Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുവിധുകാലത്തെ തടസങ്ങൾ

honeymoon-problems

ഞാൻ വിവാഹിതനായിട്ട് മൂന്നു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ്പോൾ ശക്തമായ വേദന അനുഭവപ്പെടുന്നു. എന്താണു പരിഹാരം?

ലൈംഗികബന്ധം സാധ്യമാകാത്തതിനു പല കാരണങ്ങളുണ്ട്. പ്രത്യേകിച്ചും താങ്കളെപ്പോലെ മധുവിധുകാലത്ത്. അറിവില്ലായ്മ, മാനസികപിരിമുറുക്കം, ശീഘ്രസ്ഖലനം, ലൈംഗികമരവിപ്പ്, കന്യാചർമത്തിനു കട്ടികൂടുതൽ... പലതാകാം കാരണങ്ങൾ. കന്യാചർമത്തിനു കട്ടി കൂടിയതാകാം ലൈംഗികബന്ധത്തിനു തടസമാകുന്നത്. യോനീമുഖം കവാടത്തിനടുത്തുള്ള നേർത്ത പാടയാണു കന്യാചർമം. യോനിക്കുള്ളിലെ അണുബാധ തടയുകയാണു കന്യാചർമത്തിന്റെ ധർമം. ശരീര പ്രകൃതിയനുസരിച്ചു കന്യാചർമത്തിന്റെ ഇലാസ്തികത, കനം, ആകൃതി എന്നിവ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോൾ ഈ പാടയ്ക്കു കട്ടി കൂടി ഇലാസ്തികത കുറയും.

കന്യാചർമത്തിലുള്ള സുഷിരങ്ങൾ അടഞ്ഞിരിക്കുകയും ചെയ്യും. കന്യാചർമത്തിലെ സുഷിരമില്ലായ്മ ബാല്യകാലത്തു ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എന്നാൽ, ആർത്തവം തുടങ്ങുമ്പോൾ ആർത്തവസ്രവം തടസപ്പെടുന്നു. ഇതുമൂലം വേദനയുണ്ടാകാം. കട്ടിയുള്ളതും സുഷിരം ചെറുതുമായ കന്യാചർമം ആദ്യ സംയോഗം വേദനയുള്ളതാക്കും. ചിലപ്പോൾ ലൈംഗികബന്ധം അസാധ്യമാക്കും. ക്രമാതീതമായ സമ്മർദം വേദന കൂട്ടുകയും ചെയ്യും. ആവശ്യത്തിനു സ്നിഗ്ധത വരുന്നതിനു മുമ്പു ധൃതി പിടിച്ചു ലൈംഗികബന്ധത്തിനു ശ്രമിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാക്കും.

ലൈംഗികബന്ധത്തോടു വെറുപ്പും പേടിയുമുണ്ടാകാൻ സാധ്യതയുണ്ട്. ലൂബ്രിക്കന്റ് ഉപയോഗിക്കുക, ഉള്ളു തുറന്നു സംസാരിക്കുക, ക്ഷമയോടെ സഹകരിച്ചു പലഘട്ടമായി ലിംഗപ്രവേശം നടത്തുക തുടങ്ങിയവയാണു പ്രായോഗികം. ആദ്യ ലൈംഗികബന്ധ സമയത്തു മിക്കവരിലും കന്യാചർമം പൊട്ടി പോകാറുണ്ട്. അൽപം വേദനയും രക്തമൊഴുക്കും ഉണ്ടാകാം. ചിലരിൽ കന്യാചർമം വളരെ ഇലാസ്തികതയുള്ളതാകാം. ഇവരിൽ ആദ്യ തവണത്തെ സംഭോഗത്തിൽ തന്നെ കന്യാചർമം പൊട്ടിപ്പോകാറില്ല. ചിലരിൽ ജന്മനാ കന്യാചർമമുണ്ടാവില്ല.

കന്യാചർമത്തിനു കട്ടി കൂടി ലൈംഗികബന്ധം തീർത്തും അസാധ്യമായവർ ഗൈനക്കോളജിസ്റ്റിന്റെ നിർദേശം തേടണം. ചെറിയ ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കാം. 

Your Rating: