കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിക്കുന്ന മാംസാഹാരമാണ് കോഴിയിറച്ചി. രുചികരമാണ് എന്നു മാത്രമല്ല ചില ആരോഗ്യ ഗുണങ്ങളും കോഴിയിറച്ചിക്കുണ്ട് എന്നറിയാമോ? കോഴിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്നു കേൾക്കുമ്പോൾ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം. ബ്രോയിലർ കോഴിയല്ല നാടൻ കോഴിയിറച്ചിയാണ് ആരോഗ്യമേകുന്നത്. കറിവച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.

കോഴിയിറച്ചിയിൽ ധാരാളം പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. ഇതു പേശികൾക്കു നല്ലതാണ്. ശക്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. വളരുന്ന കുട്ടികൾക്കും ഇതു നല്ലതു തന്നെ.

ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തിൽ തീർച്ചയായും കോഴിയിറച്ചിയും  പെടും. കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്. ആരോഗ്യകരമായ രീതിയിൽ ഇതു പതിവായി കഴിച്ചാൽ ശരീരഭാരം കുറയും എന്നതും തീർച്ച.

പ്രോട്ടീൻ കൂടാതെ കാൽസ്യം, ഫോസ്ഫറസ് ഇവയും കോഴിയിറച്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നവയാണ് ജീവകം B5 ഉം ട്രിപ്റ്റോഫാനും. കോഴിയിറച്ചിയിൽ ഇവ ധാരാളമുണ്ട്. കൂടാതെ ആർത്തവ പൂർവ അസ്വസ്ഥതകളെ (pms)  കുറയ്ക്കാൻ സഹായിക്കുന്ന മഗ്നീഷ്യവും കോഴിയിറച്ചിയിലുണ്ട്. ആർത്തവ സമയത്തെ മൂഡ് മാറ്റങ്ങൾ തടയാനും ഫലപ്രദം.

പനിയോ ജലദോഷമോ ഉള്ളപ്പോൾ ചിക്കൻസൂപ്പ് കഴിക്കുന്നത് നല്ലതാണെന്നു പറയാറില്ലേ. രോഗപ്രതിരോധശക്തിയേകാൻ സഹായിക്കുന്നതിനാലാണിത്.

സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം പുരുഷന്മാർ കഴിക്കുന്നത് ടെസ്റ്റോസ്റ്റീറോൺ നിലയെ നിയന്ത്രിക്കാനും ബീജോൽപ്പാദനം വർധിപ്പിക്കാനും സഹായകമാണ്.

കോഴിയിറച്ചിയിൽ ജീവകം B6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം തടയാൻ ഇതു സഹായിക്കും. ഹൃദയാഘാത സാധ്യത കൂട്ടുന്ന ഘടകങ്ങളിലൊന്നായ ഹോമോസിസ്റ്റീനിന്റെ അളവ് കുറയ്ക്കാൻ ജീവകം B6 സഹായിക്കും. ഹൃദ്രോഗ കാരണമായ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നിയാസിൻ കോഴിയിറച്ചിയിൽ ധാരാളമുണ്ട്.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നത് റെഡ്മീറ്റ് ഒഴിവാക്കി പകരം ഒമേഗ 3 ഫാറ്റി ആസിഡും പൂരിത കൊഴുപ്പുകളും അടങ്ങിയ കോഴിയിറച്ചി ഉപയോഗിക്കണമെന്നാണ്.

കോഴിയിറച്ചിയിൽ വ്യത്യസ്ത അളവിലാണ് കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിരിക്കുന്നത്. ചിക്കൻ ബ്രെസ്റ്റ് ആണ് ഏറ്റവും കൊഴുപ്പ് കുറഞ്ഞത്. 28 ഗ്രാം ബ്രെസ്റ്റിൽ വെറും 1 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ. കോഴിക്കാലിൽ 2 ഗ്രാമും.

കോഴിയിറച്ചി പാകം ചെയ്യും മുൻപ് കൊഴുപ്പ് മുഴുവൻ നീക്കാൻ ശ്രദ്ധിക്കണം. അത് നിങ്ങളുടെ ഹൃദയത്തിന് നല്ലതല്ല. വെളുത്ത നിറത്തിൽ കാണുന്നതാണ് കൊഴുപ്പ്. കൂടുതൽ ആരോഗ്യകരമാക്കാൻ കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം മഞ്ഞൾ, തൈര് ഇവ പുരട്ടി വയ്ക്കാവുന്നതാണ്.

ബ്രോയ്‌ലർ കോഴിയും കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച കോഴിയും ആരോഗ്യകരമല്ല. നാടൻ കോഴിയിറച്ചിയാണ് ആരോഗ്യകരം.

Read More : Healthy Food, Health and Fitness