സ്ത്രീകളിലെ വന്ധ്യത; കാരണങ്ങളും പരിഹാരങ്ങളും ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിന് കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം

സ്ത്രീകളിലെ വന്ധ്യത; കാരണങ്ങളും പരിഹാരങ്ങളും ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിന് കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളിലെ വന്ധ്യത; കാരണങ്ങളും പരിഹാരങ്ങളും ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിന് കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിനു കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള  അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം നീട്ടിവെയ്ക്കാൻ ആഗ്രഹിക്കുന്നവരും ഇപ്പോൾ ഏറെയാണ്. കരുതലോടെ നീങ്ങിയില്ലെങ്കിൽ, ഭാവിയിൽ ഗർഭം ധരിക്കാൻ തയാറാകുമ്പോഴായിരിക്കാം വന്ധ്യത ഒരു വെല്ലുവിളിയായി മാറുന്നത്. ഇന്ന്, വന്ധ്യത പരിഹരിക്കാൻ പലതരം ചികിത്സകൾ ലഭ്യമാണെങ്കിലും പ്രായം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

ഒരു വർഷത്തോളം ശ്രമിച്ചിട്ടും ഗർഭം ധരിക്കാൻ കഴിഞ്ഞില്ലെങ്കിലാണ്  വന്ധ്യതയുണ്ടെന്ന് അനുമാനിക്കുന്നത്. ഇതിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണുള്ളത്. ഈ ഒരുവർഷത്തിനിടയിൽ 2-3 ദിവസത്തെ ഇടവേളയിൽ പങ്കാളികൾ ശാരീരികബന്ധത്തിൽ ഏർപ്പെടുകയും വേണം. എന്നിട്ടും ഫലം കാണുന്നില്ലെങ്കിലാണ് ഒരു ഡോക്ടറെ സമീപിക്കേണ്ടത്. 35 വയസ് കഴിഞ്ഞവർ, ആർത്തവം ക്രമരഹിതമായിട്ടുള്ളവർ, അണ്ഡാശയത്തിലോ മറ്റോ മുൻപ് ശസ്ത്രക്രിയകൾക്ക് വിധേയരായിട്ടുള്ളവർ, കാൻസർ പോലെയുള്ള അസുഖങ്ങൾക്ക് ചികിത്സ തേടിയിട്ടുള്ളവർ എന്നിവർ ആറ് മാസം ശ്രമിച്ചിട്ടും ഗർഭം ധരിക്കാൻ കഴിയുന്നില്ലെങ്കിൽ വന്ധ്യതയ്ക്ക് ചികിത്സ തേടണം. അവർ ഒരുവർഷം കാത്തിരിക്കേണ്ടതില്ല.

ADVERTISEMENT

അണ്ഡാശയത്തിന്റെയും ഗർഭാശയത്തിന്റെയും ആരോഗ്യം
ഗർഭധാരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അവയവമാണ് അണ്ഡാശയം എന്നറിയാമല്ലോ. കൃത്യമായ ഇടവേളകളിൽ അണ്ഡാശയം പ്രത്യുല്പാദനത്തിനുള്ള കോശങ്ങൾ (അണ്ഡങ്ങൾ അഥവാ എഗ്ഗുകൾ) നിർമിക്കാറുണ്ട്. ഈ പ്രക്രിയയിൽ എന്തെങ്കിലും താളപ്പിഴകൾ ഉണ്ടായാൽ ഗർഭധാരണം നടക്കില്ല. ഹോർമോണുകളുടെ പ്രവർത്തനം ക്രമമല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പി.സി.ഒ.എസ്) പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ചെറുപ്പത്തിലേ തന്നെ അണ്ഡാശയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്താലും കുട്ടികൾ ഉണ്ടാകില്ല. പൊതുവെ നാല്പതുകളോട് അടുക്കുമ്പോഴാണ് അണ്ഡാശയത്തിന്റെ പ്രവർത്തനം കുറഞ്ഞുവരുന്നത്. 38 വയസുമുതൽ അണ്ഡോല്പാദനം കുറഞ്ഞുതുടങ്ങും. അതിന് മുൻപേ അണ്ഡോല്പാദനം നിലച്ചാൽ, പിന്നെ ഗർഭം ധരിക്കണമെങ്കിൽ ചികിത്സ വേണ്ടിവരും. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും അണ്ഡാശയത്തിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

