കണ്ണുകൾക്കു വില്ലനാകുന്ന ഗ്ലോക്കോമ

കണ്ണിന് അസുഖം വന്നാൽ കുതിരപ്പുറത്തേറി വൈദ്യനെക്കാണാൻ പോകണമെന്നാണു പഴമക്കാർ പറയുന്നത്. ശരീരത്തിൽ ഈ അവയവത്തിനുള്ള സവിശേഷ സ്ഥാനം അടയാളപ്പെടുത്തുന്ന വാക്കുകളാണിവ. കണ്ണിനു വരുന്ന മിക്കരോഗങ്ങളും പ്രകടമായ ലക്ഷണങ്ങളോടെയായിരിക്കും. തക്കസമയത്ത് ചികിൽസ നടത്താൻ ഇതുമൂലം സാധിക്കും.‌
ഇതിനൊരപവാദമാണ് ഗ്ലോക്കോമ. കണ്ണുകളുടെ ശേഷി പതിയെ ഇല്ലാതാക്കി രോഗിയെ പൂർണാന്ധതയിലേക്കു നയിക്കുന്ന ഗ്ലോക്കോമ ‘കാഴ്ചയുടെ നിശ്ശബ്ദനായ കൊള്ളക്കാരൻ’ എന്നു വിശേഷിപ്പിക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള കാഴ്ചനഷ്ടങ്ങളുടെ കാരണങ്ങളിൽ പ്രമുഖസ്ഥാനത്താണ് ഈ രോഗം മൂലം ഉണ്ടാകുന്നവ.

എന്താണ് ഗ്ലോക്കോമ?
വളരെ ശ്രദ്ധിക്കേണ്ട ഒരു രോഗം. കൃഷ്ണമണിക്കുള്ളിൽ അക്വസ് ഹ്യൂമർ എന്നൊരു ദ്രാവകമുണ്ട്. ഇതിന്റെ സുഗമമായ ചംക്രമണം തടയപ്പെടുമ്പോൾ കൃഷ്ണമണിക്കുള്ളിലെ മർദം വർധിക്കും. ഇതുമൂലം നേത്രഞരമ്പുകൾക്കു ക്ഷതം സംഭവിക്കുകയും കാഴ്ചയെ ബാധിച്ചു തുടങ്ങുകയും ചെയ്യുന്നു. കാലക്രമേണ വശങ്ങളിലെ കാഴ്ച (പെരിഫറൽ വിഷൻ) പൂർണമായും നശിച്ച് കേന്ദ്രീകൃത കാഴ്ച (സെൻട്രൽ വിഷൻ) മാത്രമാകും. ഇതിനുശേഷം പൂർണാന്ധത. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ ഒരുത്തരം ഡോക്ടർമാർക്കില്ല. കണ്ണിലെ മർദം കൂടിയതുകൊണ്ടു മാത്രം ഗ്ലോക്കോമ പിടിപെട്ടു എന്നു കരുതാനാവില്ല. ഇതുമൂലം ഞരമ്പുകൾക്കു ക്ഷതം ഏൽക്കുന്നുണ്ടോ എന്നതാണു പ്രധാനം.

എത്രതരം ഗ്ലോക്കോമ ? ലക്ഷണങ്ങൾ ?
പ്രധാനമായും രണ്ടുതരം. ഓപ്പൺ ആംഗിൾ, ക്ലോസ്ഡ് ആംഗിൾ. ഓപ്പൺ ആംഗിളിൽ സാധാരണ രീതിയിലാണു ഗ്ലോക്കോമ പുരോഗമിക്കുന്നത്. എന്നാൽ ക്ലോസ്ഡ് ആംഗിൾ അപകടകാരിയാണ്. പെട്ടെന്ന് മർദംകൂടുന്ന അവസ്ഥയാണ് ഇത്. ഇങ്ങനെയുള്ള അവസ്ഥയിൽ കണ്ണ് ചുവക്കും, കണ്ണിനും തലയ്ക്കും കടുത്തവേദന അനുഭവപ്പെടും, പ്രകാശമുള്ള വസ്തുക്കളുടെ ചുറ്റും പലനിറത്തിൽ പ്രകാശവലയങ്ങൾ കാണപ്പെടും, തലകറക്കവും ഛർദിയും ഉണ്ടാകാം. അടിയന്തര ചികിൽസ ആവശ്യമുള്ള അവസ്ഥയായിട്ടാണ് ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമ കണക്കാക്കപ്പെടുന്നത്. പതിയെ പുരോഗമിക്കുന്ന ഒരു വകഭേദവും ഇതിനുണ്ട്. കണ്ണുകളിൽ‌ മർദം സാധാരണനിലയിൽ ആണെങ്കിൽ പോലും ഞരമ്പുകൾക്കു ക്ഷതം സംഭവിക്കുന്ന തരത്തിലുള്ള ഗ്ലോക്കോമയുടെ രൂപവുമുണ്ട്. നോർമൽ ടെൻഷൻ ഗ്ലോക്കോമ എന്നാണ് ഇത് അറിയപ്പെടുന്നത്.

