തേനിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. ഭക്ഷണത്തിനൊപ്പം മരുന്നായും തേൻ ഉപയോഗിക്കുന്നു. എന്നാൽ ഏറെ സുരക്ഷിതമെന്നു കരുതിയിരുന്ന തേനും അമിതമായായൽ ശരീരത്തിനു ദോഷം ചെയ്യുമെന്ന് ഒരു പഠനം പറയുന്നു. കൂടിയ അളവിൽ തേൻ, പഴച്ചാറുകൾ, കോൺസിറപ്പ് എന്നിവ കഴിക്കുന്നത് കരളിനെ നശിപ്പിക്കുമത്രേ.
ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ രണ്ടിനം പഞ്ചസാരകളാണ് പഠനത്തിനുപയോഗിച്ചത്. ഗ്ലൂക്കോസ് ഗ്രൂപ്പിനെ അപേക്ഷിച്ച് ശരീരഭാരം കൂടി എന്നു മാത്രമല്ല ഹൃദയരോഗങ്ങളുടെയും കരൾനാശത്തിന്റെ സൂചനയും ഫ്രക്ടോസ് ഗ്രൂപ്പ് കാണിച്ചു. ഫ്രക്ടോസ് ഷുഗർ ഹൃദ്രോഗം, പ്രമേഹം, മറ്റു ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയെ കൂട്ടുന്നുവെന്നും പഠനത്തിൽ തെളിഞ്ഞു.
രണ്ടിനം പഞ്ചസാരയുടെയും ഉപയോഗം ഉപാപചയപ്രവർത്തനങ്ങളെയും ഹൃദയപ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നും പരിശോധിച്ചു. പെണ്ണെലികളിലാണ് പഠനം നടത്തിയത്. ഖരരൂപത്തിലുള്ള സാധാരണ ഭക്ഷണത്തിനു പുറമേ ദ്രാവകരൂപത്തിലുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ഇവയ്ക്കു നൽകി. അന്നജം വിഘടിച്ചശേഷം ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരുതരം പഞ്ചസാരയാണ് ഗ്ലൂക്കോസ്. തേനിലും പഴങ്ങളിലും പഴച്ചാറുകളിലും കാണുന്ന പഞ്ചസാരയാണ് ഫ്രക്ടോസ്.
എട്ടാഴ്ചക്കാലം എലികൾക്ക് മധുരം നൽകി. ഇത് ആറുവർഷം ഒരു മനുഷ്യൻ കഴിക്കുന്ന മധുരത്തിനു തുല്യമായിരുന്നു. ഭക്ഷണത്തിനു പുറമേ വെള്ളം മാത്രം കൊടുത്ത കൺട്രോൾ ഗ്രൂപ്പിലെ എലികളെയും പഞ്ചസാര നൽകിയ എലികളെയും താരതമ്യം ചെയ്തു. കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് പഞ്ചസാര കഴിച്ച ഗ്രൂപ്പുകൾ കൂടുതൽ കലോറി അകത്താക്കിയതായി കണ്ടു. ഗ്ലൂക്കോസ് കഴിപ്പിച്ച എലികളുടെ കലോറി ഇൻടേക്ക് ഫ്രക്ടോസ് ഗ്രൂപ്പിനെക്കാൾ അധികമായിരുന്നു.
എന്നാൽ ഫ്രക്ടോസ് ഗ്രൂപ്പിനു മാത്രമാണ് ശരീരഭാരം കൂടിയത് എന്നതാണ് രസകരമായ വസ്തുത. ഫ്രക്ടോസ് ഗ്രൂപ്പിലെ എലികളുടെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടി, കരളിന്റെ ഭാരം കൂടി, കരളിന് കൊഴുപ്പിനെ നശിപ്പിക്കാനുള്ള കഴിവ് കുറഞ്ഞു. കൂടാതെ രക്തസമ്മർദത്തെ ബാധിക്കുന്ന അയോർട്ടയുടെ പ്രവർത്തനത്തെയും ബാധിച്ചതായി കണ്ടു.
മധുരത്തിന്റെ പ്രത്യേകിച്ച് ഫ്രക്ടോസ് ഷുഗർ അടങ്ങിയ തേൻ, പഴച്ചാറുകൾ എന്നിവയുടെ അമിതോപയോഗം ശരീരഭാരം കൂട്ടുന്നതോടൊപ്പം ഹൃദ്രോഗം, കരൾരോഗം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.