Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേബിഫുഡ്: അമ്മമാർ ജാഗ്രത!

baby-food Image Courtesy: Vanitha Magazine

കൊച്ചുകുട്ടികൾ ചോറും പച്ചക്കറികളും കഴിക്കാൻ മടി കാണിക്കുന്നു എന്നത് പല അമ്മമാരുടെയും പരാതിയാണ്. എത്ര നിർബന്ധിച്ചാലും മധുരപലഹാരങ്ങൾ മാത്രം മതിയെന്ന പിടിവാശിക്കാരാണ് കു‍ഞ്ഞുങ്ങൾ. എന്നാൽ വൈദ്യശാസ്ത്രം പറയുന്നത് കുട്ടികളെ ഇങ്ങനെ മധുരക്കൊതിയന്മാരായി മാറ്റിയെടുക്കുന്നത് അമ്മമാർ ശീലിപ്പിക്കുന്ന ഭക്ഷണരീതി തന്നെയാണെന്നാണ്.

കടയിൽ കിട്ടുന്ന ബേബിഫുഡ് വാങ്ങിക്കൊടുത്ത് കുഞ്ഞുങ്ങളുടെ വിശപ്പടക്കുന്നതിലാണ് അമ്മമാർക്ക് താൽപര്യം. അമിതമായ മധുര ചേരുവകളുള്ള ഇത്തരം ബേബി ഫുഡ് ശീലിക്കുന്നതുകൊണ്ടാണ് കുട്ടികൾക്ക് ചോറിനോടും പച്ചക്കറികളോടും താൽപര്യക്കുറവ് തോന്നുന്നതെന്നാണ് ലണ്ടനിൽ നടന്ന ഗവേഷണം വ്യക്തമാക്കുന്നത്. ഗ്ലാസ്‌ഗോ സർവകലാശാലയിൽ നടന്ന പഠനത്തിന്റെ ഭാഗമായി മുന്നൂറോളം ബ്രാൻഡഡ് ബേബി ഫുഡിലെ ചേരുവകളാണ് വിശകലനം ചെയ്തത്. ഇവയിൽ ഭൂരിപക്ഷവും കൃത്രിമമായി സംസ്കരിച്ച മധുരച്ചേരുവകളാണ് ആവശ്യത്തിലധികം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം കൃത്രിമ രുചി ആദ്യം മുതലേ നാവിൽ ശീലിക്കുന്ന കുഞ്ഞുങ്ങൾക്ക് പിന്നീട് എരിവും ചവർപ്പും കലർന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താൽപര്യം നഷ്ടപ്പെടുന്നു. ബേബി ഫുഡ് കഴിക്കുന്ന കുഞ്ഞുങ്ങൾ പിൽക്കാലത്ത് പൊണ്ണത്തടിയന്മാരായി വളരാനും സാധ്യതയുണ്ട്. കഴിവതും നേരത്തെ തന്നെ കുഞ്ഞുങ്ങളെ പ്രകൃതിദത്തവും സ്വാഭാവികവുമായ ഭക്ഷണരീതികളോടു പൊരുത്തപ്പെടുത്തുകയാണ് വേണ്ടതെന്നാണ് ഗവേഷകരുടെ വാദം.