എങ്ങനെ കണ്ടു പിടിക്കാം ?‌
കണ്ണിലെ മർദം കണ്ടുപിടിക്കുക എന്നതാണ് ഗ്ലോക്കോമയ്ക്കുള്ള പരിശോധനയിലെ ആദ്യപടി. 21 എംഎംഎച്ച്ജി എന്ന അളവു വരെയാണ് സാധാരണ രീതിയിൽ കണ്ണുകളിലുണ്ടാകുന്ന മർദം. രോഗിയുടേത് ഇതിൽകൂടുതലാണോ എന്ന് ഡോക്ടർ പരിശോധിക്കും. തുടർന്ന് വിഷ്വൽ ഫീൽഡ് ടെസ്റ്റ് നടത്തും. ഇതിന്റെ റിപ്പോർട്ട് പരിശോധിച്ചാൽ വശങ്ങളിലേക്കുള്ള കാഴ്ചാശക്തിയിൽ കുറവുണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. കൂടാതെ രോഗിയുടെ നേത്രഞരമ്പിന്റെ ഘടനയും വിലയിരുത്തും. ഗ്ലോക്കോമ ബാധിതരുടെ നേത്രഞരമ്പുകൾ ‘കപ്പിങ്’ ബാധിച്ച രീതിയിലാകും കാണപ്പെടുക. അടിസ്ഥാന പരിശോധനകളിൽ ഗ്ലോക്കോമ ഉണ്ടെന്നു തെളിഞ്ഞാൽ അത് ഏതു തരത്തിലുള്ളതാണെന്നു മനസ്സിലാക്കാൻ കൂടുതൽ വിശദമായ പരിശോധനകൾ വേണ്ടിവരും.

പ്രതിരോധം
ആദ്യഘട്ടങ്ങളിൽ ഗ്ലോക്കോമ കണ്ടുപിടിച്ചാൽ മരുന്നുകൾ കൊണ്ട് നിയന്ത്രിച്ചുനിർത്താൻ സാധിക്കും. അതിനാൽത്തന്നെ രോഗത്തിന്റെ നിർണയം വളരെ പ്രധാനമാണ്. ഗ്ലോക്കോമ ഒരു പാരമ്പര്യ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗം വന്നിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. വർഷത്തിൽ ഒരുതവണ സമഗ്രമായ കണ്ണുപരിശോധന നടത്തുകയാണ് ഏറ്റവും നല്ല മാർഗം. നാൽപതു വയസ്സ് കഴിഞ്ഞവർ നിർബന്ധമായും ഇതുചെയ്യണം. രോഗം ഉള്ളവർ ഡോക്ടർ നിർദേശിക്കുന്ന അളവിലും സമയങ്ങളിലും മരുന്ന് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധപുലർത്തണം. ഇങ്ങനെയുള്ള ഒരു രോഗം ഉണ്ടെന്നു പോലും പലർക്കുമറിയില്ല. ശക്തമായ ബോധവൽക്കരണം ആവശ്യമാണ്.

ചികിൽസ
ഗ്ലോക്കോമ മൂലം നഷ്ടപ്പെടുന്ന കാഴ്ച തിരിച്ചുകിട്ടില്ല. രോഗം പൂർണമായും ഭേദമാക്കാനും സാധിക്കുകയില്ല. രോഗത്തിന്റെ പുരോഗതി തടയുക എന്നതാണ് ഡോക്ടർമാർ സ്വീകരിക്കുന്ന മാർഗം. ഇതിനായി മരുന്ന്, ശസ്ത്രക്രിയ എന്നീ മാർഗങ്ങൾ അവലംബിക്കും. കണ്ണുകളിലൊഴിക്കുന്ന ഡ്രോപ്സാണ് പ്രധാനമായും മരുന്നുകളിൽ ഉപയോഗിക്കുന്നത്. ഓരോ രോഗിക്കും വേണ്ടിവരുന്ന മരുന്ന്, അതിന്റെ ഡോസ് എന്നിവ നിർണയിക്കാൻ ഡോക്ടർക്കു മാസങ്ങൾ വേണ്ടിവന്നേക്കാം. ചിലപ്പോൾ ഒന്നിലധികം തുള്ളിമരുന്നുകൾ ഒഴിക്കേണ്ടി വരും. കണ്ണിലെ മർദം നിയന്ത്രിച്ച് ഞരമ്പുകളുടെ ക്ഷതത്തിന്റെ തോത് നിയന്ത്രിക്കുക എന്നതാണ് ചികിൽസകൊണ്ട് ഉദ്ദേശിക്കുന്നത്. ലേസർ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ, മൈക്രോസർജറി എന്നീ മാർഗങ്ങൾ കൂടുതൽ അടിയന്തരസ്വഭാവമുള്ള കേസുകളിൽ ഉപയോഗിക്കാറുണ്ട്.‌

വിവരങ്ങൾ:
ഡോ. സി.ജി. അനുലക്ഷ്മി (നേത്രരോഗ വിദഗ്ധ)
ജൂനിയർ കൺസൽറ്റന്റ്, കേരള ഹെൽത്ത് സർവീസ്.