മനസ്സു നന്നാക്കാൻ ഹോമിയോ

സ്വഭാവമൊന്നു മാറ്റിക്കൂടെ? ജീവിതത്തിൽ ഇങ്ങനെയൊരു ചോദ്യം മക്കളോടൊ ജീവിതപങ്കാളികളോടൊ ചോദിക്കാത്തവരായി ആരുമുണ്ടാകില്ല. സ്വന്തം സ്വഭാവം മാറ്റണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ജയിലിൽ കിടക്കുന്ന സാമൂഹികദ്രോഹികളെ, ദുഷ്പ്രവണതക്കാരെ, നിരാശാബാധിതരെ ഒക്കെ ജീവിതത്തിന്റെ നല്ലവഴിയിലേക്ക് തിരിച്ചുകൊണ്ടുവരാനായാലോ? ഇതിനൊക്കെയല്ലേ കൗൺസലിങ് എന്നാകും വിചാരിക്കുന്നത്. എന്നാൽ രോഗി ഇത്തരം മരുന്നില്ലാ ചികിത്സകളെ സ്വീകരിക്കാൻ മാനസികമായും തയാറായാലേ ഗുണമുള്ളു.

എന്നാൽ എല്ലായ്പോഴും ഇതു ഫലപ്രദമല്ല. ഉദാഹരണത്തിന് ഉന്മാദരോഗികൾ ഉപദേശത്തിനു വഴങ്ങുന്നവരല്ല. കൗമാരക്കാരെ കൗണ്‍സിലിങ്ങിനു നിർബന്ധിച്ചു കൊണ്ടുവന്നാൽ ‘എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാകൂല്ല’ എന്നാവും അവരുടെ ഭാവം. വിഷാദരോഗികളുടെ ചെവിയിലാകട്ടെ കൗൺസലിങ് നിർദേശങ്ങളൊന്നും വീഴുകപോലുമില്ല. എന്നാൽ ഇതൊന്നും സാധാരണക്കാർക്കറിയില്ല. കാരണം ഭൂരിഭാഗം പേരിലും കൗൺസലിങ് കഴിയുന്നതോടെ നല്ല മാറ്റമുണ്ടാകും. യഥാർഥത്തിൽ പ്രശ്നബാധിതൻ കൗൺസലിങ്ങിനു പോകാൻ തയാറാകുമ്പോൾ തന്നെ മാനസികമായി ഒത്തുതീര്‍പ്പിനു വഴങ്ങുകയാണ്. ഇതോടൊപ്പം കാലം മുറിവുണക്കുക കൂടി ചെയ്യുമ്പോൾ സംഗതി ശുഭപര്യവസായിയാകുന്നു.

ഹോമിയോയും കൗൺസലിങും

ലഘുമാനസിക പ്രശ്നങ്ങളിൽ പെട്ടവരെ കൗൺസലിങ്ങിനുപയുക്തമായ രീതിയില്‍ വഴക്കിയെടുക്കാൻ യോജ്യമായ ഹോമിയോ മുരുന്നുകൊണ്ടു സാധിക്കും. മാത്രമല്ല. കൗൺസലിങ്ങിനൊപ്പം ഹോമിയോ മരുന്നു കൂടി കഴിച്ചാൽ രോഗം വളരെ വേഗം സുഖമാക്കുകയും ചെയ്യും.‌

