നമ്മുടെ നാട്ടിലെ കറികളിലെ പ്രധാന ചേരുവകളിലൊന്നാണ് ഉലുവ. ഈ ചെടിയുടെ വിത്തും ഇലയും ഔഷധപ്രദമാണ്. ഭക്ഷണത്തോടൊപ്പം നമ്മള്‍ കഴിക്കുന്ന ഉലുവ ഔഷധഗുണത്തോടയാണ് പ്രവർത്തിക്കുന്നതും..
ഉലുവയുടെ ചില ഔഷധ ഗുണങ്ങൾ
∙ ഉലുവ ഒരു മികച്ച പ്രമേഹ നിയന്ത്രണ ഔഷധമാണ്. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിന്ത്രണത്തിന് സഹായകരമാണ്. വറുത്തു പൊടിച്ച ഉലുവ കഴിക്കുന്നതും ഫലം നൽകും.
∙ മുടി കൊഴിച്ചിലിന് ഉലുവ നല്ലതാണ്. ഉലുവ തലയിൽ തേച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിക്കുന്നത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കും.
∙ ഉലുവ അരച്ചു തേയ്ക്കുന്നത് ചർമകാന്തി വർധിപ്പിക്കും.
∙ പ്രസവാനന്തര പരിചരണത്തിലെ ഒരു പ്രധാന ഘടകമാണ് ഉലുവ. പ്രസവാനന്തരം ഗർഭാശയം ചുരുങ്ങുന്നതിനും. ഗർഭാശയം ശുദ്ധിയാക്കുന്നതിനുമുള്ള മികച്ച ഔഷധമാണ് ഉലുവ. ഉലുവ കാച്ചി സേവിക്കുന്നത് പ്രസവാനന്തര പരിചരണത്തിന്റെ ഭാഗമായി ചെയ്തു വരാറുള്ള ഒരു കാര്യമാണ്.
∙ ഉലുവയിൽ അരിപ്പൊടിയും നെയ്യും തേങ്ങാപ്പാലും ചേർത്ത് ലഡുവുണ്ടാക്കി കഴിച്ചാൽ മുലപ്പാൽ വർധിക്കും.
∙ തൈറോയ്ഡ് രോഗനിയന്ത്രണത്തിന് ഉലുവ കുതിർത്ത ശേഷം നാരങ്ങാ നീരും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
∙ മൂത്ര തടസ്സം അകറ്റുവാന്‍ ഉലുവ നല്ലതാണ്. വറുത്തു പൊടിച്ച ഉലുവയും ശർക്കരയും ചെറു ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുന്നത് ഫലം നൽകും. മൂത്ര ശുദ്ധി വരുത്തുന്നതിനും ഇതുപകരിക്കും.
∙ കാഴ്ച ശക്തി നിലനിർത്തുന്നതിന് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
∙ വാതം, കഫം എന്നിവയെ തടഞ്ഞു നിർത്തുന്നതിനും ശമിപ്പിക്കുന്നതിനും ഏറെ ഗുണപ്രദമാണ് ഉലുവ.
ഉലുവയിൽ 16 % പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് 5 ശതമാനവും ലവണങ്ങൾ മൂന്ന് ശതമാനവും ആണ്. പഞ്ചസാരയുടെ അംശം ഇല്ലാത്ത ഒരു ഔഷധച്ചെടി കൂടിയാണ് ഉലുവ.