പ്രായക്കാരുടെ മരണകാരണത്തില്‍ രണ്ടാം സ്ഥാനം ആത്മഹത്യയാണ്. പ്രതിവര്‍ഷം 800,000 പേരാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്.അടുത്തിടെ നടത്തിയൊരു പഠനത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ സ്ത്രീകളാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്നു കണ്ടെത്തിയിരുന്നു.
കുടുംബത്തിലെ ഒരംഗത്തിനുണ്ടാകുന്ന മാനസികപ്രശ്നങ്ങളെ കഴിവതും മറച്ചുവയ്ക്കാനാണ് ഇപ്പോഴും ആളുകള്‍ ശ്രമിക്കുന്നത്. വിഷാദത്തിനു വേണ്ട വിധം ചികിത്സതേടാന്‍ മടിക്കുന്നവരാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലെന്നും ലേഡി ഗാഗ പറയുന്നു. മാനസികപ്രശ്നങ്ങള്‍ തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കാനും ചികിത്സ തേടാനും വൈകുന്നത് ഒരുപക്ഷേ കവര്‍ന്നെടുക്കുന്നത് ഒരു ജീവനാകാം എന്നും ഗാഗ ഓര്‍മിപ്പിക്കുന്നു.