Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഫ്റ്റ് ഡ്രിങ്കുകൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

soft-drinks

മലയാളി യുവത്വത്തിന്റെ പുതിയ ശീലമാണ് കാർബണേറ്റഡ് ഡ്രിങ്ക്സ്, കോക്ക്, ഫിസ്സി ഡ്രിങ്ക്, പോപ്പ് ഡ്രിങ്ക്, കൂൾ ഡ്രിങ്ക് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകൾ. യാത്രയിൽ ഒരു കുപ്പി വെള്ളം കൂടെക്കരുതാൻ മടിക്കുന്ന നമുക്ക് സോഫ്റ്റ്ഡ്രിങ്ക്സ് ആണു കൂടുതലിഷ്ടം. സൗഹൃസദസ്സുകളിലും പാർട്ടികളിലും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്നതു നിറമുള്ള ഈ പാനീയങ്ങള‍ുടെ ലഹര‍ിയാണ്. ഈ സോഫ്റ്റ് ഡ്രിങ്കുകൾ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? അവയുടെ നിർമാണവും ചേരുവകളും അറിയാം

എങ്ങനെ തയാറാക്കുന്നു?

സോഫ്റ്റ് ഡ്രിങ്കുകൾ ഉത്പാദിപ്പിക്കുന്നതു കാർബൺ ഡൈ ഒാക്സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും (ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നവ) സുക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ തുടങ്ങ‍ിയവയും കൂട്ടിക്കലർത്തിയാണ്. 18-ാം നൂറ്റാണ്ടിൽ ജോസഫ് പ്രിസ്റ്റ്ലി അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ കാർബൺഡൈ ഒാക്സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കാർബണേറ്റഡ് വാട്ടർ (സോഡാവെള്ളം) വികസിപ്പിച്ചെടുത്തു. ഇതാണു സോഫ്റ്റ് ഡ്ര‍ിങ്കുകളുടെ ഉത്പാദനത്തിന്റെ അടിസ്ഥാനതത്വം.

അറിയാം ചേരുവകൾ

സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. ഇതു വിവിധ തരത്തിലുണ്ട്. ചില ഡ്രിങ്ക്സിൽ പഞ്ചസാര ചേർക്കുന്നു. എന്നാൽ ഡയറ്റ് സോഡാ, സിറോ കാലറി ഡ്രിങ്ക്സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ അഥവാ ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് ആണു ചേർക്കുന്നത്. ഇത്തരം മധുരങ്ങൾ നമ്മുടെ രുചിമുകുളത്തെ ഉത്തേജിപ്പിച്ചു കൂടുതൽ മധുരം കഴിക്കണമെന്നുള്ള തോന്നൽ ഉണ്ടാക്കും. ഇതുവഴി ധാരാളം കാലറിയും കൊഴുപ്പും ഉള്ളിലെത്താൻ കാരണമാകും.

ഫ്രക്ടോസ് കോൺസിറപ്പ് എന്ന വില്ലൻ

മധുരങ്ങളിലെ പ്രധാന വില്ലൻ പല സോഫ്റ്റ് ഡ്രിങ്ക്സിലും ചേർക്കുന്ന ഫ്രക്ടോസ് കോൺസിറപ്പാണ്. സാധാരണ പഞ്ചസാരയെക്കാൾ പലമടങ്ങ് മധുരവും താരതമ്യേന വിലക്കുറവും കാരണം ഇതു കോളകളിലെല്ലാം ചേർക്കാൻ പ്ര‍േരിപ്പിക്കപ്പെടുന്നു. ഇതു വിവിധതരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മറ്റു മധുരങ്ങൾ വേഗം ആഗിരണം ചെയ്യുകയും രക്തത്തിലെ ട്രൈഗ്ലിസറൈഡ്, ചീത്ത കൊഴുപ്പുകളുടെ ഉത്പാദനം എന്നിവ കൂട്ടുകയും ചെയ്യുന്നു. സ്ഥിരമായ ഉപയോഗം നോൺ ആൽക്കഹോളിക് ലിവർ ഡിസീസിനും വിശപ്പ‍ുകൂട്ടുന്നതിനും കാരണമാകുന്നു. ഈ മധുരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു വർധിപ്പിച്ച് ഗൗട്ട് പോലുള്ള രോഗങ്ങളിലേക്കും വഴിതെളിക്കുന്നു.

