ഗർഭകാലപ്രശ്നം ശിശുവിനെ ബാധിക്കുമ്പോൾ

ഗർഭധാരണം–അമ്മയ്ക്കു മാത്രം ഉണ്ടാകുന്ന ഒരവസ്ഥയല്ല, മറിച്ച് അമ്മയും കുഞ്ഞും തമ്മിലുള്ള ഒരു പങ്കുവയ്ക്കൽ കൂടിയാണ്. ഗർഭാവസ്ഥയിൽ അമ്മയെ ബാധിക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും കുഞ്ഞിനെയും ബാധിക്കും. അതു ശാരീരികമായാലും മാനസികമായാലും. ഗർഭകാലത്തെ ശാരീരിക പ്രശ്നങ്ങൾ ഭാവിയിൽ കുഞ്ഞിനെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാം.

രക്താതിമർദം അപകടകരം

ഗര്‍ഭിണികളിൽ അമിതരക്തസമ്മർദം മൂലം ഉണ്ടായേക്കാവുന്ന സങ്കീർണമായ അവസ്ഥകളാണ് ജെസ്റ്റേഷനൽ ഹൈപ്പർ ടെൻഷൻ, പ്രീഎക്ലാംസിയ, എക്ലാംസിയ (Gestational Hypertension, pre eclampsia, eclampsia). ഇവ മൂലം അമ്മയിൽ നിന്നും കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറയുന്നു. അതിനാൽ അമ്മ മാസം തികയാതെ പ്രസവിക്കാനും കുട്ടിക്ക് വളർച്ചക്കുറവ് ഉണ്ടാകാനും ഇടയാകുന്നു. മാത്രമല്ല ഗര്‍ഭപാത്രത്തിനുള്ളിൽ വച്ചു തന്നെ ഗർഭസ്ഥശിശുവിനു മരണം വരെ സംഭവിക്കാം. ഇങ്ങനെ മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് ബെർത് ആസ്ഫിക്സിയ (Birtyh asphyxia ജനനസമയത്ത് ഓക്സിജൻ ലഭിക്കാതെ വരുന്നതിനെ തുടർന്ന് ബോധക്ഷയമോ മരണമോ സംഭവിക്കാവുന്ന അവസ്ഥ) പോലുള്ള അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ

പ്രമേഹം നിയന്ത്രണ പരിധിയിലല്ലാത്ത സ്ത്രീകൾ ഗർഭം ധരിച്ചാൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മനാ വൈകല്യം ഉണ്ടാകാം.

ഗര്‍ഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം (GDM) – ഗർഭിണികളിൽ ഉണ്ടാകുന്ന പ്രമേഹം കുട്ടിക്ക് അമിതഭാരം ഉണ്ടാകാൻ ഇടയാക്കുന്നു. പ്രസവസമയത്ത് അമ്മയ്ക്കുണ്ടാകുന്ന മുറിവുകളും കുട്ടിക്ക് ഉണ്ടാകുന്ന ബെർത്ത് ആസ്ഫിക്സിയയും ഇതിന്റെ പരിണിത ഫലമാണ്,

ഹൈപ്പോതൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥി കുഞ്ഞിന്റെ തലച്ചോറിന്റെ വികസനത്തെ സ്വാധീനിക്കുന്നു. തൈറോയ്ഡ് ഹോർമോൺ കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് പ്ലാസന്റാ ഗർഭപാത്രത്തിൽ നിന്നു വേർപ്പെട്ടു പോകുന്ന അബ്റപ്ഷിയോ പ്ലാസന്റാ (Abruptio Placentea) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനിടയാക്കുകയും ചെയ്യുന്നു. ഹൈപ്പോ തൈറോയ്ഡിസം കാരണം ഉണ്ടാകുന്ന മറ്റൊരു അപകടമാണ് മാസം തികയാതെയുള്ള പ്രസവം.

ഹൈപ്പർതൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോൺ ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. കുഞ്ഞിനു വളർച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, പ്രീഎക്ലാംസിയ എന്നിവ ഉണ്ടാകാം. ഈ പ്രശ്നം നവജാത ശിശുവിന്റെ മരണകാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

വൈറ്റമിന്റെ അഭാവം

വൈറ്റമിൻ കുറവുള്ള ഗർഭിണികൾ ഇപ്പോൾ വളരെ കൂടുതലായി കാണപ്പെടുന്നു. ഗര്‍ഭ കാലത്ത് സിങ്ക്, ഫോളിക് ആസിഡ് എന്നിവയുടെ കുറവുമൂലം വളർച്ചക്കുറവ്‍, ഗർഭം അലസിപ്പോകൽ, മാസം തികയാതെയുള്ള പ്രസവം, പ്ലാസന്റ ഗർഭപാത്രത്തിൽ നിന്നു വേർപ്പെട്ടു പോവുക, കുഞ്ഞുങ്ങളിലെ മുച്ചുണ്ട്, മുറിനാക്ക് എന്നിവ ഉണ്ടായേക്കാം.

