നിങ്ങൾ ഗർഭിണിയാണോ എന്നറിയാൻ ഇനി ഗൈനക്കോളജിസ്റ്റിനെ ചെന്നു കാണണമെന്നില്ല. ഒരു സ്മാർട്ഫോൺ കയ്യിലുണ്ടായാൽ മതി. നിങ്ങൾക്കു ഗർഭമുണ്ടോ എന്ന് ഈ സ്മാർട്ഫോൺ കണ്ടെത്തി അറിയിച്ചുകൊള്ളും. ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഹാനോവറിലെ ഒപ്റ്റിക്കൽ സാങ്കേതിക വിഭാഗം ഗവേഷകരാണ് ഇത്തരം സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.
സ്മാർട് ഫോണിൽ പ്രത്യേകതരം ഫൈബർ ഒപ്റ്റിക് സെൻസർ ഘടിപ്പിക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഗർണിണിയാണോ എന്നറിയാൻ മാത്രമല്ല, പ്രമേഹമുൾപ്പെടെയുള്ള ചില രോഗങ്ങളും ഈ സംവിധാനത്തിലൂടെ കണ്ടെത്താൻ കഴിയും. ഒപ്റ്റിക്കൽ സെൻസറിലൂടെ കണ്ടെത്തുന്ന റീഡിങ്ങുകൾ സ്മാർട്ഫോണിലെ പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷനിലൂടെ വിശകലനം ചെയ്താണ് പ്രാഥമിക നിഗമനത്തിലെത്തുന്നത്.
രക്തം മാത്രമല്ല, മൂത്രവും ഉമിനീരും വിയർപ്പും ശ്വാസഗതിയുമൊക്കെ പരിശോധിച്ച് ഇത്തരത്തിൽ റീഡിങ് എടുക്കാൻ ഈ സെൻസറിനു കഴിയും. ഈ സെൻസർ റീഡിങ്ങുകളെ സ്മാർട്ഫോണിലെ ജിപിഎസ് സംവിധാനവുമായി ബന്ധിപ്പിച്ച് സമീപത്തുള്ള ആശുപത്രിയിൽ അലർട്ട് നൽകുന്ന സംവിധാനമാക്കി വിപുലപ്പെടുത്തുകയാണ് ഗവേഷകരുടെ അടുത്ത നീക്കം. ചുരുക്കത്തിൽ നിങ്ങൾക്ക് പ്രമേഹമോ, കൊളസ്ട്രോളോ, രക്തസമ്മർദമോ ഉണ്ടോയെന്ന് നിങ്ങൾ ആവശ്യപ്പെടാതെ തന്നെ നിങ്ങളുടെ സ്മാർട്ഫോൺ കണ്ടെത്തി അടുത്തുള്ള ആശുപത്രിയിൽ അറിയിച്ച് അവിടെ നിന്ന് ആംബുലൻസ് സഹിതം ജീവനക്കാർ നിങ്ങളുടെ വീട്ടിൽ അന്വേഷിച്ചുവരുന്ന കാലമുണ്ടാകുമെന്നു കരുതാം.