Representative image. Photo Credit:MarianVejcik/istockphoto.com

അണ്ഡാശയത്തിൽ നിന്നും ഗർഭാശയത്തിലേക്ക് അണ്ഡങ്ങളെ എത്തിക്കുന്ന രണ്ട് കുഴലുകളുണ്ട്. ഇവയെ അണ്ഡവാഹിനിക്കുഴലുകൾ അഥവാ ഫലോപ്പിയൻ ട്യൂബ് എന്നാണ് വിളിക്കുന്നത്. പല കാരണങ്ങളാൽ ഈ കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകാം. കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിന് അതൊരു തടസമാകാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും മറ്റ് അണുബാധകളുമാണ് അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഗർഭാശയത്തിന്റെ ലൈനിങ് ഗർഭാശയത്തിന് പുറത്തേക്ക് വളർന്നാലും (എൻഡോമെട്രിയോസിസ്) അണ്ഡവാഹിനിക്കുഴലിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഉദരത്തിലോ വസ്തിപ്രദേശത്തോ മുൻപ് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും അണ്ഡവാഹിനിക്കുഴലിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം.

ഗർഭാശയത്തിലും ഗർഭാശയമുഖത്തും ഉണ്ടാകുന്ന പ്രശ്നങ്ങളും ഗർഭധാരണത്തിന് തടസ്സമാകാറുണ്ട്. ഗർഭാശയത്തിലെ ഫൈബ്രോയ്ഡുകൾ, പോളിപ്പുകൾ എന്നിവ ഉദാഹരണം. എന്നാൽ എല്ലാ ഫൈബ്രോയിഡും വന്ധ്യതയ്ക്ക് കാരണമാകാറില്ല. ഗർഭാശയത്തിനുള്ളിലേക്ക് വളരുന്ന ഫൈബ്രോയിഡുകളും ഗർഭപാത്രത്തിന്റെ അവരണത്തിൽ വളരുന്ന പോളിപ്പുകളുമാണ് കുട്ടികളുണ്ടാകുന്നതിന് തടസമാകുന്നത്. 

Representative Image. Photo Credit : Love portrait and love the world / iStockPhoto.com

വിവാഹശേഷം ഗർഭം എത്രനാൾ വൈകിപ്പിക്കാം?
പ്രായമേറുന്തോറും സ്ത്രീകളുടെ പ്രത്യുല്പാദനശേഷി സ്വാഭാവികമായും കുറഞ്ഞുവരും. 35 വയസൊക്കെ കഴിയുമ്പോഴേക്കും സ്ത്രീകൾ ഉല്പാദിപ്പിക്കുന്ന അണ്ഡങ്ങളുടെ ശേഷിയും എണ്ണവും കുറയാൻ തുടങ്ങും. പിന്നീട് ഗർഭധാരണം അത്ര എളുപ്പത്തിൽ നടക്കണമെന്നില്ല. പൊതുവെ 40 വയസിനോട് അടുക്കുമ്പോഴാണ് അണ്ഡാശയത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതെങ്കിലും, ഇന്ത്യയിലെ സ്ത്രീകളിൽ ഇത് 38 വയസിലെത്തുമ്പോഴേക്കും സംഭവിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. 

