പപ്പായ ഒരുപാട് ഔഷധമൂല്യങ്ങളുള്ള ഒരു ഫലം തന്നെയാണ്. എന്നാൽ വിപരീതഫലം ഉണ്ടാക്കാനും അതിനാവും. അതുകൊണ്ടുതന്നെ സാഹചര്യം മനസ്സിലാക്കി കഴിക്കേണ്ട പഴമാണ് പപ്പായ. ഗർഭിണികൾ പപ്പായ കഴിക്കാൻ പാടില്ലെന്നു പറയാറുണ്ട്. അതുപോലെ പപ്പായ വിഷകരമായി പ്രവർത്തിക്കുന്ന മറ്റു ചില അവസരങ്ങളുമുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം
∙ അബോർഷൻ സാധ്യത
നിരവധി ആരോഗ്യഗുണങ്ങൾ പപ്പായയ്ക്കുണ്ട്. പക്ഷേ ഇതിന്റെ കുരുക്കളും വേരും ഗർഭച്ഛിദ്രത്തിനുള്ള സാധ്യത വർധിപ്പിക്കും. പഴുക്കാത്ത പപ്പായ ഗർഭാശയപരമായ അസ്വസ്ഥതകളുമുണ്ടാക്കും. അതുകൊണ്ടുതന്നെ ഗർഭകാലത്ത് ഈ പഴം കഴിക്കാതിരിക്കുന്നതാകും നല്ലത്.
∙ അന്നനാളത്തിനു തടസ്സം
കഴിക്കാൻ നല്ല രുചിയാണെങ്കിലും അമിതമായി പപ്പായ കഴിക്കുന്നത് അന്നനാളത്തിനു ദോഷമുണ്ടാക്കും. അതുകൊണ്ട് ഒരു ദിവസം ഒരു കപ്പിൽ കൂടുതൽ പപ്പായ കഴിക്കരുത്.
∙ ജനനവൈകല്യങ്ങൾ
പപ്പായയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന ഘടകം കുഞ്ഞുങ്ങൾക്ക് വളരെ ദോഷകരമാണ്. ഇതു ജനനവൈകല്യങ്ങൾക്കു വരെ കാരണമാകും. അതുകൊണ്ട് ഗർഭിണികൾ പ്രസവത്തിനു മുൻപും പ്രസവശേഷം കുറച്ചുകാലത്തേക്കും പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.
∙ അലർജി
പപ്പായയിലുള്ള ലാറ്റക്സ് ചിലരിൽ അലർജിക്കു കാരണമാകുന്നുണ്ട്. പഴുക്കാത്ത പപ്പായയാണ് കൂടുതലും അലർജി ഉണ്ടാക്കുന്നത്.
∙ രക്തസമ്മർദം
രക്തസമ്മർദത്തിനു മരുന്നു കഴിക്കുന്നവർ പപ്പായ കഴിച്ചാൽ ബിപി വല്ലാതെ താഴാനുള്ള സാധ്യതയുമുണ്ട്. ഇത് ഏറെ അപകടകരമാണ്.
∙ പ്രത്യുൽപ്പാദനത്തെ ബാധിക്കും
പപ്പായയുടെ കുരു പുരുഷന്റെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കും. ബീജാണുക്കളുടെ അളവു കുറയ്ക്കുകയും ചലനത്തെ ബാധിക്കുകയും ചെയ്യും.
Read More : Healthy Food Tips