Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഫ് കഴിക്കും മുമ്പ്

puff

മലയാളിയുടെ നാലുമണി ഭക്ഷണത്തിൽ ഒന്നാംസ്ഥാനം പഫിനാണ്. കറുമുറെ കടിക്കാവുന്ന പുറംപാളിയും ഉള്ളിൽ നിറച്ച നോൺവെജ് രുചികളും പഫിന് ആസ്വദിച്ചു കഴിക്കാവുന്ന സൂപ്പർ സ്നാക്ക് എന്ന ബഹുമതി എന്നേ നൽകിക്കഴിഞ്ഞു. എന്നാൽ പതിവായി പഫ് കഴിക്കുമ്പോൾ അത് എത്രമാത്രം ആരോഗ്യകരമാണ് എന്നു ചിന്തിക്കണം.

ഊർജം തിങ്ങിയ ഭക്ഷണം

വളരെയേറെ ഊർജം അടങ്ങിയ സ്നാക്കാണു പഫ്. കൂടിയ അളവിൽ കൊഴുപ്പ്, എണ്ണ, ഉപ്പ്, സോഡിയം, ട്രാൻസ്ഫാറ്റി ആസിഡുകൾ, പൂരിതകൊഴുപ്പ്, പ്രൊട്ടീൻ, കൊളസ്ട്രോൾ എന്നിവ പഫിലുണ്ട്. ആഴ്ചയിൽ രണ്ടു പഫ് കഴിച്ചെന്നു കരുതി ആശങ്കപ്പെടേണ്ട. എന്നാൽ ഒരു ദിവസം ഒരു പഫിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പഫ് പതിവാകുമ്പോൾ ശരീരത്തിലെത്തുന്ന അമിത കലോറി കൊഴുപ്പായി മാറുന്നു. ഇത് അമിതവണ്ണത്തിലേക്കും മറ്റു രോഗങ്ങളിലേക്കും വഴി തെളിക്കാനിടയുണ്ട്.

പഫുകൾ പലതരം

ഉള്ളിലുള്ള ഫില്ലിങ്ങനുസരിച്ച് നാലു പ്രധാന തരം പഫുകളാണുള്ളത്.

1 വെജിറ്റബിൾ പഫ്. 2 എഗ്ഗ് പഫ്. 3 ചിക്കൻ പഫ്. 4 മീറ്റ് പഫ്.

പഫുകൾ ബേക്ക് ചെയ്തെടുക്കുന്ന പലഹാരമായതിനാൽ അവ്ൻ ഇല്ലാതെ പാകം ചെയ്യാൻ സാധ്യമല്ല.

പഫുകൾ പാകം ചെയ്യാൻ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയം എടുക്കും. പഫിനു പുറമേയുള്ള മൈദ കൊണ്ടുണ്ടാക്കുന്ന പാളി ഉണ്ടാക്കാനാണ് ഏറ്റവും കൂടുതൽ സമയം വേണ്ടത്.

പഫ് ചൂടോടെ...

പഫ് തയാറാക്കിയ ഉടൻ ചൂടോടെ കഴിക്കുന്നതാണു ഏറ്റവും നല്ലത്.

പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കണമെങ്കിൽ പഫ് ഫ്രിഡ്ജിൽ വയ്ക്കണം. എന്നാൽ കഴിക്കും മുമ്പ് അവ്നിൽ വച്ച് അവ ഒന്നു കൂടി ചൂടാക്കണം.

എസ് സിന്ധു

ചീഫ് ഡയറ്റീഷ്യൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി.