കുളി ഒരു നിസ്സാര സംഭവമല്ല. ഓരോരുത്തർക്കും ഓരോ വിധമാണ് കുളി. സാഹചര്യങ്ങൾക്കനുസരിച്ചു കുളിയുടെ രസവും ഭാവവും മാറാം. എൽകെജിയിൽ പഠിക്കുന്ന കുട്ടി പുലർച്ചെത്തണുപ്പിൽ കരഞ്ഞുകൊണ്ടു നടത്തുന്ന കുളി മുതൽ 40 ഡിഗ്രി ചൂടിന്റെ അസഹ്യതയ്ക്കുമേൽ തണുപ്പിന്റെ പുതപ്പാകുന്ന കുളിവരെ പലവിധമുലകിൽ സുലഭമാണു കുളി. സൂര്യൻ തലയ്ക്കുമേലെ കത്തിനിൽക്കുന്ന ഈ മാർച്ചിൽ ദിവസത്തിലെ ഒരു കുളി രണ്ടിലേക്കും മൂന്നിലേക്കുമൊക്കെ മാറ്റിയവരുടെ ചെറുചിരി മുന്നിൽ കാണുന്നുണ്ടിപ്പോൾ.
കുളത്തിലും കുളിമുറിയിലും തെരുവിലെ പൈപ്പിൻചുവട്ടിലുമെല്ലാം ലോകം കുളിച്ചുകൊണ്ടിരിക്കുന്ന ഈ ഉഷ്ണകാലത്തു കുളിയെക്കുറിച്ചു സംസാരിക്കുമ്പോൾ തന്നെ നിറയുന്നില്ലേ ഒരു കുഞ്ഞുതണുപ്പ്! കുളി നിസ്സാരക്കാരനല്ലെന്നാണു വൈദ്യശാസ്ത്രം പറയുന്നത്.
ശരീരത്തിന്റെ താപനില ക്രമീകരിക്കാനും ഉന്മേഷം നൽകാനും കുളിയോളം വലിയൊരു കേളി വേറെയില്ലത്രെ. ഉത്തമ ആരോഗ്യത്തിനു ‘ഭക്ഷണത്തിൽ പാതി കുളി’ എന്നാണു പഴമക്കാരുടെ മൊഴി. പ്രഭാതക്കുളി, നട്ടുച്ചക്കുളി, സായാഹ്നക്കുളി, രാക്കുളി തുടങ്ങി പല നേരങ്ങളിലുണ്ട് കുളി. കാലവും കണക്കും തെറ്റി കുളിച്ചുകൊണ്ടേയിരിക്കുന്നവരുമുണ്ട്. ഉണ്ടിട്ടു കുളിക്കുന്നവനെക്കണ്ടാൽ കുളിക്കണം എന്ന ചൊല്ലുപോലും ഇത്തരക്കാരെ ഉദ്ദേശിച്ചുള്ളതാവും. എന്തായാലും വെയിൽ തിളയ്ക്കുമ്പോൾ കുളിക്കാൻ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ഓർമയിലുണ്ടാകണം:
∙ കിണർവെള്ളത്തിലുള്ള കുളിയാണ് അത്യുത്തമം.
∙ അടുപ്പിൽ ചൂടാക്കിയ വെള്ളം ഗുണകരമല്ല. ജലത്തെ കൊല്ലുന്നതിനു സമമാണത്. പകരം ഉച്ചവെയിലിൽ ടെറസിലോ മറ്റോ വെള്ളം പാത്രത്തിൽ നിറച്ചു ചൂടാക്കി ഉപയോഗിച്ചാൽ ഉന്മേഷം കിട്ടും.
∙ കൂടുതൽ കുളിക്കുന്നതു കൊണ്ടു ദോഷമില്ല. പക്ഷേ, അസുഖങ്ങളുണ്ടെങ്കിൽ പാടില്ല. ജലദോഷം, പനി, ചുമ, തലവേദന എന്നിവയൊക്കെ ഉണ്ടെങ്കിൽ കുളി ഒഴിവാക്കണം. വിശേഷിച്ചും, തല നനയ്ക്കുന്നതിനെപ്പെറ്റി ചിന്തിക്കാനേ പാടില്ല.
∙ ആരോഗ്യാവസ്ഥയിൽ രണ്ടോ മൂന്നോ കുളിയൊക്കെ നല്ലതാണ്. അതു ശരീരത്തെ തണുപ്പിക്കും. പക്ഷേ, കുളിയുടെ എണ്ണം കൂടുമ്പോൾ തല തുവർത്തുന്ന കാര്യത്തിലൊക്കെ ഉദാസീനത വരാൻ പാടില്ലെന്നോർക്കണം. അങ്ങനെ വന്നാൽ തലനീരിറങ്ങി കഴുത്ത്, കൈകൾ, നട്ടെല്ല് എന്നിവിടങ്ങളിലൊക്കെ നീർക്കെട്ടും വേദനയും വരാം.
∙ തല നന്നായി തുവർത്തിയശേഷം അൽപം രാസ്നാദിപ്പൊടി തിരുമ്മുന്നതു ശീലമാക്കിയാൽ നല്ലതാണ്.
∙ രാവിലെയുള്ള കുളിയാണ് ആരോഗ്യകരം. കാരണം, ഏറെനേരം ഈർപ്പം നിൽക്കില്ല. വൈകിട്ടത്തെ കുളിയുടെ ഒരു വലിയ കുഴപ്പം അതാണ്. ഈർപ്പം രാവിലെവരെ ശരീരത്തിൽ നിൽക്കും. അതേറെ ദോഷകരമാണ്. നടുവേദന അടക്കമുള്ള ശരീരവേദനയ്ക്കു കാരണമിതാണ്. തലയിലെ താരൻ മാറാതിരിക്കുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെ. ഇത്രയൊക്കെ വായിച്ചപ്പൊഴേ വിയർത്തു, അല്ലേ? എന്നാലിനി വിസ്തരിച്ചൊരു കുളിയാകാം. മുകളിൽ പറഞ്ഞതൊന്നും മറക്കരുതെന്നു മാത്രം.
കടപ്പാട്:
ഡോ. എം.എൻ. ശശിധരൻ,
അപ്പാവു വൈദ്യൻസ് വൈദ്യശാല, കോട്ടയം