മരുന്നുകൾ കഴിക്കുമ്പോൾ

ഗർഭാവസ്ഥയിൽ അമ്മ കഴിക്കുന്ന ഓരോ മരുന്നും ഗര്‍ഭസ്ഥ ശിശുവിൽ മാറ്റം ഉണ്ടാക്കാം. വാർഫറിൻ പോലുള്ള ചില മരുന്നുകൾ കുട്ടിയിൽ വളര്‍ച്ചാ തകരാറുകള്‍ക്കു കാരണമാകാം. അമിതരക്തസമ്മർദം നിയന്ത്രിക്കാൻ കഴിക്കുന്ന ചില മരുന്നുകൾ കുട്ടിക്ക് വളർച്ചാക്കുറവ് ഉണ്ടാക്കിയേക്കാം. അതിനാൽ ഗർഭിണികൾക്ക് മരുന്നുകൊടുക്കുന്നതിനു മുമ്പ് ഡോക്ടറെ സമീപിച്ചു കുഞ്ഞിന്റെ സുരക്ഷ ഉറപ്പ് വരുത്തുക.

വിളർച്ച സൂക്ഷിക്കണം

ഗർഭിണികളിലെ വിളർച്ച കാരണം ഗർഭസ്ഥ ശിശുവിനു അയൺ കിട്ടാതാകുകയും കുട്ടിക്കു തൂക്കക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയവ ഉണ്ടാകുവാനും ഇടയുണ്ട്. നവജാതശിശുക്കളിൽ വളർച്ചയ്ക്കുള്ള പ്രധാന കാരണം ഗർഭകാലത്ത് അമ്മയിലുള്ള വിളർച്ചയാണ്.

അണുബാധ എന്ന വെല്ലുവിളി

ഗർഭിണികള്‍ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് അണുബാധ. ഉദാഹരണത്തിന് ടോർച്ച് എന്ന ചുരുക്ക പേരിലറിയപ്പെടുന്ന അണുബാധകള്‍ (Torch Infection Toxoplasmosis), others (syphils, varicella-zoster, parvovirus B19,), Rubella, Cytomegalovirus and Herpes). മൂത്രനാളിയിലെ അണുബാധകൾ (UTI Urinary Tract Infections). കൃത്യമായ ചെക്കപ്പും ചികിത്സയും ഇല്ലെങ്കിൽ ഗർഭം അലസാനും ചിലപ്പോൾ കുഞ്ഞിന് ജന്മ വൈകല്യങ്ങൾക്കും വഴിതെളിക്കുന്നു.

ഗർഭിണിയും മനസ്സും

ഗർഭസമയത്ത് അമ്മമാർക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും പ്രശ്നങ്ങളും ജനിക്കുന്ന കുട്ടികള്‍ക്ക് തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കു കാരണമാകാം. തുടര്‍ച്ചയായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുകയും അതിന്റെ ഫലമായി ജനിക്കുന്ന കുട്ടികളിൽ പല തരത്തിലുള്ള സ്വാഭവ വൈകല്യങ്ങളും ഉണ്ടാക്കാം.

ഗര്‍ഭകാലത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ ഉണ്ടാകുന്ന മാനസിക സംഘർഷം കാരണം കുട്ടികളിൽ കാണുന്ന പ്രത്യേകതരം ഉപകാരപ്രദമായ ബാക്ടീരിയ (ഗട്ട് മൈക്രോഫാളോറാ– Gut microflora) വളരെ കുറഞ്ഞ തോതിലെ ഉണ്ടാവുകയുള്ളൂ. ഇതു കാരണം കുട്ടികളിലെ പ്രതിരോധശക്തി വളരെ കുറവായിരിക്കും. കൂടാതെ തലച്ചോറിന്റെ വളർച്ചയെ ബാധിച്ച് ഓട്ടിസം, സ്കിസോഫ്രീനിയ എന്നീ രോഗങ്ങള്‍ ബിധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഗർഭകാലത്തെ നാലാം മാസം തുടങ്ങി ആറാം മാസങ്ങളിൽ വരെ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം മൂലം അമ്മമാരിൽ അമിത അളവിലുണ്ടാകുന്ന സ്ട്രെസ് ഹോർമോൺ കുഞ്ഞിലേക്ക് പകർന്ന് ബുദ്ധിമാന്ദ്യം, എഡിഎച്ച്ഡി (പിരുപിരിപ്പ്) തുടങ്ങിയ രോഗങ്ങൾക്കു സാധ്യത കൂട്ടും. ഗർഭകാലത്തെ അവസാന മൂന്നു മാസങ്ങളിൽ അമ്മമാരിൽ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം പലപ്പോഴും കുട്ടികളിൽ പലതരത്തിലുള്ള അംഗവൈകല്യങ്ങൾക്കു കാരണമാകാം.

