ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പ്രസവ ശസ്ത്രക്രിയാ നിരക്ക് 15 മുതൽ 20 ശതമാനം വരെ മാത്രമാണ്. എന്നാൽ കേരളത്തിലെ പല ജില്ലകളിലും പ്രസവ ശസ്ത്രക്രിയാ നിരക്ക് 50 ശതമാനത്തിനു മുകളിലാണ്. അതായത് നൂറ് സ്ത്രീകൾ പ്രസവിക്കുമ്പോൾ അതിൽ അൻപതു പേർക്കും ശസ്ത്രക്രിയ വേണ്ടി വരുന്നു എന്നു ചുരുക്കം. തെക്കൻ കേരളത്തിലെ പ്രസവ ശസ്ത്രക്രിയാ നിരക്ക് ഞെട്ടിപ്പിക്കുന്നതാണെങ്കിൽ മലബാറും ഒട്ടും പുറകിലല്ല. മലബാറിൽ ഏറ്റവും കൂടുതൽ നിരക്ക് കണ്ണൂർ ജില്ലയിലാണ്. 43 ശതമാനം. തൊട്ടടുത്ത ജില്ലകളായ കാസർകോഡും വയനാട്ടിലും വേണ്ടത്ര വിദഗ്ധ ആശുപത്രികൾ ഇല്ലാത്തതിനാൽ ഈ ജില്ലക്കാർ കൂടി കണ്ണൂരിലെത്തുന്നതു കൊണ്ടാകാം ജില്ലയിലെ ശസ്ത്രക്രിയാ നിരക്കിൽ വർധനയെന്നാണു ഡോക്ടർമാരുടെ നിഗമനം. എന്തുതന്നെയായാലും ഈ നിലയ്ക്കു ശസ്ത്രക്രിയാ നിരക്ക് വർധിക്കുന്നത് ആശ്വാസ്യമല്ല.
സ്വകാര്യ ആശുപത്രികളുടെ കടന്നു വരവോടെയാണ് ശസ്ത്രക്രിയാ നിരക്ക് വർധിച്ചതെന്ന ആരോപണം ജനങ്ങളുടെ ഭാഗത്തു നിന്നു ശക്തിപ്പെടുന്നു. ഡോക്ടർമാർ മാത്രം വിചാരിച്ചാൽ ശസ്ത്രക്രിയാ നിരക്ക് കുറയ്ക്കാനാകില്ലെന്നും ഇക്കാര്യത്തിൽ ഗർഭിണിയുടെയും ബന്ധുക്കളുടെയും പങ്ക് നിർമായകമാണെന്നും ഡോക്ടർമാരും പറയുന്നു. കണ്ണൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന പ്രധാന നിരീക്ഷണങ്ങളും നിർദേശങ്ങളും ഇവയാണ്.
സമ്മർദമുനയിൽ ഡോക്ടർമാർ
∙ കാത്തിരിക്കാനോ റിസ്കെടുക്കാനോ തയ്യാറല്ലാത്ത ഗർഭിണിയുടെയും രക്ഷിതാക്കളുടെയും സമ്മർദത്തിനു വഴങ്ങി ശസ്ത്രക്രിയ നടത്തേണ്ടി വരാറുണ്ടെന്ന് ഡോക്ടർമാർ സമ്മതിക്കുന്നു.
∙ കേരളത്തിൽ സാക്ഷരതാനിരക്ക് വർധിച്ചതോടെ പ്രസവസമയത്തുണ്ടാകുന്ന എന്തുതരം പ്രശ്നത്തിനും ഡോക്ടർക്കെതിരെ കേസിനു പോകുന്ന സ്വഭാവമുണ്ടായി. പ്രസവിച്ചു വർഷങ്ങൾക്കു ശേഷം കുട്ടിക്ക് ബുദ്ധിവൈഭവം കുറവാണെന്ന പേരിൽ ഡോക്ടർക്കെതിരെ കേസു കൊടുത്ത സംഭവവും കേരളത്തിലുണ്ട്.
∙ ഓരോ ഘട്ടത്തിലും ഗർഭസ്ഥ ശിശുവിനെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ അടിയന്തര ഘട്ടങ്ങൾ നേരത്തേ തിരിച്ചറിയാൻ തുടങ്ങി. ഇതു പ്രസവ ശസ്ത്രക്രിയാ നിരക്ക് വർധിക്കാൻ കാരണമായി.
