രണ്ടാമത്തെ കുഞ്ഞോ? ഒരു വർഷം കാത്തിരിക്കൂ

ഒരു കുഞ്ഞ് ജനിച്ച് ഒരു വർഷമെങ്കിലും കഴിയുന്നതുവരെ അടുത്ത കുഞ്ഞിനായി ദമ്പതികൾ കാത്തിരിക്കണമെന്ന് ഹാർവഡ് സർവകലാശാലാ വിദഗ്ധർ. ഗർഭകാലങ്ങൾ തമ്മിൽ 12 മുതൽ 18 മാസം വരെയെങ്കിലും അകലം ഉണ്ടാകുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം. രണ്ടു ഗർഭകാലങ്ങളും അടുത്തടുത്തു വരുന്നത് അമ്മയ്ക്കും കുഞ്ഞിനും അപകടസാധ്യത കൂട്ടുന്നുവെന്ന് ജാമാ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്ത്രീകളുടെ പ്രായമനുസരിച്ച് അപകടസാധ്യതയും വ്യത്യാസപ്പെട്ടിരിക്കും. 35 വയസ്സു കഴിഞ്ഞ സ്ത്രീകൾക്കും അവരുടെ കുഞ്ഞിനുമാണ് അടുത്തടുത്തുള്ള ഗർഭധാരണം കൂടുതൽ ദോഷം ചെയ്യുന്നത്. 

ചെറുപ്പക്കാരികളിൽ അപകടസാധ്യത കുറവാണെങ്കിലും അടുത്തടുത്തുള്ള ഗർഭധാരണം മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകും. ഒരു പ്രസവം കഴിഞ്ഞ് ആറുമാസം കഴിയുമ്പോൾ തന്നെ വീണ്ടും ഗർഭിണിയാകുന്ന, 35 വയസ്സു കഴിഞ്ഞ സ്ത്രീകൾക്ക് പ്രസവത്തോടെ മരണം സംഭവിക്കാനുള്ള സാധ്യത 1.2 ശതമാനമാണെന്ന് ഗവേഷകർ പറയുന്നു. ഒന്നരവർഷം കഴിഞ്ഞാണ് അടുത്ത ഗർഭധാരണമെങ്കിൽ മരണസാധ്യത 0.5 ശതമാനമായി കുറയും. ശരീരത്തിന് പൂർണമായും സുഖപ്പെട്ടു വരാൻ അടുപ്പിച്ചുള്ള ഗർഭധാരണം മൂലം സാധിക്കില്ല. എന്നാൽ ഗർഭം ധരിക്കുന്നത് ഒരു പാട് ദീർഘിപ്പിച്ചാൽ അത് അമ്മയുടെ പ്രായക്കൂടുതലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഗവേഷകർ പറയുന്നു.