സോഫ്റ്റ് ഡ്രിങ്ക്സിലൂടെ എത്തുന്ന മധുരം കുട്ടികളിലും കൗമാരക്കാർക്കിടയിലും അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഇവയുടെ ഉപയോഗം വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ (വിസറൽ ഫാറ്റ്) അളവു കൂട്ടുകയും ഇതു പ്രമേഹത്തിനു കാരണമാകുകയും ചെയ്യുന്നു.

ട്രാഫിക് ലൈറ്റ് ലേബലിങ്ങ്സ്

2014-ൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് കളർകോഡ്സ് അഥവാ ട്രാഫിക് ലൈറ്റ് ലേബലിങ്ങ്സ,് എന്ന സംവിധാനം എത്തി. അതോടെ അമിതമധുരം ചേർത്ത പാനീയങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ തരംതിരിക്കാനായി. 100 മിലീ ഡ്രിങ്ക്സിൽ 11.2 ഗ്രാമിൽ കൂടുതൽ പഞ്ചസാര അടങ്ങിയാൽ അത് റെഡ് ഗ്രൂപ്പിലും 11.2 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയാൽ ആംബർ ഗ്രൂപ്പിലും ഉൾപ്പെടുത്തുന്നു. 100 മിലീയിൽ 2.2 ഗ്രാമും അതിനുതാഴെയും ആണു പഞ്ചസാരയുടെ അളവെങ്കിൽ അതിനെ ഗ്രീൻവിഭാഗത്തിലുൾപ്പെടുത്തുന്നു. ഈ കളർ കോ‍ഡുകൾ കുപ്പികളിൽ രേഖപ്പെടുത്തുന്നുണ്ട്. നാം വാങ്ങുന്ന കുപ്പികളിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതു നന്നായിരിക്കും.

അനാരോഗ്യവഴികൾ

നിറം നൽകാൻ ചേർക്കുന്ന പദാർഥങ്ങളും ചീത്തയാകാതിരിക്കാൻ ചേർക്കുന്ന സോഡിയം ബെൻസോയേറ്റും പേശികളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും കുട്ടികളിൽ ശ്രദ്ധക്കുറവിനും പിരുപിരിപ്പിനും കാരണമാകുകയും ചെയ്യുന്നു. സോഡിയം ബെൻസോയേറ്റ് ചിലരിൽ ആസ്മയ്ക്കും കാരണമാകാം.

കഫീൻ അടങ്ങിയ പാന‍ീയങ്ങൾ മൂത്രത്തിലൂടെ കാത്സ്യത്തെ പുറംതള്ളി ബോൺ ഡെൻസിറ്റി കുറച്ച് ഒാസ്റ്റിയോപൊറോസിസിനു കാരണമാകുന്നു. ഈ പാന‍ീയങ്ങളുടെ സ്ഥിരം ഉപയോഗം ഉറക്കക്കുറവിനും രക്തസമ്മർദം ഉയരാനും കാരണമാകുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രത്തിലേക്കും നയിക്കാമെന്നു പഠനങ്ങൾ പറയുന്നു. ടിന്നിലടച്ച പഴച്ചാറുകളിലും കോളകളിലേതുപോലെതന്നെ ഉയർന്ന അളവിൽ പഞ്ചസാരയുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടിൽ ദാഹം തീർക്കാൻ നിരന്തരം സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗിച്ച് പ്രമേഹലക്ഷണങ്ങളുമായി നാട്ടിലെത്തുന്നവർ നിരവധിയുണ്ട്.

ദന്തക്ഷയം വരാം

സോഫ്റ്റ് ഡ്രിങ്ക്സിലെ പഞ്ചസാരയെ (കാർബോഹൈഡ്രേറ്റ്) പല്ലിലെ ബാക്ടീരിയകൾ ഫെർമന്റ് ചെയ്യിപ്പിച്ച് ആസിഡ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. ഇതു ദന്തക്ഷയത്തിനു കാരണമാകുന്നു. സോഫ്റ്റ് ഡ്രിങ്കുകൾ മൊത്തിക്കൂടിക്കുന്നതു പല്ലുകൾക്ക് ഏറെ ദോഷം ചെയ്യും.