ഇതു മാത്രമല്ല മാനസികപ്രശ്നങ്ങളിലെ ഹോമിയോപ്പതിയുടെ പങ്ക് ഓരോ മനുഷ്യന്റെയും പ്രത്യേക സ്വഭാവങ്ങൾ അവന്റെ പഴകിയതോ പുതിയതോ ആയ ജീവിതസാഹചര്യങ്ങള്‍ കൊണ്ടാകാം. ചിലപ്പോൾ ഒരു നിമിഷത്തെ മാനസിക ആഘാതമാകാം അവന്റെ ജീവിതമോ ചിന്തയോ സ്വഭാവമോ എന്നേക്കുമായി മാറ്റിമറിക്കുന്നത്. ആ കാരണത്തെ കണ്ടെത്തിയാൽ ആ മാനസികമുറിവുണക്കാൻ ഹോമിയോ മരുന്നിനാകും– കാലത്തേക്കാൾ ഇരട്ടിവേഗത്തിൽ. വിഷാദം, ഉത്കണ്ഠാ പ്രശ്നങ്ങള്‍, സ്ത്രീകളിലെ വാശി, മുൻകോപം, മാസമുറകാലത്തെ സ്വഭാവവ്യതിയാനം, പ്രസവാനന്തര മാനസികപ്രശ്നങ്ങൾ, ലൈംഗികപ്രശ്നങ്ങൾ, കുട്ടികളിലെ പരീക്ഷാപ്പേടി, സഭാകമ്പം, ദേഷ്യം, വാശി, മോഷണശീലം, അനിയന്ത്രിത–പ്രവചനാതീത പ്രകൃതങ്ങൾ എന്നിവയ്ക്കൊക്കെ ‌ഹോമിയോപ്പതിയിൽ മരുന്നുണ്ട്.

പാർശ്വഫലങ്ങളില്ല

സ്വഭാവവ്യതിയാനം മാറ്റാൻ ദീർഘകാലമൊന്നും മരുന്നു കഴിക്കേണ്ടതില്ല. രണ്ട് ആഴ്ച കൊണ്ടു തന്നെ വ്യതിയാനം ആരംഭിക്കും. കൂടിയാൽ മൂന്നുമാസം മതി ‌ചികിത്സ. ഓരോ മനുഷ്യന്റെയും സ്വഭാവപ്രത്യേകതകൾക്കും കാരണങ്ങൾ ‌കണ്ടെത്താനാകും. ജനിതകകാരണങ്ങൾ, ജീവിത ചുറ്റുപാടുകൾ ഇവയെല്ലാം പിന്നിലുണ്ടാകാം. ഭൂരിഭാഗം സ്വഭാവ വൈചിത്ര്യങ്ങൾ മാറ്റാനോ ലഘുവാക്കാനോ രൂപമാറ്റം വരുത്താനോ ‌മരുന്നുകൾ കൊണ്ടു സാധിക്കും.

ഈ മരുന്നു മധുരമുള്ള ചെറുഗുളിക രൂപത്തിൽ ലഭ്യമാണ്. ചായയിലോ കാപ്പിയിലോ കറിയിലോ പൊടിച്ചുചേർക്കാം. രുചിവ്യത്യാസമോ മണമോ ഒന്നുമുണ്ടാവില്ല. ‌പാർശ്വഫലങ്ങളും ഇല്ല. മറ്റു മരുന്നുകളെപ്പോലെ തലച്ചോറിന്റെ ‌പ്രവർത്തനത്തെ ബാധിക്കില്ല. മരുന്നിനോട് അഡിക്ഷനോ മയക്കമോ ഉണ്ടാവുകയില്ല.

വിഷാദത്തിനു മുതൽ അസഹിഷ്ണുതയ്ക്കു വരെ

രോഗിയുടെ സ്വഭാവവ്യതിയാനങ്ങൾ അവർക്കു സ്വയം വിവരിക്കാൻ പറ്റില്ല. ചിലർ മാത്രം തനിക്കു മുമ്പുണ്ടായിരുന്നതിനെക്കാൾ വേഗത്തിൽ ദേഷ്യം വരുന്നു. അസഹിഷ്ണുത തോന്നുന്നു എന്നൊക്കെ പറഞ്ഞേക്കാം. ഭൂരിഭാഗം പേരും ആദ്യവിഭാഗത്തിൽ പെട്ടവരാണ്. അതിനാൽ അവരുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ സ്വഭാവാവസ്ഥ വിവരിക്കുകയാവും നല്ലത്. ഈ ‌സ്വഭാവവ്യതിയാനത്തിനു കാരണം കണ്ടെത്താനായാൽ വളരെ എളുപ്പമാകും ‌ചികിത്സ.

