ആസ്ത്മയും കുട്ടികളും

മുതിര്‍ന്നവരെ ബാധിക്കുന്ന രോഗമെന്നാണ് ആസ്തമയെക്കുറിച്ചു പൊതുവെ ഉണ്ടായിരുന്ന കാഴ്ചപ്പാട്. കുട്ടികളിലെ ആസ്തമയെക്കുറിച്ചു മാതാപിതാക്കളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണിവിടെ.

∙ കുട്ടികളില്‍ ആസ്ത്മ ചര്‍മരോഗമായി പ്രകടമാകുമോ? കാരണമെന്ത്?

അലര്‍ജി എന്ന അവസ്ഥ നാലു രൂപത്തില്‍ നാല് അവയവങ്ങളില്‍ പ്രകടമാകുന്നു. അലര്‍ജി ശ്വാസകോശത്തെ ബാധിക്കുമ്പോള്‍ ആസ്ത്മ എന്നും മൂക്കിനെ ബാധിക്കുമ്പോള്‍ അലര്‍ജിക് റൈനൈറ്റിസ് എന്നും ചര്‍മത്തെ ബാധിക്കുമ്പോള്‍ എറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്നുമാണ് അറിയപ്പെടുന്നത്. അലര്‍ജി കണ്ണിനെ ബാധിക്കുമ്പോള്‍ അലര്‍ജിക് കണ്‍ജങ്റ്റിവൈറ്റിസ് എന്നറിയപ്പെടുന്നു. ആസ്ത്മയുടെ ലക്ഷണമായി ചര്‍മരോഗങ്ങള്‍ പ്രകടമാകണമെന്നില്ല. എങ്കിലും എറ്റോപിക്ഡെര്‍മറ്റൈറ്റിസ് എന്ന ചര്‍മരോഗമുള്ള കുട്ടികളില്‍ ആസ്ത്മ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്റൈനൈറ്റിസ്, അലര്‍ജിക്, കണ്‍ജങ്റ്റിവൈറ്റിസ് എന്നിവയുള്ള കുട്ടികളും ആസ്ത്മ ബാധിക്കാനുള്ള സാധ്യതയുണ്ട്.

∙ കുട്ടികളിലെ ആസ്ത്മ പിന്നീട് മാറുമോ?

ആറുമാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍ മുതല്‍ ആസ്ത്മയുടെ മൂര്‍ധന്യാവസ്ഥ കുറയുകയും കുട്ടികള്‍ രോഗവിമുക്തി നേടുകയും ചെയ്യാറുണ്ട്. മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍ എന്നിങ്ങനെ മൂന്ന് രൂപങ്ങളിലാണ് ആസ്ത്മ പ്രകടമാകുന്നത്. എന്നാല്‍ സിവിയര്‍ അഥവാ ആസ്ത്മ വളരെ മൂര്‍ഛിച്ച ഘട്ടത്തിലുള്ള കുട്ടികളില്‍ ചെറുപ്രായം കഴിഞ്ഞാലും ആസ്ത്മ നിലനില്‍ക്കുന്നതായി കാണുന്നുണ്ട്. ഏറിയപങ്കും അതായത് 90 ശതമാനത്തോളം കുട്ടികളും മൈല്‍ഡ് ആസ്ത്മയുള്ളവരാണ്.

∙ കുട്ടികളിലെ ആസ്ത്മയുടെ ലക്ഷണങ്ങള്‍ ഏതെല്ലാം?

ചുമ, ശ്വാസംമുട്ടല്‍, വലിവ് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. രാത്രി കാലങ്ങളില്‍ പ്രത്യേകിച്ചും നേരം പുലരാറാകുമ്പോഴുള്ള ചുമയും ശ്രദ്ധേയമായ ലക്ഷണമാണ്. ആദ്യമൊക്കെ ജലദോഷം തുടങ്ങിയ ചെറിയ അസുഖങ്ങള്‍ക്കൊപ്പം കുറുകുറുപ്പായി വലിവ് തുടങ്ങുന്നു. അര്‍ധരാത്രിയില്‍ തുടരെയുള്ള ചുമയും ആസ്ത്മയുടെ ലക്ഷണമാണ്. രോഗത്തിന്റെ കാഠിന്യം വര്‍ധിക്കുമ്പോള്‍ ശ്വാസംമുട്ടല്‍, അതുമൂലം സംസാരിക്കാന്‍ കഴിയാതാകുക, നെഞ്ചുവലിഞ്ഞുമുറുകുന്ന തോന്നലുണ്ടാകുക, അമിതമായി വിയര്‍ക്കുക, ശ്വാസംമുട്ടല്‍ മൂലം കിടക്കാനാകാതെ കൈകള്‍ വശത്തുകുത്തി എഴുന്നേറ്റിരിക്കുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടും.

