ഏറെ പ്രിയപ്പെട്ട ഒന്നിനെ നാം കണ്ണേ കരളേ എന്നെല്ലാമാണല്ലോ വിളിക്കുക. അത്രയും കരുതലോടെ കൈകാര്യം ചെയ്യേണ്ട കണ്ണിന് പലപ്പോഴും അസ്വസ്ഥതകളോ പരുക്കുകളോ ഉണ്ടാകാം. ചില പരുക്കുകൾ ചികിത്സിച്ചു മാറ്റാൻ അൽപം പ്രയാസം നേരിട്ടേക്കാം. എന്നാൽ ഇനി ആശ്വസിക്കാം. കാരണമെന്തെന്നല്ലേ. കണ്ണിന്റെ പരുക്കുകളെ ഭേദമാക്കാൻ സഹായിക്കുന്ന ഒരു കോൺടാക്ട് ലെൻസ് ഓസ്ട്രേലിയൻ ഗവേഷകർ വികസിപ്പിച്ചു. മുൻപ് ചികിത്സിക്കാൻ പ്രയാസമായിരുന്ന, നേത്രപടലത്തിലെ മുറിവുകളെ പെട്ടെന്ന് സുഖപ്പെടുത്താൻ ബാൻഡേജ് പോലെ പ്രവർത്തിക്കുന്ന ഈ കോൺടാക്ട് ലെൻസിനു കഴിയും.
മുറിവുണക്കാൻ പ്രത്യേക കഴിവുകളുള്ള കോശങ്ങൾ അടങ്ങിയതാണ് ഈ ബാൻഡേജെന്ന് ക്യൂന്‍സ്‍ലൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഗവേഷകർ പറയുന്നു. Limbal Mesenchymal Stromal Cells (L-MSC) എന്നറിയപ്പെടുന്ന ഈ കോശങ്ങൾ ഒരു ദാതാവിന്റെ നേത്രകലകളിൽ നിന്നും വേർതിരിച്ചെടുക്കും. ഇത് സ്ക്ലീറൽ ലെൻസ് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കോൺടാക്ട് ലെൻസിന്റെ ഉൾഭാഗത്ത് അറ്റാച്ച് ചെയ്യും. നേത്രപടലം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഉപേക്ഷിക്കപ്പെടുന്ന കലകളില്‍ നിന്ന് വളരെ എളുപ്പത്തിൽ ദാതാവിന്റെ കോശങ്ങൾ ലഭ്യമാകും. ഈ കോശങ്ങൾ മുറിവുണക്കുന്ന നിരവധി ഘടകങ്ങളെ പുറത്തു വിടും. ഇത് നേത്രോപരിതലത്തിലെ കേടുപാടുകളെ പരിഹരിക്കും. കോർണിയൽ അൾസർ, ദീർഘകാലമായി കണ്ണിന്റെ പ്രതലത്തിലുള്ള പോരായ്മകൾ തുടങ്ങിയ ഗുരുതരാവസ്ഥകൾ മൂലം വിഷമിക്കുന്ന രോഗികൾക്ക് ഈ ചികിത്സാരീതി ആശ്വാസമാകും. വീട്ടിലോ തൊഴിലിടങ്ങളിലോ വച്ച് രാസവസ്തുക്കൾ, പൊള്ളുന്ന ദ്രാവകം, അമിതമായ ചൂട് ഇവയൊക്കെ മൂലം ഉണ്ടാകുന്ന പരിക്കുകൾ ഭേദമാക്കാൻ ഈ ചികിത്സാരീതിക്കു കഴിയും.
മനുഷ്യ പ്ലാസന്റയിൽ നിന്നു സ്വീകരിക്കുന്ന അമ്നിയോട്ടിക് സ്തരം ഉപയോഗിച്ചാണ്. നിലവിൽ ചികിത്സയ്ക്കായി ബാൻഡേജുകൾ ഉണ്ടാക്കുന്നത്. എന്നാൽ അമ്നിയോട്ടിക് സ്തരത്തിന് മുറിവുണക്കാനുള്ള ഗുണങ്ങളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും കുറച്ചു മാത്രമേ ഉള്ളൂ. ക്ലിനിക്കൽ ട്രയലുകൾക്കു ശേഷം അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ രോഗികൾക്ക് ഈ പുതിയ ചികിത്സാരീതി ലഭ്യമാകുമെന്ന് ഗവേഷകനായ ഡാമിയൻ ഹാർകിൻ പറയുന്നു.