ആർത്തവത്തെ സംബന്ധിച്ച് സ്ത്രീകൾക്ക് എപ്പോഴും ആശങ്കകളാണ്. വയറുവേദന, നടുവേദന തുടങ്ങിയ അസ്വസ്ഥതകൾക്കു പുറമേ, അമിത രക്തസ്രാവം ഉണ്ടാകുമോ അങ്ങനെയായാൽ അത് ലീക്ക് ആകുമോ എന്ന പേടിയാണ് പ്രധാനമായും. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോഴൊക്കെ വസ്ത്രത്തിൽ രക്തക്കറ ഉണ്ടോയെന്ന് പരിശോധിക്കേണ്ട അവസ്ഥ. ഇക്കാര്യങ്ങളിലൂടെ കടന്നു പോകാത്ത സ്ത്രീജനങ്ങൾ വളരെ ചുരുക്കം മാത്രം. യാത്രകളാണെങ്കിൽ, പ്രത്യേകിച്ച് ദീർഘദൂരത്തേയ്ക്കുള്ളത് ഈ സമയത്ത് ആലോചിക്കുന്നതേ ഇഷ്ടമല്ല. അമിത രക്തസ്രാവം ഉള്ളവർക്കാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇടയ്ക്കിടെ പാഡ് മാറ്റി വയ്ക്കേണ്ടി വരുന്നത് ഓർക്കുമ്പോൾ തന്നെ തലവേദന. ഇതിനൊക്കെ പരിഹാരമായി പുതിയൊരു സൂത്രം എത്തിയിരിക്കുകയാണ്. മെൻസ്ട്രൽ കപ്പുകൾ സ്ത്രീകൾക്ക് പ്രിയങ്കരമാകുമെന്നുറപ്പ്.
ചെറിയ കപ്പ് രൂപത്തിലുള്ളതാണ് ഈ വസ്തു. ഇതിനെ വളച്ച് യോനിക്കുള്ളിലേക്കു വയ്ക്കാൻ കഴിയും. പാഡുകൾ മാറ്റുന്ന ശല്യം ഒഴിവായിക്കിട്ടും അതോടെ. ഒരിക്കൽ ഉപയോഗിച്ചു കഴിഞ്ഞ് നശിപ്പിക്കേണ്ടി വരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അഞ്ചുവർഷം വരെ ഒരു കപ്പ് ഉപയോഗിക്കാനാകുമത്രേ. അലർജി പോലുള്ള പ്രശ്നങ്ങളെ ഭയക്കുകയും വേണ്ട. സിലിക്കോണ്‍, തെര്‍മോ പ്ലാസ്റ്റിക് ഇലസ്റ്റൊമര്‍ അല്ലെങ്കില്‍ ലാറ്റക്‌സ് എന്നിവ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. തുടർച്ചയായി 12 മണിക്കൂർ വരെ ഇവ ഉപയോഗിക്കുകയും ചെയ്യാം. പാഡുകൾ വലിച്ചെടുക്കുന്നതിന്റെ ഇരട്ടിയോളം രക്തം കപ്പുകളിൽ ശേഖരിക്കപ്പെടും. പാഡുകൾ വയ്ക്കുമ്പോഴുള്ള പ്രത്യേക മണവും അനുഭവപ്പെടില്ല.
ലീക്കേജ് ഉണ്ടാകുമെന്ന പേടിയേ വേണ്ട. ശരിയായ രീതിയിൽ മടക്കി ഉള്ളിലേക്കു വച്ചാൽ രക്തം അതിൽ ശേഖരിക്കും. ആദ്യമായി വയ്ക്കുമ്പോഴും പുറത്തെടുക്കുമ്പോഴും ചിലരിൽ ചെറിയ വേദന അനുഭവപ്പെടാം. ഉള്ളിൽ യാതൊരുവിധ അസ്വസ്ഥതകളും അനുഭവപ്പെടില്ല. കപ്പിനു താഴെ തണ്ടുപോലുള്ള ഭാഗത്ത് വലിച്ച് പുറത്തേയ്ക്ക് എടുക്കുകയും ചെയ്യാം. ആർത്തവരക്തം കളഞ്ഞ് വൃത്തിയാക്കി ചൂടുവെള്ളത്തിലിട്ട് അണുവിമുക്തമാക്കി പുനരുപയോഗിക്കാം.
കോപ്പർടി പോലുള്ള ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചിരിക്കുന്നവരിൽ ഇത് ഫലപ്രദമാകണമെന്നില്ല. ഗർഭനിരോധനോപാധിയുടെ സ്ഥാനം മാറിപ്പോകാനുള്ള സാധ്യത ഉള്ളതിനാൽ അത്തരക്കാർ വിദഗ്ധോപദേശം തേടിയശേഷം മാത്രം ഉപയോഗിക്കുക.
Read More : Ladies Corner