Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി കൊഴിച്ചിൽ: കാരണമറിഞ്ഞ് പരിഹരിക്കാം

Worried Woman Looking At Comb

മുടികൊഴിച്ചിലിനെപ്പറ്റി പരാതി പറയാത്തവർ കുറവായിരിക്കും. മുൻപ് ഈ പരാതി കൂടുതലും സ്ത്രീകൾക്കായിരുന്നെങ്കിൽ ഇപ്പോൾ പുരുഷന്മാരെയും മുടികൊഴിച്ചിൽ അലട്ടാൻ തുടങ്ങിയിരിക്കുന്നു.

മുടികൊഴിച്ചിലിനുളള പ്രധാന കാരണം താരനാണ്. ശിരോചർമത്തിന്റെ വൃത്തിയില്ലായ്മ മൂലമാണ് പലപ്പോഴും താരനുണ്ടാകുന്നത്. ചർമം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന എണ്ണയുടെ അളവ് കൂടിയാലും കുറഞ്ഞാലും താരനുണ്ടാവാം. ദിവസവും ഷാംപൂ ഉപയോഗിക്കുന്നതും തലയിൽ എണ്ണ തേച്ചിട്ട് കഴുകിക്കളയാതിരിക്കുന്നതും താരനു കാരണമാകാം. ഇവ രണ്ടും ചർമത്തിലെ എണ്ണമയത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു.

മറ്റൊരു പ്രധാന കാരണം നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പോഷകാംശത്തിന്റെ കുറവാണ്. എത്ര കഴിക്കുന്നു എന്നതിനേക്കാൾ എന്തു കഴിക്കുന്നു എന്നതിൽ ശ്രദ്ധ കൊടുക്കണം. മുടിക്ക് ആവശ്യമായ പ്രധാന പോഷകം പ്രോട്ടീൻ ആണ്. മുട്ടവെളള, പയർ വർഗങ്ങൾ, സോയാ തുടങ്ങിയവ മുടിക്കു ഗുണം ചെയ്യും. ഓറഞ്ച്, ആപ്പിൾ, മുന്തിരി, വാഴപ്പഴം പോലുളള പഴങ്ങളും വാൽനട്ട് പോലുളള നട്ട്സുമൊക്കെ മുടിക്ക് കരുത്തേകുന്ന ആഹാരവസ്തുക്കളാണ്. ഭക്ഷണത്തിലെ അമിതമായ ഉപ്പ്, എരിവ്, പുളി എന്നിവ ക്രമീകരിക്കുന്നതും ഗുണം ചെയ്യും. വെളളം ധാരാളം കുടിക്കുക എന്നത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്.

ഹോർമോൺ വ്യതിയാനങ്ങൾ മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണമാണ്. തൈറോയ്ഡ് ഹോർമോൺ, സ്ത്രീ ഹോർമോണുകൾ എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ മുടിയുടെ വളർച്ചയെ ബാധിക്കും. മാനസിക സമ്മർദവും പിരിമുറുക്കവും അതു മൂലമുണ്ടാകുന്ന ഉറക്കക്കുറവും മുടികൊഴിച്ചിലിന് ഒരു കാരണമാണ്.

മേൽപ്പറഞ്ഞ കാര്യങ്ങൾക്കു പുറമെ നമ്മുടെ ചില പ്രവൃത്തികളും മുടികൊഴിച്ചിലിന്റെ തോതു കൂട്ടും. ഹെയർ സ്ട്രെയ്റ്റനിങ്, ആർട്ടിഫിഷ്യൽ കളറിങ്, Perming എന്നിങ്ങനെ മുടിയുടെ തനതായ രൂപത്തെയും സ്വഭാവത്തെയും അമിതമായ ചൂടും രാസവസ്തുക്കളും ഉപയോഗിച്ചു മാറ്റിയെടുക്കുന്നത് അതിന്റെ ആയുസ്സു കുറയ്ക്കും. കൊഴിയുന്നുണ്ടോ എന്നു നോക്കാൻ മുടിയിൽ മെല്ലെ വലിച്ചു നോക്കുന്നതും മറ്റും അത് പിഴുതെടുക്കുന്നതിനു തുല്യമാണ്.