ADVERTISEMENT

സ്ത്രീകളുടെ ജീവിതശൈലിയും ഭക്ഷണരീതികളും കൂടി ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതുണ്ട്. പുകവലിയും മദ്യപാനവും ചെറുപ്പത്തിൽ തന്നെ വന്ധ്യതയ്ക്ക് കാരണമാകാം. ഇത്തരം വിഷാംശങ്ങൾ അണ്ഡങ്ങളുടെ ഗുണമേന്മയെ ബാധിക്കും. അമിതമായ ശരീരഭാരമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും ഇതേ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അമിതമായ മാനസികസംഘർഷം വരെ ഗർഭധാരണത്തിന് തടസ്സമായേക്കാം. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരും അതിനുവേണ്ടി തയാറെടുക്കുന്നവരും ജങ്ക് ഫുഡും അമിതമധുരമടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും പലഹാരങ്ങളും പരമാവധി കുറയ്ക്കണം. പകരം പോഷകസമൃദ്ധമായ ഭക്ഷണം സ്ഥിരമായി കഴിക്കാനും വ്യായാമം ചെയ്യാനും പ്രത്യേകം ശ്രദ്ധിക്കണം. ഗർഭം ധരിക്കാൻ കഴിയുന്നില്ലെന്ന വിഷമവുമായി ആശുപത്രിയിൽ എത്തുന്ന പല സ്ത്രീകളും ശരീരഭാരം അഞ്ച് മുതൽ പത്ത് ശതമാനം വരെ കുറയ്ക്കുമ്പോൾ സ്വാഭാവികമായി ഗർഭം ധരിക്കാറുണ്ട്.

വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ ഉടൻ വേണ്ടെന്ന് കരുതുന്നവർ ചില പരിശോധനകൾക്ക് വിധേയരാകുന്നത് നല്ലതാണ്. അണ്ഡാശയത്തിൽ ഇനി എത്ര അണ്ഡങ്ങൾക്കുള്ള കോശങ്ങൾ ബാക്കിയുണ്ടെന്ന് കണ്ടെത്തുന്നതിന് എ.എം.എച്ച് അഥവാ ആന്റി-മുള്ളേരിയൻ ഹോർമോൺ ടെസ്റ്റ് എന്ന പരിശോധനയും ഇപ്പോൾ ലഭ്യമാണ്. എ.എം.എച്ച് നിരക്ക് കുറവാണെന്ന് കണ്ടാൽ പിന്നെ കുട്ടികൾ ഉണ്ടാവില്ലെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. എന്നാൽ, അവർ  എത്രയും നേരത്തെ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കേണ്ടതാണ്. വൈകിപ്പിച്ചാൽ പിന്നീട് സങ്കീർണതകൾ നേരിടേണ്ടി വരാം. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, എല്ലാവർക്കും എല്ലാ ടെസ്റ്റുകളും ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. പ്രത്യേകിച്ച്, ഹോർമോൺ സംബന്ധമായ ടെസ്റ്റുകൾ. ഓരോരുത്തരുടെയും ആരോഗ്യം വിലയിരുത്തിയ ശേഷം, ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ മാത്രം നടത്തിയാൽ മതിയാകും.

ആർത്തവം കൃത്യമായ ഇടവേളകളിൽ നടക്കുന്നുണ്ടെങ്കിൽ പൊതുവെ ഭയപ്പെടേണ്ട കാര്യമില്ല. എങ്കിലും ഭാവിയിൽ അപ്രതീക്ഷിത തിരിച്ചടികൾ ഒഴിവാക്കാൻ നേരത്തെ തന്നെ പരിശോധനയ്ക്ക് വിധേയമാകുന്നത് നല്ലതാണ്. ക്രമംതെറ്റിയുള്ള ആർത്തവം ഉള്ളവരും ആർത്തവത്തോടൊപ്പം സാധാരണയിൽ കവിഞ്ഞ വേദനയും രക്തസ്രാവവും ഉള്ളവരും പി.സി.ഒ.ഡി പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവരും കഴിവതും നേരത്തെ തന്നെ പരിശോധന നടത്തുകയും കുട്ടികൾ വേണമെന്നുണ്ടെങ്കിൽ അതിനുള്ള ചികിത്സ തുടങ്ങുകയും വേണം.