∙ ആദ്യപ്രസവത്തിലെ ശസ്ത്രക്രിയയും തുടർന്നുള്ള ശസ്ത്രക്രിയകളും വ്യത്യാസമുണ്ട്. ആദ്യപ്രസവത്തിൽ ശസ്ത്രക്രിയയാണെങ്കിൽ തുടർപ്രസവത്തിൽ ശസ്ത്രക്രിയയ്ക്കുള്ള സാധ്യത കൂടുതലാണ്. എന്നാൽ കേരളത്തിൽ ഇതു രണ്ടും വ്യത്യസ്ത കണക്കുകളായി സൂക്ഷിക്കുന്നില്ല. സ്വാഭാവികമായും ശസ്തക്രിയാനിരക്ക് ഉയർന്നു നിൽക്കുന്നതായി തോന്നാം.
ശസ്ത്രക്രിയ വേണ്ട സാഹചര്യം
അടിയന്തരഘട്ടത്തിലൊഴിച്ച് മറ്റൊരിക്കൽ പോലും ഒരു സ്ത്രീക്കു പ്രസവിക്കാൻ ശസ്ത്രക്രിയ ആവശ്യമില്ല. ക്ഷമയോടുള്ള കാത്തിരിപ്പു മാത്രമാണ് ആവശ്യം. എങ്കിലും സുഖപ്രസവമാണെന്നു പറഞ്ഞ ഗർഭിണിയെ ചിലപ്പോൾ ശസ്ത്രക്രിയ നടത്തേണ്ടി വന്നേക്കാം. പ്രസവത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ തുടർന്നാണിത്. ഇതു മനസിലാക്കാതെ ഡോക്ടർ അനാവശ്യമായി ശസ്ത്രക്രിയ നടത്തിയെന്നു കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല.
ശസ്ത്രക്രിയ അനിവാര്യമായ ചില ഘട്ടങ്ങൾ
∙ പ്രസവത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ആപത്തുണ്ടാകുന്ന അവസ്ഥ.
∙ മറുപിള്ള ഗർഭപാത്രത്തിൽ ഒട്ടിപ്പിടിക്കുന്ന സ്ഥിതി.
∙ മുൻപ് സിസേറിയൻ നടത്തിയ സ്ത്രീകൾ
∙ കുഞ്ഞിന്റെ തലഭാഗം താഴോട്ടു വരാത്ത സ്ഥിതി.
∙ അമ്മയുടെ ഇടുപ്പെല്ലിന് വികാസക്കുറവ്
∙ അമ്മയുടെ പ്രഷർ, ഷുഗർ, ബ്ലീഡിങ് എന്നിവയിൽ അപകടകരമായ സ്ഥിതിയുണ്ടാകുക
∙ പ്രസവതീയതി കഴിഞ്ഞിട്ടും കുഞ്ഞ് പുറത്തേക്ക് വരാതിരിക്കുക
ജീവിതരീതി മാറി, ശസ്ത്രക്രിയ കൂടി
∙ വിവാഹപ്രായവും ആദ്യപ്രസവത്തിനുള്ള പ്രായവും ഒരുപാടു വർധിച്ചു. നേരത്തേ 20കളിൽ നടന്നിരുന്ന പ്രസവങ്ങൾ 30 വയസിലാണ് ഇപ്പോൾ നടക്കുന്നത്.
∙ പെൺകുട്ടികളിലുണ്ടാകുന്ന അമിതവണ്ണം. ചെറുപ്രായത്തിൽ തന്നെ അമിതവണ്ണം കേരളത്തിലെ പെൺകുട്ടികളിൽ കൂടിവരുന്നു.
∙ വന്ധ്യതാനിരക്കിലും വർധനയുണ്ട്. ഏറെക്കാലത്തെ വന്ധ്യതാചികിത്സയ്ക്കു ശേഷം ഉണ്ടാകുന്ന കുഞ്ഞുങ്ങളെ സിസേറിയനിലൂടെയാണ് മിക്കപ്പോഴും പുറത്തെടുക്കുന്നത്.