മാസം തികയാതെ ജനിക്കുന്നവർ

ഏറ്റവും അപകടകരമായ ഒരവസ്ഥയാണ് മാസം തികയാതെയുള്ള പ്രസവം. അങ്ങനെയുള്ള ശിശുക്കൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഹൈപ്പോഗ്ലൈസീമിയ, കുടലിലെ കലകളിൽ ഉണ്ടാകുന്ന തകരാറായ എൻഇസി (NEC – Necrotizing Enterocolititis), തലച്ചോറിലെ ദ്രാവകം നിറഞ്ഞ ഭാഗങ്ങളിൽ രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയായ ഐ വി എച്ച് (IVH – Intraventricular Hemorrhage), കോശങ്ങളുടെ പ്രതിരോധശേഷി കുറവ് എന്നിവ ഉണ്ടാക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല ഭാവിയിൽ കാഴ്ചത്തകരാർ ഉണ്ടക്കുന്ന റെറ്റിനോപ്പതി ഓഫ് പ്രീ മെച്യൂറിറ്റി (ROP) പോഷക കുറവ് എന്നിവയ്ക്കും വഴിതെളിക്കുന്നു.

അതിനാൽതന്നെ മാസം തികയാതെയുള്ള പ്രസവങ്ങൾ കഴിവതും ഒഴിവാക്കേണ്ടതാണ്. ഗര്‍ഭിണികൾ കൃത്യമായ ചെക്കപ്പുകളും മറ്റും നടത്തണം. അപാകതകൾ കണ്ടെത്തി തുക്കത്തിൽ തന്നെ ചികിത്സ നൽകുകയും വേണം.

മാസം തികയാതെയുള്ള പ്രസവം മാത്രമല്ല പ്രശ്നങ്ങളും പരിഹരിക്കാൻ കൃത്യമായ പരിശോധനയും മറ്റും കൊണ്ട് സാധിക്കുന്നതാണ്.

അമ്മമാരുടെ ദുശ്ശീലങ്ങൾ

പുകവലി

ഗര്‍ഭിണിയായ സ്ത്രീ പുകവലിക്കുമ്പോൾ ഗർഭസ്ഥശിശുവിനും ടാർ, നിക്കോട്ടിൻ, കാർബൺമോണോക്സൈഡ് തുടങ്ങി മാരകമായ രാസവസ്തുക്കളുമായി സമ്പർക്കമുണ്ടാകാം. അമ്മ പുകവലിക്കുകയോ അല്ലെങ്കിൽ പുകവലിക്കാരുമായുള്ള സമ്പർക്കമോ കാരണം ഗര്‍ഭപാത്രത്തിൽ നിന്നു പ്ലാസന്റ വിട്ടു പോരുക, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞുങ്ങളിൽ വളര്‍ച്ചക്കുറവ് എന്നിവ ഉണ്ടാകാം.

മദ്യപാനം

ഗർഭിണികളിലെ മദ്യപാനം ഗർഭസ്ഥശിശുവിനെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് പ്രീനേറ്റൽ ആൽക്കഹോളിക് സിൻഡ്രോം. ഇതു മൂലം കുഞ്ഞിനു ബുദ്ധിമാന്ദ്യം, മുഖത്ത് വൈരൂപ്യം, തലച്ചോർ വളർച്ചാമാന്ദ്യം എന്നിവ ഉണ്ടാകുന്നു.

ഡോ. ശബ്നം എസ്. നമ്പ്യാർ
അസിസ്റ്റന്റ് പ്രഫസർ
,
ബെസ്റ്റ്ട്രിക്സ് ആൻ‍ഡ് ഗൈനക്കോളജി വിഭാഗം,
പരിയാരം മെഡിക്കൽ കോളജ്, കണ്ണൂർ