Representative image. Photo Credit:Lacheev/istockphoto.com

വന്ധ്യതയ്ക്കുള്ള വിവിധ ചികിത്സകൾ
വന്ധ്യതയുടെ കാരണമെന്താണെന്ന് ആദ്യം കണ്ടുപിടിച്ച ശേഷമാണ് ഏതുതരം ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത്. മിക്കയാളുകൾക്കും ആദ്യം ജീവിതശൈലിയിൽ ചില മാറ്റങ്ങളാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്. ശരീരത്തിന്റെ ഭാരം ആരോഗ്യകരമായ നിലയിലെത്തിക്കുക, സമീകൃതാഹാരം ശീലമാക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, സ്ട്രെസ് കുറയ്ക്കുക എന്നിവ അതിൽപ്പെടും. അടുത്ത ഘട്ടമായി അണ്ഡോല്പാദനം വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ നൽകും. ഒപ്പം, ആവശ്യമെങ്കിൽ ഹോർമോണുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള മരുന്നുകളും നിർദേശിക്കാറുണ്ട്. ഈ മരുന്നുകളെല്ലാം തീർത്തും സുരക്ഷിതമാണ്. ഇതുകൊണ്ടൊന്നും ഗർഭധാരണം സാധ്യമായില്ലെങ്കിൽ അണ്ഡവാഹിനിക്കുഴൽ പരിശോധിക്കേണ്ടതുണ്ട്. രണ്ട് അണ്ഡവാഹിനി കുഴലുകൾ ഉള്ളതിൽ ഏതെങ്കിലുമൊന്ന് ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മതിയാകും. എന്നാൽ രണ്ടിലും ബ്ലോക്കുകളോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ വേണ്ടിവരാം. അണ്ഡവാഹിനിക്കുഴലുകൾ പ്രവർത്തനക്ഷമമല്ലെങ്കിൽ അതിനുള്ളിൽ നടക്കേണ്ട പ്രക്രിയകളെ ലാബിൽ പൂർത്തിയാക്കിയ ശേഷം ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് നേരിട്ട് നിക്ഷേപിക്കാറുണ്ട്. ഇതിനെയാണ് ഐവിഎഫ് അഥവാ ഇൻ-വിട്രോ ഫെർട്ടിലൈസഷൻ എന്ന് പറയുന്നത്. ഐവിഎഫിലൂടെ ഉണ്ടാകുന്ന ഭ്രൂണത്തെ അഞ്ച് ദിവസം വരെ നമുക്ക് ലബോറട്ടറിയിൽ വളർത്താവുന്നതാണ്. അതിനുശേഷം ആ ഭ്രൂണത്തെ ഗർഭാശയത്തിലേക്ക് നിക്ഷേപിക്കുകയോ ശീതീകരിച്ച് സൂക്ഷിക്കുകയോ ചെയ്യാം.

