Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിഡിറ്റി പ്രശ്നമുള്ളവർ എന്തു കഴിക്കണം?

fruits

എന്തു കഴിക്കണം? എന്ത് ഒഴിവാക്കണം? എന്ന ആശങ്ക അൾസർ— അസിഡിറ്റി രോഗമുള്ളവർക്കിടയിൽ സർവസാധാരണമാണ്. മുൻകാലങ്ങളിൽ ഈ രോഗങ്ങൾക്ക് ആഹാരവുമായി അടുത്ത ബന്ധമുണ്ടെന്നു നാം കരുതിയിരുന്നു. എന്നാൽ അൾസറിന്റെ കാരണം ഹെലിക്കോബാക്ടർ പൈലോറിയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇപ്പോൾ ആഹാരത്തിനു വലിയ പ്രാധാന്യം നൽകുന്നില്ല. എങ്കിലും ഈ രോഗികൾ ആഹാരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

പാൽ കുടിക്കാം പക്ഷേ...

milk

അൾസറും അസിഡിറ്റി പ്രശ്നവുമുള്ളവർ പാൽ ഒഴിവാക്കേണ്ടതില്ല. മധ്യവയസുള്ള സാധാരണ ആരോഗ്യമുള്ള പോഷണനിലവാരം സാധാരണമായ വ്യക്തിക്കു ദിവസം കാൽ ലീറ്റർ മുതൽ അരലീറ്റർ വരെ പാൽ കുടിക്കാം. അതായത് രണ്ടു ഗ്ലാസ് പാൽ കുടിക്കാം. പാലിലെ പ്രൊട്ടീൻ അൾസറിനെ സുഖപ്പെടുത്തുന്നുണ്ട്. ആമാശയത്തിനു സുഖകരമായ ബ്ലാൻഡ് ഡയറ്റിലെ മറ്റ് ആഹാരങ്ങളെ പോലെ പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നൽകുന്നുണ്ടെന്നു പറയാം. എന്നാൽ പാലിന്റെ അളവ് അധികമാകരുത്.

പാൽ കുടിച്ചു കഴിയുമ്പോൾ അസ്വാസ്ഥ്യം അനുഭവപ്പെടുന്നവർ പാൽ ഒഴിവാക്കണം. ലാക്ടോസ് ഇൻടോളറൻസും ഈ അസ്വസ്ഥതയ്ക്കു കാരണമാകാം. പാൽ മാത്രമല്ല, കഴിച്ചശേഷം അസ്വസ്ഥതയുണ്ടാക്കുന്ന ഏത് ആഹാരവും അൾസർ— അസിഡിറ്റി രോഗികൾ ഒഴിവാക്കണം.

പച്ചക്കറികളും പഴങ്ങളും

പച്ചിലക്കറികളിൽ ഒമേഗ3 ഫാറ്റി ആസിഡ് സമൃദ്ധമായുണ്ട്. അവ ധാരാളം കഴിക്കണം. പച്ചക്കറികളിലും പഴങ്ങളിലും നിന്ന് ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ലഭിക്കുന്നു. ജ്യൂസ് കഴിക്കുന്നതു ചിലർക്കു കുഴപ്പമില്ല. അവ വിറ്റമിൻ സിയാൽ സമ്പന്നമാണ്. ഇതിലെ ആന്റിഓക്സിഡന്റുകൾ അൾസർ സുഖപ്പെടുത്തുന്നു.

എന്നാൽ ജ്യൂസാക്കാതെ പഴമായി കഴിക്കുന്നതാണു കൂടുതൽ നല്ലത്. അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ 2009—ൽ പ്രസിദ്ധീകരിച്ച നിർദേശത്തിൽ പറയുന്നത് ആരോഗ്യ പൂർണമായ ജീവിതത്തിന് ഏറ്റവും ഇണങ്ങുന്നതു വെജിറ്റേറിയൻ ഭക്ഷണരീതിയാണെന്നാണ്. അൾസർ— അസിഡിറ്റി പ്രശ്നമുള്ളവർ വെജിറ്റേറിയൻ ജീവിതശൈലി പാലിക്കുന്നതു വളരെ നല്ലതാണ്.