‘ഞാൻ കണ്ണു തുറന്നു നോക്കി. ഇതെവിടെയാ? ഒന്നും മനസ്സിലാവുന്നില്ല. പെട്ടെന്ന് ഒരുകൈ എന്നെ പൊതിഞ്ഞു പിടിച്ചു. ‘അമ്മേടെ അമ്മൂട്ടി...നിച്ച് പാപ്പം വേണ്ടെ?’ എവിടെയൊ കേട്ടപോലെയുണ്ടല്ലോ ഈ സ്വരം....?
ഇളം ചൂടും തണുപ്പുമുള്ള ഒരു സ്ഥലത്താ ഞാൻ ഇവിടെ വരും മുമ്പേ കിടന്നിരുന്നെ...നീന്തി നടക്കാൻ നിറച്ചും വെള്ളവുമുണ്ടായിരുന്നു. അവിടെ കിടക്കുമ്പോൾ എനിക്കു പുറത്തുനിന്നുള്ള ശബ്ദങ്ങളൊക്കെ കേൾക്കാമായിരുന്നു. എത്രയോ തവണ അവിടെ വച്ച് ഞാനീ ശബ്ദം കേട്ടിരിക്കുന്നു... വല്യ സ്നേഹത്തോടെയുള്ള ആ ശബ്ദം കേട്ടിടത്തേയ്ക്ക് ഞാൻ കുതിച്ച് ചാടുമായിരുന്നു. പക്ഷേ, ഒരിക്കലും അങ്ങോട്ട് എത്താനായിട്ടില്ല. ഇപ്പോഴിതാ ആ ശബ്ദം വീണ്ടും കേൾക്കുന്നു. എന്റെ തൊട്ടടുത്തൂന്ന്.. ഇതാണെന്നോ എന്റെ അമ്മ?
‘അമ്മ’ എന്നെ ചേര്‍ത്തുകിടത്തി പതുക്കെ പാലൂട്ടിത്തുടങ്ങി. ആദ്യമൊക്കെ പാലു കുടിക്കാൻ വലിയ പ്രയാസമായിരുന്നു കേട്ടോ... പാലു കിട്ടാതെ വിശക്കുമ്പോൾ ഞാൻ കരയും. അപ്പോൾ അമ്മ ക്ഷമയോടെ വീണ്ടും പാലൂട്ടും. പതിയെ പതിയെ ഞാൻ പാൽ വലിച്ചു കുടിക്കാൻ പഠിച്ചു. എന്റേത് കുഞ്ഞുവയറല്ലേ? ഇത്തിരി കുടിക്കുമ്പോഴെ വയറു നിറഞ്ഞ് ഞാൻ മയങ്ങിപ്പോകും. പക്ഷേ അങ്ങനെയങ്ങ് ഉറങ്ങാനൊന്നും സമ്മതിക്കില്ല അമ്മ.... ഇടയ്ക്കിടയ്ക്ക് എന്റെ ചെവിയിൽ തോണ്ടിയും ഇളംകാലിൽ ഇക്കിളിയിട്ടും ഉണർത്തും. എന്നിട്ടു വീണ്ടും പാലു നൽകും.
പാൽ തരുമ്പോൾ അമ്മ എന്റെ പുറത്ത് പതുക്കെ തലോടും. എനിക്കത് വലിയ ഇഷ്ടമാ.... ഞാനപ്പോ കണ്ണും പൂട്ടി ഒന്നുകൂടി അമ്മയോടൊട്ടി കിടക്കും.