ഓഫീസിലെ പ്രശ്നത്തിന്റെ ഉച്ചിഷ്ടം പൊതുഞ്ഞുകെട്ടി വീട്ടിൽ കൊണ്ടുവരുന്ന ചിലരുണ്ട്. ഇങ്ങനെ അടിച്ചമർത്തപ്പെട്ട വികാരമാണു പിന്നീടു പൊട്ടിത്തെറിയാകുന്നത്. ഹോമിയോപ്പതിയിലെ സ്റ്റാഫിസാഗ്രിയ, നക്സ്‌വൊം മുതലായ മരുന്നുകൾ ഇത്തരം അമിതദേഷ്യക്കാർക്ക് ഉപകരിക്കും.

മൂടിവയ്ക്കപ്പെട്ട സങ്കടങ്ങൾ, പ്രേമനൈരാശ്യം, പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ ഇവ ചിലരെയെങ്കിലും നിത്യവിഷാദ ‘ദേവദാസ്’ ആക്കി മാറ്റാറുണ്ട്. ഇവർക്ക് ഇഗ്നേഷ്യ. നാട്രംമൂർ എന്നീ മരുന്നുകൾ ഫലപ്രദമാകും.

ആ‌ർത്തവവിരാമം സ്ത്രീകളിൽ പല സ്വഭാവമറ്റങ്ങൾക്കും കാരണമാകുന്നുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനമാണു. ഇതിനു പിന്നിൽ. ഈ സമയത്തു ‌സ്ത്രീകളിൽ ഉഷ്ണവും പരവേശവും തോന്നുന്നതു കൂടാതെ, അതുവരെയില്ലാതിരുന്ന ക്ഷിപ്രകോപവും അസഹിഷ്ണുതയും വന്നുചേരും. ഇത്തരം ഹോർമോൺ വ്യതിയാന സംബന്ധിയായ സ്വഭാവ പ്രശ്നങ്ങളെ ശമിപ്പിക്കാൻ ലാക്കസിസ്, ഗ്രാഫൈറ്റിസ് മുതലായ മരുന്നുകൾ വളരെ ഫലപ്രദമാണ്. തൈറോയിഡ് ഹോർമോണിന്റെ കൂടുതൽ കുറവുകളും സ്വഭാവവ്യതിയാനത്തിനു കാരണമാക്കും. ഇതിനും മരുന്നുണ്ട്.

മൊബൈൽ–നെറ്റ് ഭ്രാന്തിന്

പുതിയ തലമുറയുടെ മൊബൈൽ, ഇന്റർനെറ്റ് അഡിക്ഷനുകളും ‌സാമൂഹിക മാധ്യമ ഇടപെടലുകളും അമിത ലൈംഗിക സുഖാന്വേഷണങ്ങളുമെല്ലാം ഭാവിയിലെ ‌മാനസിക സ്വഭാവ രൂപീകരണത്തെ ബാധിക്കുമെന്നുറപ്പാണ്. പെരുമാറ്റപ്രശ്നങ്ങളും ആന്റിസോഷ്യൽ പേഴ്സണാലിറ്റിയുമൊക്കെയുള്ളവർ ഇപ്പോൾ ആധുനിക മാധ്യമങ്ങളിലൂടെയാണ് അവരുടെ വികലത പ്രകടിപ്പിക്കുന്നത്. ‌മാനസിക അതൃപ്തിയാണ് ഇവരുടെ അടിസ്ഥാന രോഗഹേതു. അയോഡം, നാട്രംമൂർ, സൾഫർ മുതലായ മരുന്നുകൾ‍ ഇവർക്കു ഫലപ്രദമാണ്.

