അമ്മയാകാന്‍ തയാറെടുക്കുകയാണോ നിങ്ങള്‍? നിങ്ങളുടെ പൊന്നോമനയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടോ? എങ്കില്‍ ആദ്യം ബൈ പറയേണ്ടത് പ്ലാസ്റ്റിക്കിനോടാണ്. പ്ലാസ്റ്റിക് പാക്കറ്റുകളില്‍ വരുന്ന ആഹാരാസാധനങ്ങള്‍ കുഞ്ഞിന്റെ ആരോഗ്യത്തിനു ദോഷമാണത്രേ. പ്ലാസ്റ്റിക് കുപ്പികളുടെയും ക്യാനുകളുടെയും മൂടി സീല്‍ ചെയ്യാനും പ്ലാസ്റ്റിക് ഫുഡ് പാക്കറ്റുകളിലും മറ്റും ഉപയോഗിക്കുന്ന ബിസ്ഫിനോൾ എ (bisphenol A (BPA) ആണ് ഇവിടുത്തെ വില്ലന്‍.
മാരകമായ ഈ കെമിക്കല്‍ അമ്മയില്‍നിന്നു ഗര്‍ഭസ്ഥശിശുവിലേക്ക് എത്തിയാല്‍ കുഞ്ഞിന്റെ മാനസിക, ശാരീരിക ആരോഗ്യത്തെ അത് സാരമായി ബാധിക്കുമെന്ന് പെന്‍ സ്റ്റേറ്റ് സർവകലാശാലയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ മനുഷ്യന്റെ ശരീരത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഗട്ട് ബാക്ടീരിയകളുടെ (gut bacteria) എണ്ണത്തില്‍ ഇത് വന്‍കുറവും വരുത്തും. ഇത് ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കും.
നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളിലെ പെയിന്റുകളില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയെ ബാധിക്കുമെന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്. സമാനമായി നടത്തിയ മറ്റൊരു പഠനത്തിലാണ് പ്ലാസ്റ്റിക് ബോട്ടിലുകളിലെ ഈ അപകടസാധ്യത കണ്ടെത്തിയത്. ഇവയുമായുള്ള അമ്മയുടെ സമ്പര്‍ക്കം കുഞ്ഞുങ്ങളില്‍ ആസ്മ, അലര്‍ജി എന്നിവയ്ക്കും കാരണമാകുന്നുണ്ട്.
മുയലുകളില്‍ നടത്തിയ ഒരു പഠനത്തില്‍ BPA മായി ഉണ്ടായ സമ്പര്‍ക്കം നിമിത്തം അവയുടെ കുഞ്ഞുങ്ങള്‍ക്ക് മാരകമായ കുടല്‍ കരള്‍ രോഗങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിരുന്നു.
ഗര്‍ഭസ്ഥശിശുക്കളോ ചെറിയ കുട്ടികളോ ഈ കെമിക്കലുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ പോലും പ്ലാസന്റ വഴിയും മുലപ്പാല്‍ വഴിയും ഇവ കുഞ്ഞിന്റെ ശരീരത്തില്‍ കടന്നുകൂടും. ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്തും അതിനു ശേഷവും കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി അമ്മ ഇത്തരത്തിലുള്ള വസ്തുക്കളുമായി അകലം പാലിക്കുന്നത് ഉചിതമായിരിക്കും എന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read More : Pregnancy and Health