എത്ര പെട്ടെന്നാ ഞാനും അമ്മേം കൂട്ടായത്. അമ്മ എന്നും എന്റെ മുഖത്തേക്കു നോക്കി എന്തൊക്കെയോ പറയും. നല്ല സ്നേഹത്തിലാ പറയുന്നെ. എനിക്കും തിരിച്ചു സംസാരിക്കണമെന്നുണ്ട്. പക്ഷേ, എനിക്കാകെ കരയാനേ അറിയൂ. അമ്മയെ കാണണമെന്നു തോന്നിയാലും വിശന്ന് പാലു കുടിക്കണമെന്നു തോന്നിയാലും ഒക്കെ ഒറ്റ കരച്ചിലാണ്. ഒത്തിരി കരയാനൊന്നും അമ്മ സമ്മതിക്കില്ല കേട്ടോ... പാവം, ഓടിവന്ന് എന്നെ എടുക്കും. എന്നിട്ട് നെഞ്ചോട് ചേർത്തുവച്ച് നൂറുമ്മ തരും....
ആദ്യത്തെ കുളിയും ചിരിയും
ഇന്നാണ് ഞാൻ ആദ്യമായി കുളിച്ചത്. ആദ്യമൊക്കെ നല്ല രസമായിരുന്നു. അമ്മ ചെറിയ ചൂടുള്ള ഒരു സാധനം ദേഹത്തു തേച്ചു. എന്നിട്ട് മെല്ലെ മെല്ലെ തലോടി... മുത്തശ്ശി അടുത്തിരുന്ന് പാടുന്നുണ്ട്... കുഞ്ഞിക്കാൽ വളര് വളര്... എന്ന്. അമ്മേടെ തലോടും മുത്തശ്ശീടെ പാട്ടും ചെറിയ ചൂടും ... ഞാനങ്ങനെ സുഖമായി കിടന്നപ്പോ, പെട്ടെന്നു തണുത്തു. ഞാൻ ഞെട്ടിക്കരഞ്ഞു. ‘സാരല്യാട്ടോ അമ്മൂട്ടി... ഇപ്പം കുളിപ്പിച്ചു തീരും’ എന്നൊക്കെ അമ്മ പറയുന്നുണ്ട്. പക്ഷേ. ഞാൻ കരച്ചിലോട് കരച്ചിൽ തന്നെ. അമ്മ വേഗം കുളിപ്പിക്കലൊക്കെ തീർത്ത് പതുപതുത്ത തുണികൊണ്ട് ദേഹമൊക്കെ ഒപ്പി. പിന്നെ ഒരു തുണിയിൽ പൊതിഞ്ഞെടുത്ത് പാലു തന്നു. ഞാൻ അമ്മേടെ മുഖത്തേക്ക് ഒന്നു ഒളികണ്ണിട്ടു നോക്കി. പാവം എന്റെ കരച്ചില്‍ കണ്ട് പേടിച്ചിരിപ്പാണ്.
എനിക്കിപ്പം ഏറ്റവും ഇഷ്ടം എന്റെ അമ്മേയാ.. അമ്മ എപ്പോഴും എന്റടുത്തു വേണംന്നാ... കുറെനേരം അമ്മയെ കാണാതിരുന്നാലേ ഞാൻ കാതോർത്തു കിടക്കും.. അമ്മേടെ സ്വരം കേള്‍ക്കുന്നുണ്ടോന്ന്. അമ്മേടെ സ്വരം കേട്ടാൽ അപ്പോ ഞാൻ തിരിച്ചറിയും... അമ്മ വന്നാലറിയാൻ വെറോരു സൂത്രം കൂടിയുണ്ട് കേട്ടോ... അമ്മ അടുത്തു വരുമ്പോഴേ അമ്മിഞ്ഞപ്പാലിന്റെ മണം വരും.