കാലാവസ്ഥ വ്യതിയാനവും ചിലപ്പോൾ മുടികൊഴിച്ചിലിനു കാരണമാകുന്നുണ്ട്. തണുപ്പു കാലത്ത് അനുഭവപ്പെടുന്ന മുടി കൊഴിച്ചിൽ ശിരോചർമത്തിന്റെ വരൾച്ചയുമായും ചൂടുകാലത്തുളള മുടി കൊഴിച്ചിൽ ശിരോചർമത്തിൽ അടിയുന്ന വിയർപ്പും ചെളിയുമായും ബന്ധപ്പെടുത്താം.

മുടി കൊഴിച്ചിൽ തടയാൻ പ്രധാനമായും ചെയ്യേണ്ടത് ശിരോചർമം വൃത്തിയായി നിലനിർത്തി താരനെ അകറ്റുക എന്നതാണ്. പോഷക മൂല്യമുളള ആഹാരങ്ങൾ ശീലമാക്കുക, ധാരാളം ശുദ്ധജലം കുടിക്കുക. കുളിച്ചു കഴിഞ്ഞ് ഉടൻ നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. ആ സമയത്ത് ശിരോചർമം വളരെ മൃദുവായിരിക്കും. അപ്പോൾ മുടി ചീകുന്നത് മുടിയുടെ ഇലാസ്തികത നഷ്ടപ്പെടാനും മുടി ഊരിവരാനും കാരണമായേക്കാം. മുടിയിലെ കെട്ടുകൾ കളയുന്നത് വിരലുകളോ അകന്ന പല്ലുളള ചീർപ്പോ ഉപയോഗിച്ചാവാം. മാസത്തിൽ ഒന്നോ രണ്ടോ തവണ തല മസാജ് ചെയ്യുന്നത് ചർമത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. ഇടയ്ക്കിടെ മുടിയിലൂടെ കൈയോടിക്കുന്ന ശീലമുളളവർ അതൊഴിവാക്കാൻ ശ്രമിക്കുന്നതാണ് മുടികൊഴിച്ചിൽ തടയാൻ മറ്റൊരു മാർഗ്ഗം.

മുടി കൊഴിച്ചിൽ: ലേപനങ്ങളും എണ്ണകളും

മുടിയുടെ സ്വാഭാവിക ആരോഗ്യം നിലനിർത്താൻ മേൽപറഞ്ഞ കാര്യങ്ങൾതന്നെ ശ്രദ്ധിച്ചാൽ മതിയാവും. വീര്യം കൂടിയ രാസവസ്തുക്കൾ അടങ്ങിയ ഷാംപൂവും മറ്റും കേശസംരക്ഷണ ഉൽപ്പന്നങ്ങളും കഴിവതും കുറച്ചുമാത്രം ഉപയോഗിക്കുക. തല കഴുകാൻ താരതമ്യേന വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ കടലമാവ്, ചെറുപയർപൊടി, താളി എന്നിവ ഉപയോഗിക്കാം. അതുപോലെ സ്ത്രീകൾ മുടി എപ്പോഴും കെട്ടി വയ്ക്കാതെ ഇടയ്ക്ക് അഴിച്ചിടുകയോ അയച്ചു കെട്ടുകയോ ആവാം. നാം നട്ടുവളർത്തുന്ന ഒരു ചെടിയെ പരിപാലിക്കുന്നതുപോലെ നമ്മുടെ മുടിയെ കരുതിയാൽത്തന്നെ മുടി കൊഴിച്ചിലിനെ ഒരുപരിധിവരെ തടയാം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. റെജി നിക്കോളാസ്, ഡോ. അശ്വീൽ വിഎം കുട്ടി
കൺസൾട്ടന്റ്സ് ഡിഎച്ച്ഐ ക്ലിനിക്
കൊച്ചി, കോഴിക്കോട്