പായ്ക്കറ്റ് ജ്യൂസുകൾ

ടെട്രാ പായ്ക്കിങ് അഥവാ കാർട്ടണുകളിൽ പായ്ക്കു ചെയ്ത ജ്യൂസുകൾ ദീർഘകാലം കേടാവാതിരിക്കാൻ പാസ്ചുറ്റെസ് ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യ‍ുമ്പേ‍ാൾ പ്രകൃതിദത്തമായ പോഷകങ്ങളും ദഹനസഹായികളായ എൻസൈമുകളും നശിപ്പിക്കപ്പെടുന്നു. പഴങ്ങളിലെ പി എച്ച് (pH)ക്ഷാരസ്വഭാവത്തിൽ നിന്നും (Alkaline) അമ്ലഗുണമുള്ളതായി മാറുന്നു. ഇത്തരത്തിൽ പാസ്ചുറ്റെസ് ചെയ്ത പാക്കറ്റുകൾ താഴ്ന്ന താപനിലയിൽ സൂക്ഷിക്കുകയും തുറന്നാലുടൻ ഉപയോഗിച്ചു തീർക്കുകയും വേണം. ഇല്ലെങ്കിൽ അണുബാധയുണ്ടാകും.

സോഡ കുടിച്ചാൽ

സോഡ താരതമ്യേന സുരക്ഷിതമാണെന്നു പറയാറുണ്ട്. അതു പോലെ സോഡ ഗ്യാസ് ട്രബിൾ കുറയ്ക്കും എന്നൊരു ധാരണയുമുണ്ട്. എന്നാൽ സോഡയുടെ ഉപയോഗം ഗ്യാസ് വർധിപ്പിക്കും. സോഡയിൽ രൂപപ്പെടുന്ന കാർബോണിക് ആസിഡ് ദഹനക്ക‍േടിനും കാരണമാകുന്നുണ്ട്.

കുട്ടികളും സോഫ്റ്റ് ഡ്രിങ്കുകളും

സോഫ്റ്റ് ഡ്രിങ്കുകളിലെ സംസ്കരിച്ച് പഞ്ചസാരയുടെ വർധിതമായ അളവ് അഡ്രിനാലിന്റെ അളവു കൂട്ടുകയും കുട്ടികളെ പിരുപിരുപ്പ് അഥവാ ഹൈപ്പർ ആക്ടിവിറ്റ‍ി ഉള്ളവരാക്കുകയും ചെയ്യുന്നു. കുട്ടികളിൽ ഏകാഗ്രത കുറയുന്നതായും പഠനങ്ങൾ പറയുന്നു. ഊർജഭരിതമായ സോഫ്റ്റ് ഡ്രിങ്കുകൾ കുട്ടികളുടെ വയർ െ‌പട്ടെന്നു നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. അതു കൊണ്ട് പോഷതസമൃദ്ധമായ മറ്റ് ആഹാരപദാർഥങ്ങളോട് താത്പര്യം കാണിക്കാതെ വരുന്നു. അങ്ങനെ കുട്ടികളുടെ ശരിയായ വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. രക്തക്കുറവും വളർച്ചക്കുറവും ഉണ്ടാകുന്നു. ചില കുട്ടികളിൽ സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയ പ‍‍ഞ്ചസാര ദഹിപ്പിക്കാനാകാതെ വരുന്നതിനാൽ വയറിളക്കവും മറ്റ് അനുബന്ധ ലക്ഷണങ്ങളും പ്രകടമായേക്കാം. ഇത്തരം ഡ്രിങ്കുകൾ നിർത്തുമ്പേ‍ാൾ അവരുടെ ആഹാരത്തിലെ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുകയും കുഞ്ഞ‍ുങ്ങളുടെ വളർച്ച മെച്ചപ്പെടുകയും ചെയ്യുന്നു. കുട്ടികൾക്കു ഫ്രഷ് ജ്യൂസ് നൽകുന്നതാണു സുരക്ഷിതം.

ജീന വർഗീസ്

ഡയറ്റീഷ്യൻ എൻ സി ടി വിഭാഗം ജനറൽ ആശുപത്രി ആലപ്പുഴ