Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഡോമെട്രിയോസിസ്; ഓരോ ആർത്തവത്തിലും വേണം ശ്രദ്ധ

endometriosis

ലോകമെമ്പാടും 176 മില്യൺ സ്ത്രീകളെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ മാസം കൂടിയാണ് മാർച്ച്. കേരളത്തിലും ഇൗ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ഏറെയാണെങ്കിലും ഇതു സംബന്ധിക്കുന്ന ബോധവൽക്കരണവും അറിവും പല സ്ത്രീകൾക്കും കുറവാണ്. പത്തിൽ ഒരു സ്ത്രീക്ക് അവരുടെ റീപ്രൊഡക്ടീവ് കാലത്ത്, അതായത് 15നും 49നും ഇടയിലാണു രോഗം ബാധിക്കാറുള്ളത്. കൃത്യമായ പരിശോധനയും ചികിൽസയും എത്രയും വേഗം ലഭ്യമാക്കുക എന്നതാണു പ്രധാനം.

രോഗത്തിന്റെ പരിണിത ഫലങ്ങൾ അവരെ ബോധ്യപ്പെടുത്തുക, വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലുള്ളവരെ എൻഡോമെട്രിയോസിസിനെക്കുറിച്ചു മനസിലാക്കുക, അവർക്കു ബോധവൽകരണം നൽകുക, കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളുമായാണു എൻഡോമെട്രിയോസിസ് ബോധവൽകരണ ക്യാംപെയിൻ ഈ മാസം നടക്കുന്നത്.

∙ എൻഡോമെട്രിയോസിസ്

ഗർഭാശയത്തിന്റെ ഉൾവശത്തെ സ്തരമാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്തപ്പോൾ ഇത് ആർത്തവ രക്തത്തോടൊപ്പം കൊഴിഞ്ഞു പുതിയ സ്തരങ്ങൾ രൂപപ്പെടും. ഗർഭപാത്രത്തിലല്ലാതെ മറ്റു ശരീരഭാഗങ്ങളിൽ ഈ കോശങ്ങൾ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം തുടങ്ങിയ അവയവങ്ങളിലാണ് ഇതു സാധാരണയായി കാണപ്പെടുന്നത്. ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന പങ്കു വഹിക്കുന്നുണ്ട്. 

∙ രോഗലക്ഷണങ്ങൾ

കഠിനമായ വേദനയോടു കൂടിയ ആർത്തവം, അടിവയറ്റിൽ വേദന, നടുവു വേദന, വയറു വീർക്കുക, വന്ധ്യത തുടങ്ങിയവയാണു എൻഡോമെട്രിയോസിസിന്റെ രോഗലക്ഷണങ്ങളായി സാധാരണ സ്ത്രീകളിൽ കാണുന്നത്. 

∙ രോഗത്തെ തിരിച്ചറിയാം

ആർ‌ത്തവത്തോടനുബന്ധിച്ചുള്ള അസ്വസ്ഥതകൾക്കു സമാനമാണ് എൻഡോമെട്രിയോസിസിന്റെ രോഗലക്ഷണങ്ങളും. രോഗം തിരിച്ചറിയാനും കൃത്യമായ ചികിത്സയെടുക്കാനും താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെ. ശാരീരിക പരിശോധന, അൾട്രാ സൗണ്ട് സ്കാൻ, സിടി– എംആർഐ സ്കാൻ തുടങ്ങിയ മാർഗങ്ങളിലൂടെ എൻഡോമെട്രിയോസിസ് കണ്ടെത്താൻ കഴിയും. എന്നാൽ ലാപ്രോസ്കോപി പരിശോധനയാണു രോഗം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗമായി കണക്കാക്കുന്നത്. ഒരു ചെറിയ താക്കോൽദ്വാര ശസ്ത്രക്രിയയക്കു സമാനമാണു ഈ പരിശോധന. 

∙ ചികിത്സ എങ്ങനെ

രോഗത്തിന്റെ തീവ്രതയെ ആശ്രയിച്ചാണ് എൻഡോമെട്രിയോസിസിന്റെ ചികിത്സ. താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി രോഗം ഏതു സ്റ്റേജിലാണെന്നു മനസ്സിലാക്കി വേണം ചികിത്സ നടത്താൻ. വേദനാസംഹാരികൾ കഴിച്ചും എൻഡോമെട്രിയം കോശങ്ങൾ നീക്കം ചെയ്തുമൊക്കെ എൻഡോമെട്രിയോസിസിനെ പ്രതിരോധിക്കാം. ചില ഘട്ടത്തിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നതു വരെ ഈ രോഗത്തിനു പ്രതിവിധിയായി നിർദേശിക്കാറുണ്ട്. 

∙ പെൺകുട്ടികളെ ശ്രദ്ധിക്കണം

ഋതുമതികളായിക്കഴിഞ്ഞാൽ പെൺകുട്ടികളുടെ ഓരോ ആർത്തവത്തിലും അമ്മയുടെ കൃത്യമായ ശ്രദ്ധയുണ്ടാകണം. കൃത്യമല്ലാത്ത ആർത്തവം, അധിക വേദന, അസ്വസ്ഥതകൾ തുടങ്ങിയവ ഉണ്ടായാൽ എത്രയും വേഗം പരിശോധനകൾ നടത്തി കുട്ടിക്ക് എൻഡോമെട്രിയോസിസ് ഇല്ലെന്ന് ഉറപ്പു വരുത്തണം.

വിവരങ്ങൾക്ക് കടപ്പാട് : 

ഡോ. രാജു നായർ
റീപ്രൊഡക്ടീവ് മെഡിസിൻ മേധാവി
മിറ്റേര ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം 

Read More : Ladies Diseases