ഇന്ന്, അമ്മയെന്റെ മുഖത്തു നോക്കി ഓരോന്ന് കൊഞ്ചിപ്പറയുകയായിരുന്നു. ഞാനും തിരിച്ചെന്തൊക്കെയോ പറയാനാഞ്ഞു... ചുണ്ടു കോട്ടി... പെട്ടെന്ന് അമ്മ വാ പൊളിച്ച് എന്നെ നോക്കി.... പിന്നെ, മിടുക്കി അമ്മൂട്ടി ചിരിച്ചല്ലോ എന്ന് പറഞ്ഞ് കുറേയുമ്മ തന്നു. മുത്തശ്ശനും മുത്തശ്ശിയുമൊക്കെ വന്ന് ഓരോന്ന് പറഞ്ഞ് എന്നെ ‘ചിരിപ്പിച്ചു’.... തൊണ്ണുകാട്ടി ചിരിക്കുവാന്നാ അവരു പറഞ്ഞെ. എന്താ അങ്ങനെ പറഞ്ഞാൽ?
ഇപ്പോൾ അമ്മയെന്നെ കുറച്ചുനേരമോക്കെ കമിഴ്ത്തിക്കിടത്തും. കമിഴ്ന്നുകിടക്കുമ്പോ ഞാൻ പതിയെ തല പൊക്കിപ്പിടിക്കാനൊക്കെ നോക്കും. ഒത്തിരി നേരമൊന്നും അങ്ങനെ പറ്റില്ല കേട്ടോ.... കുറേ നാളൂടെ കഴിയുമ്പോൾ ഞാൻ തനിയെ കമിഴ്ന്നു കിടക്കുമെന്നാ അമ്മ പറയുന്നെ... എന്തായാലും മലർന്നു കിടക്കുന്നതിലും എനിക്കിഷ്ടം കമിഴ്ന്നു കിടക്കാനാ കേട്ടോ....
മൂന്നു മാസത്തിന്റെ വിശേഷങ്ങൾ
എനിക്കിപ്പോ മൂന്നു മാസമായി. അമ്മ പാട്ടൊക്കെ പാടുമ്പോൾ ഞാനോരോ ശബ്ദമൊക്കെ ഉണ്ടാക്കും... ഇടയ്ക്ക് എന്നെ നിലത്ത് ഷീറ്റ് വിരിച്ച് അതിൽ കിടത്തും. എന്നിട്ട് കുറേ കളിപ്പാട്ടവും വയ്ക്കും. ആദ്യമൊക്കെ ഞാനതു നോക്കിക്കിടക്കുമായിരുന്നു. ഒരുദിവസം ഞാൻ പതിയെ നിരങ്ങി കളിപ്പാട്ടത്തിന്റെ അടുത്ത് വന്നു... അമ്മ കളിപ്പാട്ടം കയ്യിലെടുത്താ കിലുക്കുന്നെ... പക്ഷേ, എന്റെ വിരല് ചുരുട്ടിപ്പിടിച്ചേക്കുവല്ലെ.. പിന്നെന്തു ചെയ്യും?. ഞാൻ വിരല് നിവർത്താൻ നോക്കി പറ്റുന്നില്ല, വീണ്ടും നോക്കി... മടുത്തപ്പോൾ ഞാൻ അനങ്ങാതെ കിടന്നു. മയങ്ങിപ്പോയി.
കണ്ണു തുറന്നപ്പോൾ അമ്മ അടുത്തുണ്ട്. പതിയെ ചുരുട്ടിപ്പിടിച്ച വിരലോരോന്നായി തുറന്ന് അമ്മ കളിപ്പാട്ടം കയ്യിൽ വച്ചു തന്നു. പിന്നെ അതു പതിയെ കിലുക്കി. എന്നിട്ട് വീണ്ടും കളിപ്പാട്ടം മാറ്റിവച്ചു. ഞാൻ ഉരുണ്ടു നീങ്ങി കളിപ്പാട്ടത്തിന്റെയടുത്തു ചെന്നു. വിരലു മുറുക്കിപ്പിടിച്ചത് തുറക്കാൻ നോക്കി. ഇപ്രാവശ്യം ശരിയായി കേട്ടോ അമ്മ ചിരിച്ചോണ്ട് വീണ്ടും കളിപ്പാട്ടം കയ്യിൽ വച്ചു തന്നു. അന്നുമുഴുവൻ ഞാൻ ആ കളിപ്പാട്ടവുമായി കൂട്ടായിരുന്നു.
ഇപ്പോൾ എനിക്ക് നിറങ്ങളൊക്കെ കാണാം. അച്ഛനേ എനിക്കു കുറേ കളിപ്പാട്ടം കൊണ്ടുത്തന്നു. എല്ലാം പല നിറത്തിലാ... എന്തു ഭംഗിയാ കാണാൻ. പകലൊക്കെ കുറേനേരം ഞാൻ കളിച്ചുകിടക്കും. ഇടയ്ക്ക് കളി നിര്‍ത്തി കുളിക്കാനൊക്കെ കൊണ്ടുപോകുമ്പോ ഞാൻ കരയും. കളിക്കാൻ കിടത്തിയാലും അമ്മയോ മുത്തശ്ശിയോ ആരെങ്കിലും ഒരാൾ എപ്പോഴും കൂടെ ഇരിക്കും കേട്ടോ. കാരണം ഞാൻ ഇപ്പോ എന്തു കിട്ടിയാലും വായിൽ വച്ചു കടിക്കും. അമ്മ എല്ലാ ദിവസവും എന്റെ കളിപ്പാട്ടമെല്ലാം ചൂടുവെള്ളത്തിൽ കഴുകും. ഇല്ലേൽ അസുഖം വരുമെന്നാ പറയുന്നെ, എന്താ ഈ അസുഖംന്നു വച്ചാൽ? ആർക്കറിയാം?
ഇന്നേ... അമ്മ കൊഞ്ചിച്ചപ്പോ ഞാൻ ഒച്ചയിട്ടു ചിരിച്ചു. അപ്പോൾ അമ്മ വീണ്ടും ഓരോന്നു പറഞ്ഞു കൊഞ്ചിച്ചു. ഞാനുറക്കെ ചിരിക്കുന്നതു കേള്‍ക്കാനാ, നാലുമാസമായില്ലേ... ഉറക്കെ ചിരിക്കാൻ മാത്രമല്ല കളിപ്പാട്ടമൊക്കെ കൈമാറി പിടിക്കാനും പഠിച്ചു. മുത്തശ്ശനേം മുത്തശ്ശിയേ അച്ഛനേം ഒക്കെ ഇപ്പോ കണ്ടാലറിയാം. എനിക്കൊരു ചേട്ടനുണ്ടെന്നും അറിയാം....
കമിഴ്ന്നുവീഴലും മുട്ടിലിഴയലും
ചില കുട്ടികൾ ആറു മാസമാകുമ്പോഴേ കമിഴ്ന്നുവീഴൂന്നാ അമ്മ പറഞ്ഞേ. ഞാൻ അഞ്ചു മാസമായപ്പോഴേ കമിഴ്ന്നല്ലൊ. അല്ലെലും അമ്മൂട്ടി മിടുക്കിയാന്നാ അമ്മ പറയുന്നെ. കമിഴ്ന്നു വീണും മലർന്നു കിടന്നും മടുക്കുമ്പോ ഞാനോരോ ശബ്ദമുണ്ടാക്കും. അപ്പോ അമ്മയ്ക്കു കാര്യം പിടികിട്ടും. അമ്മ എന്നെ പതിയെ പിടിച്ചിരുത്തും. പക്ഷേ, പിടിവിട്ടില്ല കേട്ടോ. എങ്കിലും പഴയപോലെ തലയ്ക്കൊന്നും താങ്ങുതരണ്ട കാര്യമില്ല. അമ്മ എനിക്കിപ്പോ കുറുക്കൊക്കെ തരാൻ തുടങ്ങി. കുറുമ്പുല്ലരച്ച് പാലിൽ കുറുക്കി മധുരം ചേർത്തു തരും. ഏത്തപ്പഴം വേവിച്ച് ഉടച്ചു തരും. ഞാനേ ജനിച്ചപ്പോഴേ മധുരക്കൊതിച്ചിയാ കേട്ടോ അതുകൊണ്ട് മധുരമുള്ളതൊക്കെ ഇഷ്ടമാ. എനിക്കു മാത്രമല്ല. എല്ലാ വാവകളും ജനിക്കുമ്പോൾ മധുരക്കൊതിയന്മാരാ. എങ്കിലും ഏറ്റവുമിഷ്ടം അമ്മിഞ്ഞപ്പാലാ, അമ്മേടെ പാലിനെ ഓരോ ദിവസവും ഓരോ രുചിയാണെന്നേ....
എട്ടാം മാസത്തിലെ വിശേഷങ്ങൾ
ഇന്ന്് അമ്മ എന്നെ ഷീറ്റിൽ കിടത്തി അടുക്കളയിലേക്കു പോയതായിരുന്നു. കമിഴ്ന്നു വീണ് തല ഉയർത്തി നോക്കിയപ്പോ ഒരു കളിപ്പാട്ടം കണ്ടു. അതെത്തിയെടുക്കാൻ നോക്കിയതാ. വയറുകൊണ്ട് മുന്നോട്ടാഞ്ഞു പോയി. പിന്നേം ആഞ്ഞപ്പോൾ പിന്നേം മുന്നോട്ടുപോയി. നല്ല രസം. കുറേ ഇഴഞ്ഞതു കൊണ്ടാവും നേരത്തേ ഉറങ്ങിപ്പോയി.
ഞാനിപ്പോള്‍ മുഴുവൻ സമയവും മുട്ടിൽ ഇഴഞ്ഞുനടപ്പായതു കൊണ്ട് അമ്മയ്ക്കും മുത്തശ്ശിക്കും ശ്രദ്ധ കൂടുതലാ. എപ്പോഴും കൂടെ നിൽക്കും. ഏറ്റവും സന്തോഷം അപ്പുവേട്ടാനാ... ഇനി ഞാൻ പെട്ടെന്നു നടക്കാറാകുമെന്നാ ഏട്ടന്റെ വിചാരം. അപ്പോ കളിക്കാനൊക്കെ കൂട്ടാകുമല്ലൊ.
ചില കുട്ടികള് 10 മാസമാകുമ്പോഴേ ഇഴയാറുള്ളത്രെ. ഇരുന്നു കഴിഞ്ഞ് ഇഴയുന്നതിനു പകരം ചില കുട്ടികൾ നേരേ എഴുന്നേൽക്കാറുണ്ടെന്നും മത്തശ്ശി അമ്മയോടു പറയുന്നതു കേട്ടു.
അമ്മ പിടിക്കാതെ ഞാൻ ഇന്ന് ഇരുന്നു കേട്ടോ. അങ്ങനെ വെറുതെ ഇരിക്കുമ്പോ അറിയാതെ വിരലു വായിൽ വയ്ക്കും. അതു കാണുമ്പോഴേ അമ്മ ഓടിവന്ന് എന്റെ വിരലൊക്കെ സോപ്പിട്ട് കഴുകും. നിലത്തൊക്കെ പിടിച്ച കൈയല്ലേ. വയറിളക്കം വരുമെന്നു പേടിപ്പിക്കും. ഇപ്പോൾ അമ്മ സന്തോഷിച്ചു പറയുന്നതും ദേഷ്യപ്പെട്ടു പറയുന്നതുമൊക്കെ എനിക്കു തിരിച്ചറിയാം. പക്ഷേ എന്നോട് അമ്മ ദേഷ്യപ്പെടുകയെ ഇല്ല ഞാൻ കുഞ്ഞുവാവയല്ലെ?
കൈകൊട്ടിയുള്ള കളികളൊക്കെ ഞാൻ പഠിച്ചു തുടങ്ങി. അമ്മൂട്ടീന്നാ എന്റെ പേരെന്നു എനിക്കിപ്പോൾ അറിയാം. എന്തു നല്ല പേരാ അല്ലെ.... ആരെങ്കിലും പേരു വിളിച്ചാ ഞാൻ ചിരിച്ചു കാണിക്കും. മുറ്റത്തിറങ്ങി ഇഴഞ്ഞു നടന്ന് കല്ലും മണ്ണുമൊക്കെ വായിലിടുമ്പോ അമ്മ പറയും ‘വേണ്ടാട്ടോ അമ്മൂട്ടി..’ എന്ന്. അതുകേൾക്കുമ്പോഴേ അറിയാം അമ്മയ്ക്ക് ചെയ്തത് ഇഷ്ടമായില്ലെന്ന്.
എത്ര പെട്ടെന്നാ ഒരു മാസം പോയതെന്ന് അമ്മ അച്ഛനോട് പറയുന്ന കേട്ടു. ശരിയാ, ഞാനിപ്പോ കസേരയിലും മേശയുടെ അറ്റത്തുമൊക്കെ പിടിച്ചെഴുന്നേറ്റു നിൽക്കും. അപ്പുവേട്ടൻ അതു കാണുമ്പോ കൈകൊട്ടി തുള്ളിച്ചാടും.
ഇന്നലെ ആദ്യമായി ഞാൻ അമ്മ എന്നു പറഞ്ഞു. അമ്മയ്ക്ക് വലിയ സന്തോഷമായി. ഇനി അച്ഛൻ എന്നും പറയണമെന്നാ എല്ലാരും പറേന്നേ. പണ്ടൊക്കെ ആരുടെയും കൈയ്യിലും അമ്മൂട്ടി പോകുമായിരുന്നു. ഇപ്പോ പരിചയമില്ലാത്തവരു വിളിച്ചാ അമ്മെ ഇറുക്കിപ്പിടിച്ചിരിക്കും. അതു സാരമില്ല. മോള് വളരുന്നതിന്റെയാ എന്നാ അമ്മൂമ്മ പറഞ്ഞെ.
ഒന്നാം വയസ്സിലേക്ക്
എനിക്കിപ്പോ 11 മാസം കഴിഞ്ഞു. കസേരയിലും മേശയിലുമൊക്കെ പിടിച്ച് ചുറ്റി നടക്കാനാ എനിക്ക് ഇപ്പോഴിഷ്ടം. വീടു മുഴുവൻ ഇങ്ങനെ നടക്കും. അപ്പുവേട്ടനും കൂടെ കൂടും. ഇന്നലെ കുളിപ്പിച്ചോണ്ടിരുന്നപ്പോ അടുത്തയാഴ്ച എന്റെ പിറന്നാളാണെന്ന് അമ്മ പറഞ്ഞുതന്നു. വലിയ ആഘോഷമാ... ഒരുപാട് മധുരം കഴിക്കാമെന്നും പറഞ്ഞു.... പിന്നെയും എന്തൊക്കെയോ കിട്ടുമെന്നു പറഞ്ഞു. പക്ഷേ... അമ്മൂട്ടിക്ക് ഉറക്കം വന്നതുകൊണ്ട് കേട്ടില്ല....
അമ്മൂട്ടി ഉറങ്ങുവാ കേട്ടോ.... അപ്പോൾ എല്ലാരും പിറന്നാളിന് വരണേ...
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ജിസ്സ് തോമസ് പാലാക്കുന്നേൽ
ശിശുരോഗവിദഗ്ധന്‍, കിംസ്, കോട്ടയം
ഡോ. പി. കൃഷ്ണകുമാർ
ഡയറക്ടർ, ചൈൽഡ് സൈക്യാട്രിസ്റ്റ്, ഇംഹാൻസ്, കോഴിക്കോട്