മുലയൂട്ടുന്ന അമ്മമാർ അവരുടെ ഭക്ഷണവും ആരോഗ്യവും നന്നായി ശ്രദ്ധിക്കണം. പാല് കൂടാൻ ഏറ്റവും നല്ല വഴി കുഞ്ഞിന് പാൽ കൊടുക്കുക എന്നതു തന്നെയാണ്. മുലയൂട്ടുമ്പോൾ നാഡികൾക്കുണ്ടാകുന്ന ഉത്തേജനം (Stimulation) കൂടുതൽ പാൽ സ്തനങ്ങളിൽ ഉത്പാദിപ്പിക്കാൻ സഹായകമാകും. മുലപ്പാൽ കുറവ് ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കണം. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. ഗാലക്റ്റഗോഗ്സ് എന്നാണ് അവ അറിയപ്പെടുന്നത്.
കുഞ്ഞ് ജനിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ മുലയൂട്ടി തുടങ്ങാവുന്നതാണ്. ഏതൊക്കെയാണ് മുലപ്പാൽ വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ എന്നു നോക്കാം.
∙ ഉലുവ : പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാം, പച്ചക്കറികളിൽ ചേർത്തും കഴിക്കാം. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.
∙ പെരും ജീരകം : ഉലുവ പോലെ പെരുംജീരകവും മുലപ്പാൽ വർധിക്കാൻ സഹായകമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു രാത്രി കുതിർത്ത് പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കുക. ഭക്ഷണത്തിൽ ചേർത്ത് കഴിക്കുക. അൽപ്പം പെരുംജീരകം ഭക്ഷണ ശേഷം വായിലിട്ടു ചവയ്ക്കുന്നതും നല്ലതാണ്.
∙ വെളുത്തുള്ളി : നിരവധി ഔഷധ ഗുണങ്ങളുള്ള വെളുത്തുള്ളി മുലപ്പാൽ വർധനവിനും സഹായിക്കുന്നു. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. പച്ചക്കറികളിൽ ചേർത്തും ഉപയോഗിക്കാം.
∙ ജീരകം : ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു. ജീരകം വറുത്ത് പൊടിച്ച് കറികളിൽ ചേർത്ത് ഉപയോഗിക്കാം.
∙ എള്ള് : കാൽസ്യം, കോപ്പർ, ഇവ ധാരാളം അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള്, ശർക്കര ചേർത്ത് വരട്ടി എള്ളുണ്ടയാക്കി കഴിക്കാം. അല്ലെങ്കിൽ എള്ള് വറുത്ത് സാലഡിലും കറികളിലും ചേർത്ത് ഉപയോഗിക്കാം.
∙ അയമോദകം : മലബന്ധം അകറ്റുന്നു. ദഹനത്തിനു സഹായകം. മുലപ്പാൽ വർധിപ്പിക്കുന്നു. അയമോദകവും പെരുംജീരകവും ചേർത്ത് വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് ആ വെള്ളം കുടിക്കുക. ഭക്ഷണത്തിൽ ചേർത്തും ഉപയോഗിക്കാം.
∙ ശതാവരി : മുലയൂട്ടുന്ന അമ്മമാര്‍ നിർബന്ധമായും കഴിക്കേണ്ട ഒന്ന്. ധാരാളം നാരുകൾ, ജീവകം എ, കെ ഇവയടങ്ങിയിരിക്കുന്നു. മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. ശതാവരി കഴുകി അരിയുക. പാലിൽ ചേർത്ത് തിളപ്പിക്കുക. അരിച്ച ശേഷം ഈ പാൽ കുടിക്കുക.
∙ തവിടു കളയാത്ത അരി : മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടുന്നു. ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. ഊർജ്ജമേകുന്നു, വിശപ്പുണ്ടാക്കുന്നു.
∙ മുരിങ്ങയ്ക്ക, മുരിങ്ങയില : കാൽസ്യം, അയൺ ഇവയാൽ സമ്പന്നം. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. മുരിങ്ങയില ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുലപ്പാൽ ഉണ്ടാകാൻ നല്ലതാണ്.
∙ പച്ചക്കറികൾ : ചൂരയ്ക്ക, പാവയ്ക്ക മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലത്.
എല്ലാ ഭക്ഷണവും മുലയൂട്ടുന്ന അമ്മമാർ കഴിക്കണം. ധാന്യങ്ങളും, നോൺ വെജിറ്റേറിയൻ ഭക്ഷണവും ദഹനക്കേട് ഉണ്ടാക്കിയേക്കും എങ്കിലും ഇവ പൂർണമായും ഒഴിവാക്കുന്നത് പ്രോട്ടീന്റെ അഭാവത്തിനു കാരണമാകും, ക്ഷീണവും ഉണ്ടാകും. ദിവസം 10 മുതൽ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുക. മുലപ്പാലിൽ 80 ശതമാനവും വെള്ളം ആണെന്നോർക്കുക.
നെയ്യ്, പഞ്ചസാര ഇവയുടെ ഉപയോഗം കുറയ്ക്കുക.. ഇവ മുലപ്പാൽ വർധിപ്പിക്കില്ല എന്നു മാത്രമല്ല ശരീര ഭാരം കൂട്ടാനും കാരണമാകും.