ലോകത്തിലെ പതിനെട്ട് ശതമാനത്തിന് മുകളിൽ സ്ത്രീകൾ മാസം തികയാതെ പ്രസവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. വലിയ പരീക്ഷണങ്ങളൊന്നുമില്ലാതെ എളുപ്പത്തില്‍ മാസം തികയുംമുമ്പേ പ്രസവിക്കുമോ എന്ന് തിരിച്ചറിയാമെന്ന് മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. സെർവിക്കൽ മ്യൂക്കസിന്റെ ഘടന പരിശോധിച്ച് ഇത് കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ നിഗമനം.
മാസം തികയാതെ പ്രസവിക്കുന്ന സ്ത്രീകളിലെയും അല്ലാത്തവരിലെയും സെർവിക്കല്‍ മ്യൂക്കസുകൾ തമ്മിൽ വലിയ വ്യത്യാസങ്ങള്‍ കാണിക്കുമെന്നാണ് ഇവരുടെ റിപ്പോർട്ടുകൾ പറയുന്നത്. ഇത് കണ്ടെത്തുന്നത് മാസം തികയാതെ പ്രസവിക്കുമ്പോഴുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ഉപകരിക്കും.
25 മുതൽ 40 ശതമാനം വരെയുള്ള മാസംതെറ്റി പ്രസവങ്ങൾക്കും കാരണം ഗർഭപാത്രത്തിലുണ്ടാകുന്ന അണുബാധയാണ്. മാസം തികയാതെ പ്രസവിക്കുന്ന സ്ത്രീകളിൽ നിന്നും അല്ലാത്തവരിൽ നിന്നും ഗവേഷകർ സാമ്പിളുകൾ ശേഖരിച്ചു. രണ്ട് വിഭാഗക്കാരിലെയും സെർവിക്കൽ മ്യൂക്കസിന്റെ വ്യാപനശേഷിയും സാന്ദ്രതയും ഏറെ വ്യത്യാസമുള്ളതായും ഗവേഷകർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഗർഭത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഈ പരിശോധന കൂടി നടത്തിയാൽ മാസം തെറ്റിയുള്ള പ്രസവത്തിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണ് ഇവരുടെ നിരീക്ഷണം.