Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗിക്ക് ഡയറ്റ് ഡ്രിങ്കുകൾ

enegy-drink

പ്രമേഹം മാറ്റാൻ ദിവസവും 600 കാലറി മാത്രം വരുന്ന ആഹാരം കഴിച്ചാൽ മതിയെന്നു വിശദമാക്കുന്ന ന്യുകാസിൽ സർവകലാശാലയുടെ ആഹാരചികിത്സയിൽ ഡയറ്റ് ഡ്രിങ്കുകൾക്കു വലിയ പ്രാധാന്യമാണുള്ളത്. ആഹാരം ദിവസവും 600 കലോറിയിൽ താഴെയാകുമ്പോൾ വേണ്ടത്ര വിറ്റമിനുകളും പോഷണവും ശരീരത്തിനു ലഭിക്കാതാകും. ഇതു പരിഹരിക്കാൻ ഈ പോഷകങ്ങൾ ഡയറ്റ് ഡ്രിങ്കായി കഴിക്കേണ്ടി വരും.

പ്രമേഹരോഗിയുടെ ഒരു നേരത്തെ പ്രധാന ആഹാരത്തിനു പകരമായി കഴിക്കാൻ രൂപകൽപ്പന ചെയ്ത പാനീയരൂപത്തിലുള്ള ആഹാരമാണ് ഡയറ്റ് ഡ്രിങ്ക്. എന്നാൽ ഡയറ്റ് ഡ്രിങ്കുകളെമാത്രം കേന്ദ്രീകരിച്ച് പ്രമേഹരോഗി ആഹാരക്രമം ചിട്ടപ്പെടുത്തരുതെന്നും ഓർമിക്കുക.

പ്രമേഹവും ഡയറ്റ് ഡ്രിങ്കും

പ്രമേഹം നിയന്ത്രിക്കുന്നതിൽ മെഡിക്കൽ ന്യൂട്രീഷൻ തെറപ്പി (എംഎൻടി)ക്കു വലിയ പ്രാധാന്യമുണ്ടെന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് ശരിയായ അളവിൽ നിലനിർത്തുക, ശരിയായ ശരീരഭാരം നിലനിർത്തുക, രക്തത്തിലെ കൊഴുപ്പ് ശരിയായി ക്രമീകരിക്കുക, പ്രമേഹസങ്കീർണതകൾ ഒഴിവാക്കുക എന്നീ പ്രത്യേകലക്ഷ്യങ്ങൾ മുമ്പിൽ കണ്ട് ആഹാരം നിയന്ത്രിക്കുന്നവരിൽ ഡയറ്റ്് ഡ്രിങ്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

പോഷകങ്ങൾ എല്ലാം ചേർത്ത്

ഊർജം കുറച്ച് ശരീരത്തിനാവശ്യമായ പോഷകങ്ങൾ എളുപ്പം ലഭ്യമാകുന്ന വിധത്തിൽ തയാറാക്കുന്ന പാനീയങ്ങളാണ് ഡയറ്റ് ഡ്രിങ്കുകൾ. അമിതഭാരമുള്ള പ്രമേഹരോഗികൾ, പ്രമേഹം വരുന്നതിനു തൊട്ടുമുമ്പുള്ള അവസ്ഥ(പ്രീഡയബറ്റിക്)യിലുള്ളവർ ഇവർക്കെല്ലാം ഡയറ്റ് ഡ്രിങ്കുകൾ ഏറെ ഗുണകരമാണ്. എല്ലാ പോഷകങ്ങളും സൂക്ഷ്മപോഷകങ്ങൾ ഉൾപ്പെടെ നിശ്ചിതഅളവിൽ രോഗിക്കു ലഭ്യമാകത്തക്കവിധമാണ് ഡയറ്റ് ഡ്രീങ്കുകൾ തയാറാക്കുന്നത്. ശരീരഭാരം കൂടിയവരിൽ ഇതൊരു മീൽ റീപ്ലേസ്മെന്റ് (പകരം വയ്ക്കാവുന്ന ആഹാരം) കൂടിയാണ്.

ഡയറ്റ് ഡ്രിങ്ക് കഴിക്കുമ്പോൾ

ഡയറ്റ് ഡ്രിങ്കുകൾ കഴിക്കുന്ന പ്രമേഹരോഗികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ദിവസം ഒരു നേരം മാത്രമേ ഡയറ്റ് ഡ്രിങ്ക് കഴിക്കാവൂ. ആ ദിവസത്തെ ഒരു പ്രധാനഭക്ഷണത്തിനു പകരമായാണിതു കഴിക്കേണ്ടത്.

