പ്രകൃതിദത്തമായ വേദന സംഹാരിയാണ് കറുവപ്പട്ട. പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ കറുവപ്പട്ട സഹായിക്കുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയുന്നു.
അര ടീസ്പൂൻ കറുവപ്പട്ട പൊടിയോടൊപ്പം ഒരു ടീസ്പൂൺ തേൻ ചേർത്ത് പ്രഭാത ഭക്ഷണത്തിനു മുൻപു കഴിക്കുന്നത് സന്ധിവേദനയ്ക്ക് പരിഹാരമാണെന്ന് ആയുർവേദം പറയുന്നു. ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ അര ടീസ്പൂൻ കറുവപ്പട്ടയും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി രാവിലെയും വൈകുന്നേരവും കുടിക്കാം- മികച്ചൊരു ആരോഗ്യ പാനീയമാണിത്.
കറികളിലും സാലഡിലും തൈരിലും മറ്റും ഒരു നുള്ള് കറുവപ്പട്ട ചേർക്കുന്നതും ഇതേ ഫലം ചെയ്യും. അതുപോലെ തന്നെ കറുവപ്പട്ടയുടെ അമിത ഉപയോഗം രക്തദൂഷ്യത്തിനും മൈഗ്രേനും കാരണമാകുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.