∙ ഒരിക്കൽ പ്രസവ ശസ്ത്രക്രിയ നടത്തിയ സ്ത്രീകളുടെ ഗർഭപാത്രത്തിന്റെ മസിലുകൾക്ക് ബലക്കുറവ് ഉണ്ടാകാം. അതുകൊണ്ടുതന്നെ രണ്ടാം പ്രസവത്തിൽ കൂടുതൽ റിസ്ക് ഒഴിവാക്കാൻ ശസ്ത്രക്രിയ നടത്തേണ്ടി വരുന്നു.
ശസ്ത്രക്രിയ ഒഴിവാക്കുന്നതിൽ ഡോക്ടർമാരുടെ പങ്ക്
∙ ഗർഭിണികൾക്കു കൃത്യമായ നിർദേശം നൽകുക
∙ ഗർഭിണിയുടെ അവസ്ഥയെക്കുറിച്ച് രക്ഷിതാക്കൾക്കു കൃത്യമായ വിശദീകരണം നൽകുക. എന്താണു പ്രശ്നമെന്ന് അറിയാത്ത ആശങ്കയിൽ നിന്നാണു രക്ഷിതാക്കൾ ഡോക്ടർമാരുടെ മേൽ സമ്മർദം ചെലുത്തുന്നത്.
∙ ഗർഭിണികളെ വ്യായാമം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. നേരത്തേ ചെയ്തിരുന്ന ജോലികൾ തുടർന്നു ചെയ്യാനും നിർദേശിക്കുക.
∙ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ നൽകുന്ന വേദനരഹിത പ്രസവം, മരുന്നുകൾ എന്നിവയുടെ ഫലപ്രാപ്തി അന്വേഷിച്ച് ഉപയോഗപ്പെടുത്തുക
∙ സാധാരണ പ്രസവത്തെ പരമാവധി പ്രോത്സാഹിപ്പിക്കുക
ഗർഭിണികളുടെയും ബന്ധുക്കളുടെയും പങ്ക് നിർണായകം
∙ പ്രസവത്തെക്കുറിച്ചും പ്രസവത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് അറിവ് ഉണ്ടായിരിക്കണം. ഒരേ ഒരു മകൾക്ക് വേദന സഹിക്കാനുള്ള കഴിവില്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തണമെന്നു പറഞ്ഞ് ഡോക്ടർമാരിൽ സമ്മർദം ചെലുത്തരുത്.
∙ ഗർഭിണികൾ ഗർഭകാലം വിശ്രമകാലമാക്കി മാറ്റരുത്. അമിതഭക്ഷണം കുഞ്ഞിന്റെ തൂക്കം വർധിപ്പിക്കുകയും സ്വാഭാവികപ്രസവം അസാധ്യമാക്കുകയും ചെയ്യും.
∙ മറ്റെല്ലാ ശസ്ത്രക്രിയയും പോലെ പ്രസവ ശസ്ത്രക്രിയയിലും റിസ്ക് കൂടുതലാണ്. തുടർന്നുള്ള ജീവിതത്തിലും പ്രസവ ശസ്ത്രക്രിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
∙ പ്രസവതീയതി കഴിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ട് ശസ്ത്രക്രിയ വേണമെന്നു വാശിപിടിക്കരുത്. അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമില്ലെങ്കിൽ നാലുദിവസം വരെ കാക്കുന്നതിൽ തെറ്റില്ല.
∙ കുഞ്ഞ് ചില പ്രത്യേക നക്ഷത്രത്തിൽത്തന്നെ ജനിക്കണമെന്നു വാശിപിടിച്ച് ശസ്ത്രക്രിയയ്ക്കു നിർബന്ധിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.
∙ പ്രസവസമയത്തെ ഏതാനും മണിക്കൂറുകളുടെ വേദന അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ സ്വാഭാവികപ്രസവത്തിൽ ഉണ്ടാകില്ല. എന്നാൽ പ്രസവ ശസ്ത്രക്രിയയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാണ്.
∙ പ്രസവത്തിനു വേണ്ടി എന്തും സഹിക്കാൻ മുൻപുള്ളവർ തയാറായിരുന്നെങ്കിൽ പ്രസവവേദന പോലും സഹിക്കാൻ ഇന്ന് ഗർഭിണിക്കു താൽപര്യമില്ല. ശസ്ത്രക്രിയ കുറയ്ക്കുന്ന കാര്യത്തിൽ ഡോക്ടർമാരുടെ അത്രതന്നെ പങ്കാളിത്തം ഗർഭിണിക്കും വീട്ടുകാർക്കും ഉണ്ട്.