ഗര്‍ഭകാലത്ത് ഭാര്യ ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്നത്

ഗര്‍ഭിണിയാകുന്നത് മിക്ക സ്ത്രീകളിലും സന്തോഷവും ആശങ്കയും ഒരു പോലെയുണ്ടാക്കുന്ന കാര്യമാണ്. വ്യക്തിത്വത്തിന്‍റ ഭാഗമായുള്ള പെരുമാറ്റങ്ങള്‍ക്ക് പുറമേ ഹോര്‍മോണുകളിലും മറ്റും വരുന്ന വ്യത്യാസങ്ങളിലൂടെ പ്രവചനാതീതമായിരിക്കും പലപ്പോഴും ഗര്‍ഭിണികളുടെ പെരുമാറ്റം.

ഈ സന്ദര്‍ഭത്തില്‍ സ്ത്രീയുടെ ആശങ്കയ്ക്കും ഉത്കണ്ഠക്കും പരിഹാരം കാണാന്‍ കഴിയുന്നത് ഭര്‍ത്താവിനാണ്. മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍ ഗര്‍ഭാവസ്ഥയില്‍ ഭാര്യയ്ക്ക് താന്‍ സുരക്ഷിതയാണെന്ന തോന്നലുണ്ടാക്കാന്‍ ഭര്‍ത്താവിന് കഴിയും.

1. മനസ്സിലാക്കുക

ഭാര്യയുടെ മാനസിക അവസ്ഥയെയും ശാരീരിക അവസ്ഥയെയും മനസ്സിലാക്കി പെരുമാറുകയാണ് ഭര്‍ത്താവ് ആദ്യം ചെയ്യേണ്ടത്. ഇതുവരെ തനിക്കൊപ്പം ജീവിച്ചിരുന്ന സ്ത്രീ മാത്രമല്ല ഗര്‍ഭിണി ആകുമ്പോഴുള്ള ഭാര്യയെന്ന് മനസ്സിലാക്കണം. ഈ ഘട്ടത്തില്‍ പ്രത്യേക സ്നേഹവും പരിചണവും അവര്‍ ആഗ്രഹിക്കും. അത് മനസ്സിലാക്കി പെരുമാറുക. മുന്‍പ് ചെയ്തിരുന്ന കാര്യങ്ങള്‍ അതേ രീതിയില്‍ ചെയ്യാന്‍ അവര്‍ക്ക് സാധിച്ചെന്നു വരില്ല. ചെറിയ ജോലികളില്‍ പോലും അവര്‍ ക്ഷീണിതരായേക്കാം. ഇതെല്ലാം ഓര്‍ത്ത് അവരും വിഷമിച്ചേക്കാം. മാറ്റങ്ങളെല്ലാം അംഗീകരിച്ച് അവര്‍ക്ക് മാനസിക പിന്തുണ നല്‍കുക.

2. ചിന്തിക്കാതെ കാര്യങ്ങള്‍ പറയുന്ന അവസ്ഥ

ഈ അവസ്ഥയാണ് ഭര്‍ത്താവ് മനസ്സിലാക്കേണ്ട അടുത്ത പ്രധാനപ്പെട്ട കാര്യം. ഗര്‍ഭിണിയായ സ്ത്രീകളുടെ തലച്ചോറില്‍ ഗ്രേ മാറ്റര്‍ കുറവായിരിക്കും. ഇത് സ്വാഭാവികമായി ചിന്തിച്ച് സംസാരിക്കാനുള്ള സ്ത്രീകളുടെ ശേഷി കുറയ്ക്കും.അതിനാല്‍ത്തന്നെ അവരുടെ പല വാക്കുകളും നിങ്ങളെ വേദനിപ്പിച്ചേക്കാം. ഇതിന്‍റെ പേരില്‍ അവര്‍ക്ക് പിന്നീട് പശ്ചാത്താപമുണ്ടാകും. തങ്ങളുടെ എടുത്തുചാട്ടത്തോടെയുള്ള വര്‍ത്തമാനം ഗര്‍ഭാവസ്ഥയുടെ ഭാഗമാണെന്ന കാര്യം ഭര്‍ത്താവ് മനസ്സിലാക്കണമെന്ന് ഏത് ഭാര്യയും ആഗ്രഹിക്കും.

3. സ്നേഹം പ്രകടിപ്പിക്കുക

ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ തന്‍റെ ശരീര സൗന്ദര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചും തനിക്ക് ഒന്നും ചെയ്യാനാകാത്തതിനെ കുറിച്ചും ഓര്‍ത്ത് സ്ത്രീകളില്‍ ആശങ്ക ഉണ്ടാകുക സ്വാഭാവികമാണ്. ഇതുമൂലം ഭര്‍ത്താവിന് തങ്ങളോടുള്ള സ്നേഹം കുറയുമോ എന്നും അവര്‍ ആശങ്കപ്പെട്ടേക്കാം. ഇത് മനസ്സിലാക്കി അവരോടുള്ള സ്നേഹം പൂര്‍ണമായി പ്രകടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

4. പ്ലാനിങ്

സാമ്പത്തിക അസ്ഥിരതയെക്കുറിച്ചുള്ള ആശങ്കയാണ് സ്ത്രീകള്‍ക്കുണ്ടാകുന്ന മറ്റൊരു പ്രശ്നം. ഇതാനായി പ്രസവകാലത്തേക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചയ്യുക. പണം സ്വരുക്കൂട്ടുക. ഇതെല്ലാം സ്ത്രീകളുടെ ആശങ്ക കുറയ്ക്കാന്‍ സഹായിക്കും.

5. പ്രഥമ പരിഗണന ഭാര്യയ്ക്ക്

ആദ്യ പരിഗണന ഭാര്യയ്ക്ക് നല്‍കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുക. ഇതിനായി ജോലിത്തിരക്കിനിടയിലും ചില ഫോണ്‍ കോളുകള്‍ ആകാം. ഇടയ്ക്ക് ചെറിയ സമ്മാനങ്ങളും പൂക്കളും നല്‍കാം. ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്തു കൊടുക്കാം. 

6. ആരോഗ്യം ശ്രദ്ധിക്കുക

ആരോഗ്യകരമായി ഏറെ ശ്രദ്ധ വേണ്ട സമയമാണ് ഗര്‍ഭകാലം. ആവശ്യമായ ഭക്ഷണം സമയത്ത് വേണ്ട അളവില്‍ കഴിക്കാന്‍ അവര്‍ പലപ്പോഴും തയാറാകില്ല. അല്ലെങ്കില്‍ മറന്ന് പോയേക്കാം. ഇത് ഓര്‍മിപ്പിക്കുക. ഭക്ഷണം കഴിപ്പിക്കുക. ഇതെല്ലാം ഭര്‍ത്താവ് ചെയ്യണമെന്നും അവര്‍ ആഗ്രഹിക്കും.