കൊളസ്ട്രോളിനെതിരെ മുന്നറിയിപ്പു നൽകി ലോകത്തെ വിരട്ടിയിരുന്ന യുഎസ് ആരോഗ്യസമിതി അഭിപ്രായം തിരുത്തുന്നു. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ കൊളസ്ട്രോൾ300 മില്ലിഗ്രാമിൽ കൂടരുതെന്ന് ആവർത്തിച്ചിരുന്ന ഡയറ്ററി ഗൈഡ്‌ലൈൻസ് അഡ്വൈസറി കമ്മിറ്റിയാണു കൊളസ്ട്രോളിനെതിരെ ചില മുന്നറിയിപ്പുകൾ ഒഴിവാക്കുന്നത്.
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽത്തന്നെ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ടെന്നും മുട്ട കഴിക്കണമെന്നു നിർബന്ധമാണെങ്കിൽ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കാമെന്നുമാണു ജനത്തിന് ഇക്കാലമത്രയും കിട്ടിയ ഉപദേശം. എന്നാൽ, മഞ്ഞക്കരു അങ്ങനെ ഹാനികരമല്ലെന്നാണു പുതിയ നിലപാട്.
മഞ്ഞക്കരു, വെണ്ണ, മാട്ടിറച്ചി തുടങ്ങിയ ആഹാരപദാർഥങ്ങളിലെ ‘ഡയറ്ററി കൊളസ്ട്രോൾ’ ചീത്ത കൊളസ്ട്രോൾ ഉയർത്തുമെന്നോ ഹൃദ്രോഗമുണ്ടാക്കുമെന്നോ ഒരു പഠനങ്ങളും ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്തതാണ് അഭിപ്രായമാറ്റത്തിനു പിന്നിൽ. ഉടൻ പ്രസിദ്ധീകരിക്കുന്ന പുതിയ റിപ്പോർട്ടിന്റെ കരടു രൂപത്തിലാണു സമിതിയുടെ നിലപാടുമാറ്റം.