Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിവായി സോഡയും പിസയും കഴിച്ചാൽ?

107428978

കുട്ടികൾ ശാഠ്യം പിടിക്കുമ്പോഴും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനുമെല്ലാം അവർ ആവശ്യപ്പെടുന്ന എന്തു ഭക്ഷണവും വാങ്ങിനൽകുന്ന രക്ഷിതാക്കൾ അറിയാൻ, പതിവായി സോഡ, മധുരപാനീയങ്ങൾ, പിസ, ബിസ്കറ്റ്, ഉപ്പു കൂടിയ ഭക്ഷണം എന്നിവ കഴിക്കുന്ന കുട്ടികൾക്ക് കരൾരോഗം വരാൻ സാധ്യതയുണ്ടെന്ന് ഒരു പഠനഫലം മുന്നറിയിപ്പു നൽകുന്നു.

ഇവയിലടങ്ങിയ ഫ്രക്ടോസ് ആണ് യൂറിക് ആസിഡിന്റെ ഗാഢത കൂട്ടുകവഴി കരൾരോഗത്തിനു കാരണമാക്കുന്നതെന്ന് ഇറ്റലിയിലെ ബാംബിനോ ജെസു ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു.

മദ്യം ഒട്ടും ഉപയോഗിക്കാത്ത ആളുകളിൽ കരളിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്(NAFLD). ഇവരിൽ ഫ്രക്ടോസ് ഉപഭോഗവും യൂറിക് ആസിഡിന്റെ ഗാഢതയും കൂടുതലായിരിക്കും.

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്റെ അത്ര ഗുരുതരമല്ലാത്ത അവസ്ഥയാണ് നോൺ ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ്(NASH). പാശ്ചാത്യ രാജ്യങ്ങളിലെ 30 ശതമാനം പേരും NASH ബാധിച്ചവരാണ്. അതുപോലെ 9.6% കുട്ടികളിലും 38 % പൊണ്ണത്തടിയുള്ള കുട്ടികളിലും NASH ബാധിക്കുന്നതായി പഠനം പറയുന്നു.

NASH മൂർച്ഛിച്ചാൽ മുതിർന്നവരിൽ കരൾവീക്കത്തിനും പിന്നീട് കരളിലെ അർബുദത്തിനും കാരണമാകും. 271 പൊണ്ണത്തടിയുള്ള കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. ഇവരിൽ 12.5 വയസ്സുള്ള 155 ആൺകുട്ടികൾ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗം ബാധിച്ചവരും കരളിന്റെ ബയോപ്സിക്കു വിധേയരായവരുമായിരുന്നു.

ഇവരിൽ 90 ശതമാനവും ആഴ്ചയിൽ ഒന്നിലധികം തവണ സോഫ്റ്റ് ഡ്രിങ്കുകളും സോഡയും കുടിക്കുന്നവരായിരുന്നു. ഏതാണ്ട് 95 % പേരും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പിസ, കൊറിക്കുന്ന വറുത്ത ഭക്ഷണം, ഉപ്പു കൂടിയ ഭക്ഷണം, ബിസ്കറ്റ്, മറ്റു ലഘുഭക്ഷണങ്ങൾ എന്നിവ പതിവായി കഴിക്കുന്നവരുമായിരുന്നു.

NASH ബാധിക്കുന്നത് വ്യക്തിയുടെ ആയുസ്സിനെയും ജീവിത ഗുണനിലവാരത്തെയും ബാധിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും ഈ രോഗം വരാതിരിക്കാൻ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

കുട്ടികളിലും കൗമാരക്കാരിലും കരൾരോഗസാധ്യത ഇല്ലാതാക്കാൻ അവർക്ക് പിസ, ബിസ്കറ്റ്, ഉപ്പു കൂടിയ ഭക്ഷണം മുതലായ ജങ്ക്ഫുഡുകൾ, മധുരപാനീയങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കണമെന്ന് ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

Your Rating: