സ്വപ്നത്തിലെ കണ്‍മണിക്കായി

dream-baby

ആദ്യത്തെ കണ്‍മണി ആണോ പെണ്ണോ, മുഖച്ഛായ ആരുടേത്, നിറം, തലമുടി.... അങ്ങനെ എത്രയെത്ര പ്രതീക്ഷകളാണ് കുഞ്ഞുങ്ങളെക്കുറിച്ച് ദമ്പതിമാര്‍ക്കുള്ളത്. എന്നാല്‍ ആരോഗ്യവും അഴകും ബുദ്ധിയും ഒത്തിണങ്ങിയൊരു ഓമനക്കുഞ്ഞിന് ഏറെ മുന്നൊരുക്കങ്ങള്‍ വേണമെന്നു ചിന്തിക്കുന്നവരും അറിയുന്നവരും വിരളം. അതുകൊണ്ടു തന്നെ കുഞ്ഞ് വൈകല്യങ്ങളോടെയും അനാരോഗ്യത്തോടെയും ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൊട്ടിത്തകരുന്നു.

മുന്‍കരുതലിനൊപ്പം നൂതന ചികിത്സയും

ആരോഗ്യമുള്ള അമ്മയില്‍ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കൂ. ഗര്‍ഭവതിയാകും മുമ്പു വേണ്ട മുന്‍കരുതലുകളെടുത്താല്‍ നല്ല കുഞ്ഞ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാം. ഗര്‍ഭകാലത്തും ഏറെ കരുതലുകളെടുക്കണം. മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പെരിനേറ്റോളജി പോലുള്ള നൂതനചികിത്സാ സേവനം കൂടി ലഭ്യമാകുന്ന കാലമാണിത്. സങ്കീര്‍ണതയുള്ള ഗര്‍ഭകാലപരിചരണവും പ്രസവവുമെല്ലാം പെരിനേറ്റോളജിയില്‍ ഉള്‍പ്പെടുന്നു. ഗര്‍ഭസ്ഥശിശുവിന് ഉണ്ടാകാവുന്ന ജനിതകവൈകല്യങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നിവയെല്ലാം സവിശേഷപരിശോധനകളിലൂടെ കണ്ടെത്താനാകുന്നു. അങ്ങനെ ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് ഫലപ്രദമായ ചികിത്സ നല്‍കാനാകും.

എല്ലാവര്‍ക്കും മാതൃത്വം

വൃക്ക മാറ്റി വച്ചവര്‍, അപസ്മാരം ബാധിച്ചവര്‍... എന്നിങ്ങനെ ചില രോഗങ്ങള്‍ ബാധിച്ച യുവതികളെ മുന്‍ കാലങ്ങളില്‍ വിവാഹം കഴിപ്പിച്ചിരുന്നില്ല. രോഗിണികള്‍ എന്നു മുദ്ര കുത്തി അവരെ ദാമ്പത്യജീവിതത്തില്‍ നിന്നകറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ന് കൃത്യമായ ചികിത്സയിലൂടെ രോഗത്തെ നന്നായി നിയന്ത്രിച്ച് അവര്‍ക്കും അമ്മമാരാകാം. അതിനായി മരുന്നുകളുടെ ഡോസ് കുറച്ച് അവ ഏറെ സൂക്ഷ്മതയോടെ ക്രമീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണിയായതിനു ശേഷമാണ് തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നതെങ്കില്‍ ഒട്ടും മടിക്കാതെ വിദഗ്ധചികിത്സ തേടണം.

അമ്മയാകേണ്ട പ്രായം

അമ്മയുടെ പ്രായവും കുഞ്ഞിന്റെ ആരോഗ്യവും തമ്മില്‍ ശ്രദ്ധേയമായ ചില ബന്ധങ്ങളുണ്ടത്രേ. 20 വയസ്സിനും 27 വയസ്സിനുമിടയില്‍ ആദ്യഗര്‍ഭം ധരിക്കുന്നതാണു നല്ലതെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പഠനം കഴിഞ്ഞ് ജോലി ലഭിച്ചശേഷമാണ് പുതിയ തലമുറയിലെ മിക്ക പെണ്‍കുട്ടികളും വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നതു തന്നെ. അപ്പോഴേക്കും മുപ്പതുകളിലെത്തും പ്രായം.

മുപ്പതാം വയസ്സില്‍ വിവാഹം നടന്നാലും പലരും ഗര്‍ഭധാരണം സൗകര്യപൂര്‍വം മാറ്റിവയ്ക്കും. എന്നാല്‍ 35 വയസ്സിലേറെ പ്രായമുള്ള യുവതികള്‍ ഗര്‍ഭവതികളാകുമ്പോള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക്, മുമ്പേ വിവാഹിതരാകുന്നവരുടെ കുഞ്ഞുങ്ങളേക്കാള്‍ ക്രോമസോം വൈകല്യങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് വൈകി വിവാഹിതരാകുന്നവര്‍ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാന്‍ ഉടന്‍ ഗര്‍ഭം ധരിക്കാന്‍ ശ്രദ്ധിക്കണം.

പ്രീ പ്രഗ്നന്‍സി കൗണ്‍സലിങ്

അമ്മയുടെ മാനസികാരോഗ്യം ആരോഗ്യമൂള്ള കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അവിഭാജ്യ ഘടകമാണ്. ഗര്‍ഭകാലത്തു വിഷാദവും മറ്റുമുള്ള യുവതികള്‍ കൗണ്‍സലിങ്ങിന് വിധേയരാകണം. മാനസികപിരിമുറുക്കം കൂടുതലുള്ള സമയത്തു ഗര്‍ഭധാരണത്തിന് ഒരുങ്ങാതിരിക്കുന്നതാണു നല്ലത്. അമ്മയുടെ മാനസിക സംഘര്‍ഷം കുഞ്ഞിന്റെ പൊതുവായ ശരീര സ്ഥിതിയെത്തന്നെ ബാധിക്കും. ഗര്‍ഭകാലത്ത് യോഗ പരിശീലിക്കാം. സംഗീതം, വായന തുടങ്ങി മനസ്സിനെ ശാന്തമാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും ഗുണം ചെയ്യും.

നിയന്ത്രിക്കാം പ്രമേഹവും ബിപിയും

രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലുള്ളതും അതിന് മരുന്നു കഴിക്കുന്നതുമായ യുവതി ഗര്‍ഭവതിയാകും മുമ്പ് പഞ്ചസാരയുടെ നില പരിശോധിക്കണം. പഞ്ചസാര നിയന്ത്രണവിധേയമായി എന്നുറപ്പു വരുത്തിയിട്ടു മാത്രമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ഹൃദയത്തിനും നട്ടെല്ലിനും തകരാറുണ്ടാകാം.

പ്രമേഹം നിയന്ത്രണവിധേയമാക്കാതെ ഗര്‍ഭിണിയായാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. മാസം തികയാതെ കുഞ്ഞു ജനിക്കുക, വലുപ്പം കൂടുതലുളള കുഞ്ഞ് ജനിക്കുക എന്നിവയ്ക്കും സാധ്യതയുണ്ട്. മാതാപിതാക്കള്‍ പ്രമേഹരോഗികളായിട്ടുള്ള യുവതികള്‍ ഗര്‍ഭധാരണത്തിനു മുമ്പ് പ്രമേഹപരിശോധന നടത്തണം. പ്രഗ്നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന ഗര്‍ഭസമയത്തെ ബിപി മുമ്പേ നിയന്ത്രിച്ചില്ലെങ്കില്‍ അതുമൂലം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച കുറയാനിടയാക്കും.

തൈറോയ്ഡും വിളര്‍ച്ചയും

ഗര്‍ഭത്തിനൊരുങ്ങും മുമ്പ് തൈറോയ്ഡ് പരിശോധന നടത്തണം. രക്തപരിശോധനയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തില്‍ വ്യതിയാനം കണ്ടാല്‍ ചികിത്സിച്ചു ഭേദമാക്കിയിട്ട് ഗര്‍ഭം ധരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെയും പൊതു ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.

വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ അതു പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കിയശേഷം ഗര്‍ഭം ധരിക്കുക. വിളര്‍ച്ചയുള്ള അമ്മയ്ക്ക് തൂക്കം കുറഞ്ഞ കുഞ്ഞു ജനിക്കാം. മാസം തികയാതെ കുഞ്ഞു ജനിക്കാനുമിടയുണ്ട്. വിളര്‍ച്ച മൂലം ഗര്‍ഭമലസാനുള്ള സാധ്യതയും ഏറെയാണ്.

ഒരുങ്ങാം നല്ല കുഞ്ഞിനായ്

ഗര്‍ഭത്തിനൊരുങ്ങുകയാണെങ്കില്‍ മൂന്നു മാസം മുമ്പേ ഫോളിക് ആസിഡ് കഴിക്കാം. ഫോളിക് ആസിഡ് ഗര്‍ഭസ്ഥശിശുവിന് രോഗപ്രതിരോധശേഷി നല്‍കും. അംഗവൈകല്യങ്ങളെ തടയാനും ഇതിനു കഴിയും.

അടുത്ത ബന്ധുവിനെ വിവാഹം കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കു ജനിതക വൈകല്യങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭിണിയാകും മുമ്പ് ഗര്‍ഭാശയത്തിന്റെയും അണ്ഡാശയങ്ങളുടെയും പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടോ എന്നറിയുന്നതു നല്ലതാണ്. ആര്‍ത്തവം ക്രമം തെറ്റുക, പെട്ടെന്നു തൂക്കം വര്‍ധിക്കുക, മുഖത്തും ശരീരത്തിലും നിറയെ രോമങ്ങള്‍... എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ആണോയെന്നു പരിശോധിച്ചറിയുകയും കൃത്യമായ ചികിത്സ തേടുകയും വേണം. ഈ രോഗം ചികിത്സിച്ച ശേഷം ഗര്‍ഭിണിയാകുന്നതാണു നല്ലത്. അല്ലെങ്കില്‍ ഗര്‍ഭമലസാന്‍ പോലുമിടായാകാം.

ഗര്‍ഭകാലത്ത് യൂറിനറി അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കണം. അതിന് ഗര്‍ഭിണി ധാരാളം വെള്ളം കുടിക്കണം. മൂത്രത്തിലെ അണുബാധ മൂലം ഗര്‍ഭമലസാം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച കുറയാനുമിടയുണ്ട്.

അമിതവണ്ണമുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിനു മുമ്പ് വണ്ണം കുറയ്ക്കണം. പ്രത്യേകിച്ച് 70 കി. ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ളവര്‍. അടിവയറില്‍ അമിതമായടിയുന്ന കൊഴുപ്പ് ഹോര്‍മോണ്‍ വ്യതിയാനത്തിലൂടെ അണ്ഡോത്പാദനത്തെ പ്രതികൂലമായി ബാധിക്കും. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറച്ചശേഷം ഗര്‍ഭം ധരിക്കാം. തൂക്കം തീരെ കുറയുന്നതും നല്ലതല്ല. അതായത് 40 കി. ഗ്രാമില്‍ താഴെ. ബി എം ഐ (ഉയരതൂക്ക അനുപാതം) 20-നും 26-നും ഇടയിലാണ് ഉത്തമം. തൂക്കം കൂടുന്നതും കുറയുന്നതും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും.

പാരമ്പര്യരോഗങ്ങളായ ഹീമോഫീലിയ, ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം എന്നിവ കുടുംബത്തിലുണ്ടായിട്ടുണ്ടെങ്കില്‍ ഗര്‍ഭം ധരിക്കും മുമ്പ് ശ്രദ്ധിക്കണം. ജനിറ്റിക് കൗണ്‍സലിങും ക്രോമസോം പരിശോധനയും ചെയ്യുന്നതും ഗുണം ചെയ്യും.

പുകവലിക്കുന്ന സ്ത്രീയാണെങ്കില്‍ ഗര്‍ഭധാരണത്തിനു മുമ്പ് പുകവലി നിര്‍ത്തണം. മദ്യപാനവും നല്ലതല്ല. പുകവലിക്കുന്ന ഭര്‍ത്താവിന്റെ സാന്നിധ്യവും ദോഷകരമാണ്. തന്‍മൂലം ആരോഗ്യവും തൂക്കവും കുറഞ്ഞ കുഞ്ഞ് ജനിക്കാന്‍ സാധ്യതയുണ്ട്.

ഗര്‍ഭിണി കുറഞ്ഞത് ഏഴുമണിക്കൂറെങ്കിലും നന്നായി ഉറങ്ങണം. പ്രോട്ടീന്‍ സമൃദ്ധമായ ആഹാരം കഴിക്കുകയും വേണം.

റുബല്ലാ പാര്‍ട്ടി

വിദേശരാജ്യങ്ങളില്‍ റുബല്ലാ പാര്‍ട്ടി എന്നൊരു ചടങ്ങു തന്നെയുണ്ട്. അതായത് 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കെല്ലാം ആഘോഷപൂര്‍വം റുബല്ലാ വാക്സിനേഷന്‍ നല്‍കുന്ന ചടങ്ങാണിത്. റുബല്ലാ വാക്സിനേഷന്റെ പ്രാധാന്യം വളരെ നിര്‍ണായകമാണ്. ഭാവിയില്‍ ജര്‍മന്‍ മീസിൽസ് വരുന്നതിനെ പ്രതിരോധിക്കാന്‍ ഇതു സഹായിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ജര്‍മന്‍ മീസില്‍സ് വന്നാല്‍ കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങള്‍ വരാം. കൗമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ റുബല്ലാ കുത്തിവയ്പ് എടുക്കുന്നതാണു നല്ലത്. സ്കൂള്‍-കോളജ് തലങ്ങളില്‍ ഇതേക്കുറിച്ച് നല്ല അവബോധം നല്‍കുകയും വേണം.