എനിക്ക് 62 വയസ്സുണ്ട്. ഏകദേശം ഒരു വർഷമായി എന്റെ ഇടത്തെ കണ്ണിന്റെ താഴെ തുടിക്കുന്നതുപോലെ തോന്നും. ഇടയ്ക്കൊക്കെയേ ഉള്ളു. ന്യൂറോളജി വിഭാഗത്തിൽ കാണിച്ചു. രാവിലെയും വൈകിട്ടും ഒരു ഗുളിക വീതം തന്നു. അഞ്ചു മാസമായി കഴിക്കാൻ തുടങ്ങിയിട്ട്. കുറച്ചു കുറവുണ്ട്. പൂർണമായി മാറണമെങ്കിൽ ഇഞ്ചക്‌ഷൻ എടുക്കണമെന്നു പറഞ്ഞു. ആറു മാസത്തേക്കു കുറയും വീണ്ടും എടുക്കണമെന്നു പറഞ്ഞു. 9000 രൂപയാകും എന്നും പറഞ്ഞു. വളരെയധികം പ്രയാസം തോന്നുന്നു. ഗുളിക കഴിച്ചാൽ മതിയോ, ഡോക്ടറുടെ അഭിപ്രായം അറിയിക്കുമല്ലോ.
പ്രിയ സുഹൃത്തേ,
താങ്കളുടെ അസുഖം കണ്ണു തുടിക്കൽ എന്ന അസുഖമാണ്. ഈ അസുഖത്തിനു കാരണം ആ വശത്തെ ഫേഷ്യൽ നേർവിന് ഉണ്ടാകുന്ന വ്യത്യാസം മൂലമാണ്. ഈ അവസ്ഥയ്ക്കു മരുന്നു കഴിച്ചാൽ കുറവുണ്ടാകും. പക്ഷേ, ഫേഷ്യൽ നേർവിലുള്ള വ്യത്യാസം മരുന്നുമൂലം മാറിപ്പോവുകയില്ല. അതിനാലാണ് നേർവിലേക്ക് ഇൻജക്‌ഷൻ എടുക്കണം എന്നു പറയാൻ കാരണം എന്നാണു മനസ്സിലാകുന്നത്.
ആയതിനാൽ ഒന്നുകിൽ സ്ഥിരമായി ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ തുടരുക. അല്ലെങ്കിൽ ഡോക്ടർ നിർദേശിച്ച പോലെ ഇൻജക്‌ഷൻ എടുക്കുകയോ ഓപ്പറേഷൻ നടത്തുകയോ ആണ് ഇതിനുള്ള ശാശ്വത പരിഹാരം.