ഹോമിയോപ്പതി മരുന്നുകൾ ഒരുതരം ‘ലോക്ക് ആന്‍ഡ് കീ’ രീതിയിലാണ്. താഴ് തുറക്കാൻ അനുയോജ്യമായ താക്കോലു തന്നെ വേണം. ആ താക്കോൽ ‌കണ്ടെത്താൻ കഴിയുന്ന ഡോക്ടർക്ക് നിങ്ങളെ രക്ഷിക്കാനാകും. രോഗിയുടെ ശാരീരിക –മാനസിക പ്രത്യേകതകൾക്കും വ്യക്തിത്വത്തിനും അമിതപ്രാധാന്യമാണ് ഹോമിയോപ്പതി‌യിലുള്ളത് എന്നതാണ് ഈ ചികിത്സയുടെ പ്രധാന ഗുണവും ദോഷവും.

മാനസികാരോഗ്യത്തിന് ഹോമിയോ പദ്ധതികൾ

∙ സദ്ഗമയ പ്രോഗ്രം– സ്കൂൾ വിദ്യാർഥികളുടെ ശാരീരിക മാനസിക, വൈകാരിക ആരോഗ്യത്തിന് അവരുടെ രണ്ടാം ത്വരിതവളർച്ചാ ഘട്ടത്തിൽ (Second Growth spurt) ഇടപെടുകയാണ് സദ്ഗമയ എന്ന പദ്ധതി ചെയ്യുന്നത്. മരുന്നും കൗണ്‍സലിങ്ങും അടങ്ങിയ സങ്കലന സമീപനമാണിവിടെ സ്വീകരിക്കുന്നത്. എല്ലാ ജില്ലകളിലും സദ്ഗമയ നിലവിലുണ്ട്. പഞ്ചായത്ത് തല ഡിസ്പെൻസറികളിൽ പരിഹരിക്കാനാവാത്ത കേസുകൾ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും അവിടെ വിദഗ്ധ സേവനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

∙ സീതാലയം–സ്ത്രീകളെ മാനസിക – ശാരീരിക – വൈകാരിക ആരോഗ്യമുള്ളവരാക്കി മാറ്റാനുള്ള എല്ലാ സൗകര്യങ്ങളും (ഔഷധം,‌ ‌‌‌‌‌കൗണ്‍സലിങ്, നിയമസഹായം) ഉള്ള ഹോമിയോപ്പതി വകുപ്പിന്റെ പ്രോജക്ടാണിത്. ‌എല്ലാ ‌ജില്ലകളിലും ഈ സൗകര്യവും ലഭ്യമാണ്.

ലഹരി വിമുക്തിക്ക്

മിക്ക ജില്ലകളിലും ഹോമിയോപ്പതി വകുപ്പിന്റെ ഡീ അഡിക്ഷൻ സെന്ററുകൾ ‌‌‌‌‌‌‌പ്രവർത്തിക്കുന്നുണ്ട്. രണ്ടുമൂന്നിടങ്ങളിൽ കിടത്തിചികിത്സയുണ്ട്. ബാക്കി സ്ഥലങ്ങളിൽ മരുന്നും ലഭ്യമാണ്. രോഗി അറിയാതെ ഭക്ഷണത്തിൽ ചേർത്തും ‌മരുന്നു നൽകാം. രണ്ടാഴ്ചയാകുമ്പോഴേ മദ്യപാനത്തോടനുബന്ധിച്ചുള്ള അക്രമസ്വഭാവം മാറിത്തുടങ്ങും. ഈ മരുന്ന് മദ്യത്തോടുണ്ടായിരുന്ന അടിസ്ഥാനമനോഭാവം തന്നെ മാറ്റുകയും ചെയ്യുന്നു. ‌മദ്യപാനം ‌നിർത്തുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൗൺസലിങും നൽകുന്നുണ്ട്.

ഡോ. ടി. ജി. മനോജ് കുമാർ
ഗവ. ഹോമിയോപ്പതി ഡിസ്പെൻസറി
കണിച്ചാർ, കണ്ണൂർ