‘നാൽപതാണു യുവാക്കളുടെ വാർധക്യം, അൻപതാണ് വയോധികരുടെ യുവത്വം.’– ഉദ്ധരണി വിക്ടർ യൂഗോവിന്റെതാണെങ്കിലും അപ്പറഞ്ഞതു വയോധികരെ ഉദ്ദേശിച്ചാണ്. വയോധികരെ മാത്രം ഉദ്ദേശിച്ചാണ്. വയോധികരെത്തന്നെ ഉദ്ദേശിച്ചാണ്! എങ്കിലും പരിഭ്രമിക്കേണ്ടതില്ല. പ്രായമേറുന്തോറും വയോധികർക്കൊപ്പം വളരുന്ന പലതരം ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ ഹോം നഴ്സിന്റെ വേഷം ധരിച്ചെത്തിയിരിക്കുകയാണു സാങ്കേതിക വിദ്യ. ഓരോ വീടും ‘എൽഡേഴ്സ് ഫ്രണ്ട്ലി’ ആക്കാൻ ഇഷ്ടംപോലെ ഉപകരണങ്ങൾ വിപണയിൽ ലഭ്യം.
ടോക്കിങ് ക്ലോക്ക്
ഒരു ബട്ടൺ അമർത്തിയാൽ സമയം പറഞ്ഞു തരുന്ന യന്ത്രം. ശരിക്കു കണ്ണുകാണാത്തവർക്ക് ഉപകരിക്കും. ഊഷ്മാവെത്രയെന്നും ഈ ക്ലോക്ക് പറഞ്ഞുതരും.
എൽഇഡി മാഗ്നിഫയർ
കാഴ്ചയ്ക്കു തകരാറുള്ളവരെ വായിക്കാനും മറ്റും സഹായിക്കുന്ന ലെൻസ് (മാഗ്നിഫയർ) ലെൻസിന്റെ പുറംചട്ടയിൽ ഘടിപ്പിച്ച എൽഇഡി ലൈറ്റുകൾ പ്രകാശിക്കുമ്പോൾ രാത്രിയിലും വായിക്കാൻ സാധിക്കും.
മൾട്ടി റീച്ചർ
കയ്യെത്തും ദൂരെയല്ലാത്ത വസ്തുക്കൾ എടുക്കാൻ സഹായിക്കുന്ന നീളമേറിയ ഉപകരണം. കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന സ്ഥലത്തു നിന്നെഴുന്നേൽക്കാതെ വസ്തുക്കൾ ഉയർത്താനും തൂക്കിയെടുക്കാനും സഹായിക്കും. കിടപ്പു രോഗികൾക്കും ഗർഭിണികൾക്കും മറ്റും പ്രയോജനപ്രദം.
ലെൻസ് നെയിൽ കട്ടർ
കാഴ്ചയ്ക്കു തകരാറുള്ളവരെ വിരൽ മുറിയാത നഖം വെട്ടാൻ സഹായിക്കുന്ന യന്ത്രം. നെയിൽ കട്ടറിനു മുകളിൽ ഘടിപ്പിച്ച ലെൻസ് (മാഗ്നിഫയർ) ആണ് ഇതിന്റെ പ്രധാന ഘടകം. ഈ ലെൻസിലൂടെ നോക്കി നഖം മുറിക്കാം.
അഡ്ജസ്റ്റബിൾ ബാക്റെസ്റ്റ്
ഏതു കിടക്കയെയും ആശുപത്രികളിലെ ‘അഡ്ജസ്റ്റബിൾ ബെഡു’കളെപ്പോലെയാക്കി മാറ്റാവുന്ന സംവിധാനം. ഇഷ്ടാനുസരണം മടക്കി കിടക്കകളുടെ ഉയരം ക്രമീകരിക്കാം. കിടപ്പുരോഗികളെ കട്ടിലിൽ ചാരിയിരുത്താൻ സഹായിക്കും. കഴുകാവുന്ന ഇനം.
ഷാംപൂ ബേസിൻ
കിടപ്പുരോഗികളെയും മറ്റും കുളിപ്പിക്കാൻ സഹായിക്കുന്നു. വിനൈലിൽ നിർമിച്ച വായു നിറയ്ക്കാവുന്ന ഈ സംവിധാനം കാഴ്ചയിൽ ലൈഫ്ബോയ് പോലിരിക്കും. വെള്ളം ഒഴുക്കികളയാൻ ട്യൂബ് ഘടിപ്പിച്ചിരിക്കുന്നതിനാൽ ഉപയോഗം ഈസി.