ഒരു സാധാരണ പ്രമേഹരോഗിക്ക് ഒരു ദിവസം ആഹാരത്തിൽ നിന്നു ലഭിക്കേണ്ട ഊർജം 1500 കലോറിയാണ്. എന്നാൽ വണ്ണമുള്ള പ്രമേഹരോഗിക്ക് 1200 കലോറി കലോറി മതിയാകും. മെലിഞ്ഞവർക്ക് 1800 ആയാലും കുഴപ്പമില്ല. പുരുഷൻമാരിലും സ്ത്രീകളിലും ഈ കലോറി വ്യത്യാസപ്പെടാം.

പ്രധാനഭക്ഷണങ്ങളായ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം ഇവയിലൂടെ 400 കലോറി വീതം ഊർജമാണ് സാധാരണ ലഭിക്കുന്നത്. അപ്പോൾ ആകെ കലോറി 1200 ആയിക്കഴിഞ്ഞു. ശേഷിക്കുന്ന 300 കലോറി ഊർജം ലഭിക്കേണ്ടത് രണ്ടുനേരം കഴിക്കുന്ന സ്നാക്കുകളിലൂടെയാണ്. ഇതിൽ 400 കലോറി ഊർജം ലഭിക്കുന്ന ഒരു പ്രധാനഭക്ഷണത്തിനു പകരമാണ് ഡയറ്റ് ഡ്രിങ്കിന്റെ സ്ഥാനം. കഴിയുമെങ്കിൽ അത്താഴത്തിനു പകരമായി ഇതു കഴിക്കാം.

600 കലോറി —ശ്രദ്ധിക്കുക

ഒരു ദിവസം 600 കലോറി എന്നു നിശ്ചയിക്കുമ്പോൾ ഒരു നേരത്തെ ആഹാരത്തിനു പകരമായി 200 കലോറി കിട്ടത്തക്കവിധം ഡയറ്റ് ഡ്രിങ്ക് ക്രമീകരിക്കാം. 400 കലോറി വരുന്ന രീതിയിൽ മറ്റ് ആഹാരവും കഴിക്കണം. എന്നാൽ ദിവസം 600 കലോറി മാത്രം ആഹാരം എന്നത് പ്രമേഹരോഗിയെ സംബന്ധിച്ച് ആരോഗ്യകരമായി അഭികാമ്യമല്ല.

ഡയറ്റ് ഡ്രിങ്ക് കഴിക്കുന്നതിനൊപ്പം ദിവസം നാലോ അഞ്ചോ സെർവിങ്ങുകളിലൂടെ നാരുകളടങ്ങിയ പച്ചക്കറികളും കഴിക്കണം. ഒരു സെർവിങിൽ 50 ഗ്രാം പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ അഞ്ചു സെർവിങ്ങുകളാകുമ്പോൾ 250 ഗ്രാം പച്ചക്കറി ദിവസവും ആഹാരത്തിലുൾപ്പെടുത്താനാകും. ഗർഭിണികളായ പ്രമേഹരോഗികൾ, രോഗസങ്കീർണതയുള്ളവർ ഇവരെല്ലാം ഡയറ്റ് ഡ്രിങ്കുകളെ ആശ്രയിക്കുന്നത് അഭികാമ്യമല്ല.

ഡയറ്റ് ഡ്രിങ്കിന്റെ ചേരുവകൾ

ഡയറ്റ് ഡ്രിങ്കിന്റെ ചേരുവകൾ ഇന്ന് വിപണിയിലും ലഭ്യമാണ്. എന്നാൽ കൂടൂതൽ പോഷകപ്രദമായി രുചികരമായി അവ വീട്ടിൽ തയാറാക്കാം. തവിടു നീക്കാത്ത ധാന്യങ്ങളാണ് പ്രധാന ചേരുവ. ഓട്സ്, നുറുക്കുഗോതമ്പ്, അവിൽ ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇതിനൊപ്പം കൊഴുപ്പു കുറഞ്ഞ പാൽ, അണ്ടിപ്പരിപ്പുകൾ, തൈരു പോലുള്ള പ്രോബയോട്ടിക് ആഹാരം (പ്രോബയോട്ടിക് ആഹാരം പ്രതിരോധശക്തിയെ വർധിപ്പിക്കുന്നു)എന്നിവയും ചേർക്കുന്നു. ഡയറ്റ് ഡ്രിങ്കിൽ പഞ്ചസാര ചേർക്കേണ്ടതില്ല. പകരം ഉണക്കമുന്തിരി ചേർക്കാവുന്നതാണ്.

ഡയറ്റ്ഡ്രിങ്ക് കഴിച്ചിട്ടും വിശപ്പു ശമിക്കാത്ത പ്രമേഹരോഗികൾക്ക് അതിനുശേഷം പച്ചക്കറി സാലഡോ, സൂപ്പോ കഴിക്കാം. തക്കാളി, ഉള്ളി, വെള്ളരിക്ക തുടങ്ങി ജലാശാം കൂടുതലുള്ള തരം പച്ചക്കറികളാണ് ഇതിനനുയോജ്യം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. അനിതാ മോഹൻ ന്യൂട്രീഷൻ വിദഗ്ധ, തിരുവനന്തപുരം