പകർച്ചവ്യാധിയല്ല സോറിയാസിസ്

കാലുകുത്തി നടക്കാൻ പറ്റാത്ത വിധത്തിലാണ് 85കാരനായ അയാൾ ഡോക്ടറെ കാണാനെത്തിയത്. ജനങ്ങൾക്കിടയിൽ പല മിഥ്യാധാരണകളും സൃഷ്ടിച്ചിട്ടുള്ള സോറിയാസിസ് എന്ന രോഗാവസ്ഥയായിരുന്നു അയാൾക്ക്. സോറിയാസിസിന് കുറിച്ചും അത് വരാനുള്ള കാരണങ്ങളെക്കുറിച്ചുമുള്ള അവബോധ കുറവായിരുന്നു പ്രധാനകാരണം. സോറിയാസിസ് ഒരു പകർച്ചവ്യാധിയാണെന്ന മിഥ്യാധാരണയാണ് ഈ അസുഖത്തെ കുറിച്ചുള്ള പേടി വർദ്ധിപ്പിക്കുന്നത്. ഇതിന് ചികിത്സയില്ല എന്ന പലരും വിശ്വസിക്കുന്നു.

എന്താണ് സോറിയാസിസ്

ശരീരത്തിൽ പ്രധാനമായും ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ജനിതകമായ കാരണങ്ങൾ ഈ രോഗാവസ്ഥയ്ക്ക് പ്രധാനമായ പങ്കുവഹിക്കുന്നു.

ലക്ഷണങ്ങൾ

ശരീരത്തിൽ ഒന്നോ അതിലധികമോ ഇടങ്ങളിൽ കാണപ്പെടുന്ന ചുവന്നതടിച്ച പാടുകളും അതിൽനിന്ന് വെള്ളിനിറമുള്ള ശകലങ്ങൾ ഇളകി വരുന്നതുമാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണം. ഇവ കൂടുതലായും കാണപ്പെടുന്നത് തലയിലും കൈ-കാൽ മുട്ടുകളിലും പുറത്തുമാണ്. ഒന്നോരണ്ടോ പാടായി തുടങ്ങി ശരീരത്തിലെ പലയിടങ്ങളിലേക്ക് ഇത് ബാധിക്കും. തലയിൽ താരൻ പോലെ ശകലങ്ങളായി പാടുകളായോ സോറിയാസിസ് തുടങ്ങാം. ഈ ലക്ഷണങ്ങൾ താരൻ ഷാമ്പൂ കൊണ്ട് മാത്രം മാറാതെ നിൽക്കുമ്പോൾ സോറിയാസിസ് ആണോ എന്ന് സംശയിക്കണം.

. തൊലിപ്പുറമെയുള്ള പാടുകളോടൊപ്പം അല്ലെങ്കിൽ ഈ ലക്ഷണം വെളിപ്പെടുന്നതിനും മുൻപ് അതിനുശേഷമോ സോറിയാസിസ് സന്ധികളെ ബാധിക്കാം. സന്ധിവേദനയും നീരും ഉണ്ടാകാം.

. മെറ്റബോളിക് സിൻഡ്രോം എന്ന ഗുരുതരമായ ജീവിതശൈലി രോഗവും സോറിയാസിസ് ഉള്ളവരിൽ കൂടുതലായി കാണപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം കൊളസ്ട്രോൾ എന്നിവയാണ് ഈ അവസ്ഥയിൽ കാണുന്നത്.

കാരണങ്ങൾ

1. ജനിതകമായ കാരണങ്ങൾ സോറിയാസിസിന് സാധ്യത കൂട്ടുന്നു. ഇതാണ് ഏറ്റവും പ്രധാനകാരണം.
2. മാനസികമായ പിരിമുറുക്കം. പരീക്ഷാസമയങ്ങളിൽ കുട്ടികളിലുണ്ടാവുന്ന മാനസികമായ പിരിമുറുക്കം സോറിയാസിസിന് കാരണമാകുന്നുണ്ട്. അതുപോലെതന്നെ ഉറക്കക്കുറവും ഈ രോഗത്തെ ക്ഷണിച്ചുവരുത്തുന്നു.
3. പുകവലിയും അമിതമായ മദ്യപാനവും.
4. ചില മരുന്നുകളുടെ പാർശ്വഫലം.
5. തണുപ്പുള്ള കാലാവസ്ഥ.

ചികിത്സാരീതികൾ

. ത്വക്കിന് 20% താഴെ ബാധിച്ചിട്ടുള്ള രോഗത്തിന് ലേപനങ്ങൾ കൊണ്ടുള്ള ചികിത്സയാണ് സാധാരണ നൽകുന്നത്.
. അതിൽകൂടുതൽ ബാധിച്ചിട്ടുള്ള രോഗത്തിനും സന്ധികളെ ബാധിച്ചിട്ടുള്ളവരും ഗുളികകളോ ഇഞ്ചക്ഷനുകളും ഉപയോഗിക്കാറുണ്ട്.
. ഇവയ്ക്കുപുറമേ ഫോട്ടോതെറാപ്പി എന്ന ചികിത്സ മാർഗ്ഗവും പ്രയോജനപ്രദമാണ്.

ഏതൊരു ചികിത്സകൊണ്ടും അസുഖത്തെ നിയന്ത്രിക്കുക എന്നതാണ് ലക്ഷ്യം. ജനിതകമായ രോഗാവസ്ഥ ആയതിനാൽ പൂർണമായും ചികിത്സിച്ചു മാറ്റുക എന്നത് പലപ്പോഴും അപ്രായോഗികമാണ്. എന്നാൽ ചികിത്സകൊണ്ട് അസുഖം കുറയുകയും അതിനുശേഷം മരുന്ന് കുറയ്ക്കുകയും പിന്നീട് ലേഖനങ്ങളിലൂടെ നിയന്ത്രിക്കുകയും ചെയ്യാം.

സോറിയാസിസ് ഒരു പകർച്ചവ്യാധിയല്ല. വളരെയധികം ഫലപ്രദമായ ചികിത്സാമാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള രോഗമാണ് ഇത്. വിദഗ്ധനായ ഒരു ഡോക്ടറെ കാണുകയും അനുയോജ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യണം.

ഡോക്ടർ എബിൻ എബ്രഹാം ഇട്ടി,
ഡിപ്പാർട്ട്മെൻറ് ഓഫ് ഡർമറ്റോളജി,
ലേക്ഷോർ ഹോസ്പിറ്റൽ