∙ കുട്ടികളിലെ ആസ്ത്മ കാരണങ്ങള്‍?

മുതിര്‍ന്നവരിലെ കാരണങ്ങള്‍ തന്നെയാണു കുട്ടികളിലും. പാരമ്പര്യം, ജലദോഷം തുടങ്ങിയവയും കുട്ടികളില്‍ ആസ്ത്മ കൂടുതല്‍ പ്രകടമാകുന്നതിനു കാരണമാകുന്നു.

∙ ആസ്ത്മ ചികിത്സ എങ്ങനെ?

ആസ്ത്മയുള്ള കുട്ടികള്‍ക്ക് രണ്ടുതരം ചികിത്സ നല്‍കുന്നു. പെട്ടെന്ന് ആശ്വാസം നല്‍കുന്ന മരുന്നുകളും പ്രതിരോധമരുന്നുകളുമാണവ. ശ്വാസതടസം അനുഭവപ്പെട്ടാല്‍ അതു പെട്ടെന്നു കുറയ്ക്കുന്നതിനു കഴിവുള്ള മരുന്നുകളാണ് ആദ്യ വിഭാഗത്തില്‍. അവ ശ്വാസനാളികളിലെ പേശികള്‍ ചുരുങ്ങുന്നതു തടയുന്നു. പ്രതിരോധമരുന്നുകള്‍ ശ്വാസനാളിയിലെ വീക്കവും നീരും കുറയ്ക്കുകയും ശ്വാസനാളികളെ സംരക്ഷിച്ച് തുടക്കത്തില്‍ തന്നെ ആസ്ത്മ വരാതെ തടയുന്നു.

∙ കുട്ടികള്‍ സ്പേസര്‍ ധാരാളം ഉപയോഗിക്കുന്നുണ്ടോ?

മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലറില്‍ ഒരു തവണ അമര്‍ത്തുകയും അതേ സമയം തന്നെ വായിലൂടെ മരുന്നു വലിച്ചെടുക്കുകയും ചെയ്താലേ കൃത്യമായി ഒരു ഡോസ് മരുന്ന് ഉള്ളിലെത്തൂ. എന്നാല്‍ കുട്ടികള്‍ക്ക് ഇങ്ങനെ മരുന്ന് ഉള്ളിലേയ്ക്കെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലറില്‍ നിന്ന് എളുപ്പത്തില്‍ മരുന്ന് വലിച്ചെടുക്കുന്നതിന് കുട്ടികളെ സഹായിക്കുന്ന കുപ്പിക്കു സമാനമായ ഉപകരണമാണ് സ്പേസര്‍. ഇന്‍ഹേലറില്‍ സ്പേസര്‍ ഘടിപ്പിക്കുന്നു. ഇന്‍ഹേലറില്‍ അമര്‍ത്തുമ്പോള്‍ മരുന്ന് സ്പേസറിലെത്തും. പിന്നീട് കുട്ടിയ്ക്കു സൗകര്യപ്രദമായി സ്പേസറില്‍ നിന്നു മരുന്നുവലിച്ചെടുത്താല്‍ മതിയാകും.

∙ സ്പേസര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

ഇന്‍ഹേലര്‍ ശരിയായ രീതിയില്‍ സ്പേസറില്‍ ഘടിപ്പിച്ച് സ്പേസറിന്റെ മറ്റേ അറ്റം കുട്ടിയുടെ വായില്‍ വയ്ക്കണം. സ്പേസറില്‍ ഒരു കൈപിടിച്ച് മറ്റേകൈകൊണ്ട് ഇന്‍ഹേലര്‍ അമര്‍ത്താന്‍ കുട്ടിയെ പരിശീലിപ്പിക്കണം. ഉപയോഗം കഴിഞ്ഞാല്‍ സ്പേസര്‍ അടച്ചു സൂക്ഷിക്കണം. സ്പേസര്‍ കുട്ടിക്കു കളിപ്പാട്ടമായി നല്‍കരുത്. മാസത്തിലൊരിക്കല്‍ ചെറുചൂടുവെള്ളത്തില്‍ ഇതു കഴികണം. സ്പേസറിന്റെ ഉള്‍വശം തുണി കൊണ്ട് തുടയ്ക്കാന്‍ പാടില്ല. വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കണം.

