സാമ്പത്തിക അരക്ഷിതത്വമാണ് 60നുമുകളിൽ പ്രായമുള്ളവരിൽ പലപ്പോഴും മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നത്. സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വന്തം മക്കളേയും മറ്റും ആശ്രയിക്കേണ്ടി വരുന്നത് അവരിൽ പലർക്കും അസ്വീകാര്യവുമാണ്. ഒറ്റപ്പെട്ടു കഴിയാനോ ഓൾഡ് ഏജ് ഹോമുകളിൽ കഴിയാനോ ഇവരിൽ പലരും നിർബന്ധിതരാകുകയും ചെയ്യും. മുതിർന്നവർക്കിടയിൽ നടത്തിയ ഒരു സർവേ കണ്ടെത്തിയ മറ്റൊരു പ്രധാന വസ്തുത ആരോഗ്യ പ്രശ്‌നമാണ് അറുപതു കഴിഞ്ഞവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നതാണ്. അഞ്ചിൽ നാലു പേരും ചൂണ്ടിക്കാട്ടിയത് ആരോഗ്യ-ചികിൽസാച്ചെലവുകൾ മൂലമുള്ളതാണ് തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളിൽ ഏറെയുമെന്നാണ്.
പ്രായം വർധിക്കുന്നതിനുസരിച്ച് രോഗബാധയ്ക്കുള്ള സാധ്യതകളും അതു ചെറുക്കാനുള്ള ചെലവുകളും വർധിച്ചു വരും. മെഡിക്കൽ ചെലവുകളും സാമ്പത്തിക അത്യാവശ്യങ്ങളും നേരിടാൻ പത്തു ലക്ഷം രൂപ വരെയുള്ള സീനിയർ സിറ്റിസൺ ആരോഗ്യ ഇൻഷൂറൻസ് പോളിസി വാങ്ങുക എന്നതാണ് ഇവിടെ മുതിർന്ന പൗരൻമാർക്ക് സ്വയം പരിരക്ഷ നേടാനുള്ള ഏറ്റവും എളുപ്പ മാർഗം. വൈദ്യ പരിശോധന ഇല്ലാതെ ഇൻഷൂറൻസ് ലഭ്യമാക്കുക, നിലവിലുള്ള രോഗങ്ങൾക്ക് രണ്ടാം വർഷം മുതൽ പരിരക്ഷ ലഭ്യമാക്കുക, നിർദിഷ്ട ആശുപത്രികളിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിലും പരിരക്ഷ ലഭ്യമാക്കുക തുടങ്ങിയ ആനൂകൂല്യങ്ങൾ ഈ പോളിസികളിലെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായകമാകും. പല കമ്പനികളും മുതിർന്ന പൗരൻമാർക്കായുള്ള ഇൻഷൂറൻസുകൾ അവതരിപ്പിക്കുന്നതിനാൽ ഏറ്റവും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നവ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി പരിഗണിക്കേണ്ട ചില ഘടകങ്ങളുണ്ട്.
പരിരക്ഷാ പരിധിയാണ് ആദ്യം പരിഗണിക്കേണ്ടത്
തങ്ങൾക്ക് ആവശ്യമായ പരിരക്ഷ നൽകുന്നതും ഉയർന്ന മൂല്യമുള്ളതുമായ പദ്ധതി തിരഞ്ഞെടുക്കണം. ഏതെല്ലാം മേഖലകളിൽ പരിരക്ഷയുണ്ടെന്നതും പ്രാധാന്യമുള്ളതാണ്. മാരക രോഗങ്ങൾ ഉൾപ്പെടെ ഏതിനെല്ലാം പരിരക്ഷ നൽകുന്നു എന്നു പരിശോധിക്കണം. ഏറ്റവും കുറഞ്ഞ ഒഴിവാക്കലുകളോടെ പരമാവധി പരിരക്ഷ നൽകുന്നതായിരിക്കണം പരിഗണിക്കേണ്ടത്.
കാത്തിരിപ്പു കാലാവധിയാണ് അടുത്ത പ്രധാന ഘടകം
ചില പ്രത്യേക രോഗങ്ങൾക്കും നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ നൽകാനായി പല പോളിസികൾക്കും നിശ്ചിത കാലയളവു കഴിയണം. ഇതിനായി ഏറ്റവും കുറച്ചു കാത്തിരിപ്പുകാലമുള്ള പോളിസി തിരഞ്ഞെടുക്കുന്നതായിരിക്കും മികച്ചത്.
ആശുപത്രികളുടെ ശൃംഖലയാണ് മറ്റൊരു ഘടകം
ഏറ്റവും വിപുലമായ ശൃംഖലകളും വിവിധങ്ങളായ ചികിൽസാ രീതികളും കൺസൽറ്റേഷനുകളും ഉള്ള സ്‌പെഷലൈസ്ഡ് ആശുപത്രികൾ ഉൾപ്പെട്ടവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
വിവിധ കമ്പനികളുടെ പ്രീമിയവും താരതമ്യം ചെയ്യണം
തങ്ങളുടെ ബജറ്റിന് ഇണങ്ങുന്നതും അതേ സമയം പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതുമായ പോളിസികൾ വേണം തെരഞ്ഞെടുക്കാൻ. പോളിസി എടുക്കും മുൻപ് എന്തെല്ലാം പരിശോധനകൾ വേണം? ആശുപത്രി വിട്ടുകഴിഞ്ഞാൽ എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും? ജീവിതകാലം മുഴുവൻ പോളിസി പുതുക്കാനാവുമോ? ഈ ചോദ്യങ്ങളും ഏറെ പ്രസക്തമാണ്.