ഓട്ടോ ഐ ഡ്രോപ്പ്
പരസഹായമില്ലാതെ കണ്ണിൽ മരുന്നൊഴിക്കാനുള്ള സംവിധാനം. അടപ്പുപോലെയുള്ള ഈ ചെറിയ പ്ലാസ്റ്റിക് കപ്പ് കണ്ണിനു മുകളിൽ വച്ചശേഷം ഇതിനു മുകളിലെ ദ്വാരത്തിലേക്കു വെറുതെ മരുന്ന് ഇറ്റിച്ചാൽ മതി. ഒഴുകി കണ്ണുകളിലത്തും.
പിൽ ഓർഗനൈസർ
ഒരാഴ്ചത്തേക്കുള്ള മുഴുവൻ മരുന്നുകളും നേരം തിരിച്ചു കൃത്യമായി അടുക്കി വയ്ക്കുന്നതിനുള്ള സംവിധാനം. ഓരോ കള്ളിയിലെയും നിറം നോക്കി ഏതൊക്കെ മരുന്നു കഴിക്കണമെന്നു മുതിർന്നവർക്കു മനസ്സിലാക്കാം.
ബിപി മോണിറ്റർ
ഒറ്റ സ്പർശത്തിൽ ബിപി പരിശോധിക്കാം. വലിയ ഡിസ്പ്ലേ സഹിതം ബിപി എത്രയുണ്ടെന്നു പരിശോധിക്കാൻ പരസഹായം തേടേണ്ടതില്ല.
ഷൂ ഹോൺ
ഷൂ ഇടാൻ കുനിഞ്ഞിരുന്നു കഷ്ടപ്പെടേണ്ട. കാൽ ഷൂവിലേക്കു കടത്തിയശേഷം ഊന്നുവടി പോലെയുള്ള ഷൂ ഹോൺ ഉപയോഗിച്ചു പിൻഭാഗം ശരിയാക്കാം. കണങ്കാൽ വേദനയുള്ളവർക്കും ആർത്രൈറ്റ്സ് ബാധിച്ചവർക്കും ഉപയോഗപ്രദം.
റിഫ്ലക്ടീവ് ടേപ്പ്
രാത്രിയിൽ കാഴ്ചയ്ക്കു തകരാറുള്ളവരെ സഹായിക്കാനുള്ള വഴി. രാത്രിയിൽ തിളങ്ങുന്ന സ്റ്റിക്കറുകൾ മേശയുടെ അരികുകകളിലും വാതിൽപ്പടിയിലുമൊക്കെ പതിച്ചാൽ മുതിർന്നവർ തട്ടിവീഴാതിരിക്കും. സ്വിച്ചുകളിലും വാതിലിന്റെ കൈപ്പടിയിലും പതിച്ചാൽ അനായാസം ഇവ കാണാനും ഉപയോഗിക്കാനും പറ്റും.
പിൽ കട്ടർ
ഗുളിക കൃത്യം അളവിൽ മുറിക്കുവാനുള്ള സൂത്രം. ഡോസ് എത്രയാണെന്നു മനസ്സിലാക്കിയതിനു ശേഷം ഗുളിക പിൽകട്ടറിലേക്കു വച്ച് അമർത്തിയാൽ കൃത്യമായി മുറിഞ്ഞു കിട്ടും. ചിതറിപ്പൊടിഞ്ഞു പോകില്ല.
ടോയ്ലറ്റ് സേഫ്റ്റി റെയിൽ
മുതിർന്നവർക്കു ടോയ്ലറ്റിൽ പരസഹായമില്ലാതെ ഇരിക്കാനുള്ള സംവിധാനം. വീഴാതെ എഴുന്നേൽക്കാനും ഇരിക്കാനും ഈ കൈപ്പടികൾ സഹായിക്കും. ഉയരവും അകലവും ഇഷ്ടംപോലെ ക്രമീകരിക്കാം. ടോയ്ലറ്റിന്റെ ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളും ലഭ്യം.
ആന്റി സ്ലിപ് ടോപ്സ്
ടോയ്ലറ്റിന്റെ തറയിൽ ഒട്ടിക്കാവുന്ന സ്റ്റിക്കറുകൾ. വെള്ളം നനഞ്ഞാലും തെന്നി വീഴാത്ത തരം ഗ്രിപ്പ്. ഇഷ്ടമുള്ള നിറങ്ങളിലും മോഡലുകളിലും ലഭ്യം. ഇരുട്ടിൽ തിളങ്ങുന്ന തരവുമുണ്ട്.
ട്രേ സ്റ്റാൻഡ്
പ്രായമുള്ളവരെ പ്ലേറ്റ് കയ്യിൽ താങ്ങിപ്പിടിക്കാതെ സ്വയം ഭക്ഷണം കഴിക്കാൻ സഹായിക്കുന്നു. ഇതേ സ്റ്റാൻഡിൽ വച്ച് എഴുതാനും വായിക്കാനും സാധിക്കും. സൗകര്യാനുസരണം മടക്കാനും നിവർത്താനും സാധിക്കും.