നാലു മുതല്‍ പത്തു വയസുവരെ ഇന്‍ഹേലറും സ്പേസറും മതിയാകും. വളരെ ചെറിയ കുട്ടികളില്‍ (3 വയസിനു താഴെ) സ്പേസറിനൊപ്പം ബേബിമാസ്ക് കൂടി ഘടിപ്പിച്ചാലേ മരുന്ന് എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ കഴിയൂ.

∙ ആസ്ത്മ രോഗികളായ കുട്ടികള്‍ സ്കൂളില്‍ മുന്‍കരുതലുകള്‍ എടുക്കണോ?

ആസ്ത്മ ബാധിതരായ കുട്ടികളെ സാധാരണ സ്കൂള്‍ ജീവിതത്തിനു പ്രാപ്തരാക്കുകയാണ് ചികിത്സയുടെ ലക്ഷ്യം. ആസ്ത്മ നന്നായി നിയന്ത്രണവിധേയമാക്കിയ കുട്ടികളില്‍ ഭക്ഷണത്തിലോ ദൈനംദിന ജീവിതത്തിലോ നിബന്ധനകളുടെ ആവശ്യമില്ല. കളിക്കുന്നതിനിടയില്‍ ആസ്തമ വര്‍ധിക്കാനിടയുള്ള (എക്സര്‍സൈസ് ഇന്‍ഡ്യൂസ്ഡ് ആസ്തമ) കുട്ടികള്‍ കളിക്കുന്നതിനു മുന്‍പായി നിര്‍ദേശിക്കപ്പെട്ട മരുന്ന് ഉപയോഗിക്കണം. അധികം പൊടിയുള്ള സ്ഥലങ്ങില്‍ കളിക്കാതിരിക്കുക.

∙ ആസ്ത്മയുമായി ബന്ധപ്പെട്ട് ഏതെല്ലാം ലക്ഷണങ്ങള്‍ കണ്ടാലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടത്?

ശ്വാസംമുട്ടല്‍, അതുമൂലം സംസാരിക്കാന്‍ കഴിയാതാകുക, നെഞ്ചുവലിഞ്ഞു മുറുകുന്ന തോന്നലുണ്ടാകുക, അമിതമായി വിയര്‍ക്കുക, ശ്വാസംമുട്ടല്‍ മൂലം കിടക്കാനാകാതെ കൈകള്‍ വശത്തുകുത്തി എഴുന്നേറ്റിരിക്കുക എന്നിങ്ങനെയുള്ള ഗുരുതര ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കണം. ചെറിയതോതില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചാല്‍ രോഗം നിയന്ത്രണവിധേയമാക്കാം.

∙ആസ്ത്മ ബാധിച്ച കുട്ടിക്ക് വീട്ടില്‍ പെട്ടെന്ന് ചെയ്യാവുന്ന പ്രഥമ ശുശ്രൂഷ?

ആസ്ത്മ ചികിത്സാപദ്ധതി പ്രകാരം ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഇന്‍ഹേലര്‍ നല്‍കുകയാണാദ്യം വേണ്ടത്. സ്കൂളിലും കളിസ്ഥലത്തും യാത്രയിലും കുട്ടിയുടെ കൈയില്‍ ഇന്‍ഹേലര്‍ ഉണ്ട് എന്നുറപ്പു വരുത്തണം. രോഗബാധയുണ്ടാകുമ്പോള്‍ വീട്ടിലെ പരിചരണം പോര എന്നു തോന്നിയാല്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.

ഡോ സുരേഷ് എസ് വടക്കേടം സീനിയര്‍ ലക്ചറര്‍, പീഡിയാട്രിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് മെഡിക്കല്‍ കോളജ്, കോട്ടയം.