ADVERTISEMENT

ഭ്രൂണത്തെ ശീതികരിച്ച് സൂക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
ബീജസങ്കലനം നടന്നുകഴിഞ്ഞ അണ്ഡമാണ് ഭ്രൂണം. തത്കാലം കുട്ടികൾ വേണ്ടെങ്കിലും ഭാവിയിൽ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ധാരാളം ദമ്പതിമാർ ഇപ്പോൾ അവരുടെ ഭ്രൂണങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാനായി ആശുപത്രികളെ സമീപിക്കാറുണ്ട്. എംബ്രയോ ഫ്രീസിങ് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. ഗർഭം ധരിക്കാൻ തയാറാക്കുമ്പോൾ ഇങ്ങനെ സൂക്ഷിച്ചിട്ടുള്ള ഭ്രൂണം ഗർഭാശയത്തിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു. കരിയർ കാരണമോ ആരോഗ്യകാരണങ്ങളാലോ ഗർഭധാരണം പിന്നീട് മതി എന്ന് കരുതുന്നവരാണ് ഈ രീതിയെ ആശ്രയിക്കുന്നത്. എന്നാൽ എംബ്രയോ ഫ്രീസിങ് എല്ലായ്‌പ്പോഴും പൂർണമായും വിജയിക്കണമെന്നില്ല. ശീതീകരിച്ച ഭ്രൂണത്തെ ഉള്ളിലേക്ക് ഇട്ടുകൊടുക്കുമ്പോൾ ഗർഭാശയത്തിന്റെ ആവരണം അതിനെ സ്വീകരിച്ചെങ്കിലും മാത്രമേ കുട്ടികൾ ഉണ്ടാകൂ. മണ്ണിൽ ഒരു വിത്തിടുന്നത് പോലെയാണത്. വിത്ത് മാത്രം നല്ലതായതുകൊണ്ട് കാര്യമില്ല. അതിന് വളരാൻ ആവശ്യമായ അനുകൂല സാഹചര്യങ്ങളും ആ മണ്ണിൽ ഉണ്ടാവണം. ഈ പോരായ്മ മറികടക്കാൻ ഒന്നിലേറെ ഭ്രൂണങ്ങളെ ശീതീകരിച്ച് സൂക്ഷിക്കാറുണ്ട്. ഈ രീതി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവർ 30 വയസിന് മുൻപ് ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭ്രൂണത്തിന്റെ വിജയസാധ്യത വർധിപ്പിക്കാൻ അത് സഹായിക്കും. വിവാഹം കഴിയാത്ത സ്ത്രീകൾക്ക് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്. 

Representative Image. Image Credit: fizkes/shutterstockphoto.com.

ഗർഭധാരണവും വന്ധ്യതയും സ്ത്രീകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. അവരുടെ പങ്കാളിയായ പുരുഷന്മാർക്കും ഇതിൽ തുല്യ ഉത്തരവാദിത്വമാണുള്ളത്. ഇരുവരും ഒരേ മനസ്സാലെ വേണം വന്ധ്യതാചികിത്സയെ സമീപിക്കേണ്ടത്. രണ്ടുപേരും പരിശോധനകൾക്ക് വിധേയരാകുകയും ആരോഗ്യകരമായ ജീവിതശൈലികളും സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തെങ്കിൽ മാത്രമേ ഏതൊരു ശ്രമവും വിജയിക്കുകയുള്ളു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രത്യുത്പാദന ശേഷിയിൽ പ്രായത്തിന് വലിയ പങ്കുണ്ടെന്ന വസ്തുത നിഷേധിക്കാനാകില്ല. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവർ പ്രായമേറുന്നതിന് മുൻപേ തന്നെ അതിനുള്ള ശ്രമങ്ങൾ തുടങ്ങണം. അല്പം വൈകിപ്പിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾ പരിശോധനകൾക്ക് വിധേയരായി പ്രശ്നങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ വന്ധ്യതയ്ക്കുള്ള ചികിത്സ ആവശ്യമാണെങ്കിലും വളരെ നേരത്തെ തുടങ്ങിയെങ്കിൽ മാത്രമേ മെച്ചപ്പെട്ട ഫലപ്രാപ്തി കിട്ടുകയുള്ളു.

ഡോ. ഷമീമ അൻവർസാദത്ത്

(ലേഖിക: സീനിയർ കൺസൽട്ടൻറ് - ഒബ്സ്റ്റട്രിക്‌സ്, ഗൈനക്കോളജി, ആൻഡ് ഐവിഎഫ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി.)

English Summary:

Infertility in Women: Causes, Solutions, and How Long You Can Delay Pregnancy Safely. Postponing Pregnancy, Maximize Your Chances with This Fertility Guide for Women.

Show comments