Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്ത്മ പിടിച്ചു നിർത്താം

asthma-main

ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. വിവിധതരം അലർജികൾ പരിസ്ഥിതിയിലുള്ളവ, ഭക്ഷണം, പെയിന്റ്, നിറങ്ങൾ, പൂക്കൾ എന്നു വേണ്ട ഏതു സാധനവും അലർജി ഉണ്ടാക്കുന്നു. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ഹിസ്റ്റമിൻ, ബ്രാഡിക്കിനിൻ എന്നീ രാസവസ്തു ശരീരത്തിലുണ്ടാകും. അവ ശ്വാസ നാളീഭിത്തികളിൽ പ്രവർത്തിക്കുന്നു. വലിവ്, കിതപ്പ്, വരണ്ട ചുമ, ഉയർന്ന നെഞ്ചിടിപ്പ്, അമിത വിയർപ്പ് എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു.

രണ്ടു തരത്തിലുള്ള അലർജി പ്രതിക‌രണങ്ങൾ ഉണ്ടാകാറുണ്ട്. ഒന്ന് അലർജി ഉണ്ടായാൽ ഉടൻ തന്നെ ശരീരം പ്രതികരിക്കുന്നത്, മറ്റൊന്ന് അലർജി ശരീരത്തിലുണ്ടായ ഇരുപത്തിനാലു മണിക്കൂർ മുതൽ എഴുപത്തിരണ്ടു മണിക്കൂറിനകം പ്രതികരണമുണ്ടാകുന്നത്. എന്താണ് അലർജിക്കു കാരണമെന്നു വളരെ ശ്രദ്ധാപൂർവം കണ്ടുപിടിക്കണം.

അലർജി ഉണ്ടാക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ഓരോരുത്തരിലും വ്യത്യസ്തമായ ഭക്ഷ്യവസ്തുക്കൾ വ്യത്യസ്തമായ രീതിയിലാണ് അലർജി ഉണ്ടാക്കുന്നത്. കോശങ്ങളിൽ പ്രത്യേകതരം അസ്വസ്ഥതകൾ ചില ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന മാംസ്യാംശമോ ആന്റിജനോ ഉണ്ടാക്കുന്ന അവസ്ഥയെയാണ് അലർജി എന്നു പറയുന്നത്. ആന്റിജൻ ഹിസ്റ്റാമിൻ അല്ലെങ്കിൽ ഹിസ്റ്റാമിൻ പോലുള്ള വസ്തുക്കൾ കോശങ്ങളിൽ നിന്നു പുറം തള്ളുമ്പോഴാണ് അലർ‌ജി ഉണ്ടാകുന്നത്. പാലിലുള്ള ലാക്ടോസ്, ഗോതമ്പിലുള്ള ഗ്ലൂട്ടൻ, മാംസം, മത്സ‍്യം പ്രത്യേകിച്ചും കൊഞ്ച്, ഞണ്ട്, മുട്ടയുടെ വെള്ള എന്നിവ അലർജി ഉണ്ടാക്കാറുണ്ട്.

ആസ്ത്മ പലപ്പോഴും അലർജിയിൽ നിന്നുണ്ടാകാറുണ്ട്. ജന്തുജന്യമായ ഭക്ഷണങ്ങളിൽ നിന്ന് അരക്കിഡോണിക് ആസിഡ് എന്ന കൊഴുപ്പ് ആണ് ഭക്ഷണത്തിൽ നിന്നുള്ള ആസ്ത്മയ്ക്ക് പ്രധാന കാരണം.

ക്ലോറിൻ കലർന്ന വെള്ളം ആസ്ത്മ ഉള്ളവർ ഉപയോഗിക്കുവാൻ പാടില്ല. ചായ, കാപ്പി, ചോക്കലേറ്റ്, നട്സ്, മധുരം, ഉപ്പ് എന്നിവയും കുറയ്ക്കണം. വൃത്തിയായി ഒഴുക്കുവെള്ളത്തിൽ കഴുകിയ പച്ചക്കറികളും പഴങ്ങളും ആസ്മാരോഗിക്കു നൽകണം. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന രാസവസ്തുക്കളും അലർജിയും ആസ്മയും ഉണ്ടാക്കുന്നു. കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവയും അലർജിയും ആസ്തമയും ഉണ്ടാക്കും. റ്റാർട്രാസിൻ, ബെൻസോയേറ്റ്, സൾഫർ ഡയോക്സൈഡ്, സൾഫൈറ്റ് എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും ആസ്മാരോഗി കഴിക്കരുത്.

ഉള്ളി, വെളുത്തുള്ളി, എന്നിവ ധാരാളം ഉപയോഗിക്കുന്നത് ചില എൻസൈമുകളെ അകറ്റും. മ്യൂക്കസ് സ്തരങ്ങൾ വീങ്ങുവാനിടയാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം.

കുരുമുളക് ചേർത്ത ചൂടുള്ള സൂപ്പുകൾ ശ്വസനേന്ദ്രിയങ്ങളിലെ സ്തരങ്ങളെ ആരോഗ്യമുള്ളതാക്കുകയും ശ്വസനം എളുപ്പം ആക്കുകയും ചെയ്യുന്നു.

ആമാശയത്തിലെ ദഹനരസങ്ങൾ കുറയുന്നതും ആസ്ത്മയ്ക്കു കാരണമാകുന്നു. ഇതു വൈദ്യ പരിശോധന മൂലം സ്ഥിരീകരിക്കേണ്ടതാണ്.

നാരങ്ങാ നീര് വെള്ളത്തിൽ ചേർത്തു ഭക്ഷണത്തിനു മുൻപു നൽകുന്നത് ആസ്ത്മ കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്.

ഇഞ്ചിച്ചായ, ചുമന്നുള്ളി നീര് തേനിൽ ചേർത്തതു നൽകുന്നതും ആശ്വാസം നൽകും. ജീവകം ബി 6ന്റെ അഭാവം ചിലരിൽ ആസ്മാ ഉണ്ടാക്കുന്നതായി കാണുന്നു.

ശ്വാസകോശ നാളികളുടെ ആരോഗ്യത്തിനും വികാസത്തിനും സഹായിക്കുകയും അതിലൂടെ ആസ്മ കുറയ്ക്കുകയും ചെയ്യുന്ന ഒരു പോഷകമാണ് മഗ്നീഷ്യം. പഴങ്ങൾ, മിക്കവാറും എല്ലാ പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ മഗ്നീഷ്യത്തിന്റെ ഉറവിടങ്ങളാണ്.

കടപ്പാട്: ആരോഗ്യ പാചകം