വീടുകൾക്ക് ഭംഗിയും മനസ്സിന് ഉല്ലാസവും നൽകുന്നതിൽ പെയിന്റുകൾക്ക് വലിയ പങ്കുണ്ട്, എന്നാൽ പെയിന്റുകൾ അത്ര സുരക്ഷിതമാണോ?
വീടു പണിയാൻ മനസ്സിൽ ഒരുക്കം തുടങ്ങുമ്പോഴേ ഏതു പെയിന്റു വേണം, നിറമേത് എന്നൊക്കെ ആലോചിക്കുന്നവരാണ് നമ്മിൽ പലരും. താമസിക്കുന്ന വീടിന്റെ നിറമൊന്നു മങ്ങിയാൽ, അല്ലെങ്കിൽ വർണരാജിയിൽ കുളിച്ചുനിൽക്കുന്ന വീടുകള്‍ കണ്ടാൽ പെയിന്റൊന്നു പുതുക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതും സാധാരണം. അപ്പോഴൊന്നും പെയിന്റുകൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാറേയില്ല എന്നതാണു വാസ്തവം. എന്തിനു നിരന്തരം ഈ മേഖലയിൽ ജോലി ചെയ്യുന്ന പെയിന്റിങ് തൊഴിലാളികൾ പോലും ഇതിനെക്കുറിച്ചു വേണ്ടത്ര ബോധവാന്മാരല്ല എന്നതു ഗൗരവമായി എടുക്കേണ്ടതുണ്ട്.
എന്താണു പെയിന്റ്
നിരവധി ഘടകങ്ങൾകൂടി ചേർത്താണു പെയിന്റ് ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് ഈ മിശ്രിതത്തിലുളളതെന്നു നോക്കാം. നിറം നൽകുന്ന വർണവസ്തു അഥവാ പിഗ്മെന്റ്, വർണവസ്തുവിനെ ഭിത്തിയോടോ മറ്റു പ്രതലത്തോടോ ചേരാൻ സഹായിക്കുന്ന ബൈൻഡർ(binder), ഈ വസ്തുക്കളെ ലയിപ്പിച്ചു ദ്രാവകരൂപത്തിലാക്കുന്ന സോൾവെന്റുകൾ(solvents), ഫംഗസുകളെയും മറ്റും പ്രതിരോധിക്കുന്ന അധികചേരുവകൾ(Additives) എന്നിവയാണു പെയിന്റിലെ പ്രധാന ഘടകങ്ങൾ. പെയിന്റ് നേർപ്പിക്കാനുപയോഗിക്കുന്ന സോൾവെന്റുകളെ ജലാധിഷ്ഠിതമെന്നും ഒായിൽ അധിഷ്ഠിതമെന്നും പൊതുവേ തരംതിരിക്കാം. ഒായിൽ അധിഷ്ഠിത സോൾവെന്റുകളിൽ പലതും എളുപ്പം ബാഷ്പീകരിച്ചു കണികകൾ അന്തരീക്ഷത്തിലെത്തുന്നവയത്രേ. ഇവയിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നവയുമുണ്ട്. മിക്ക വിദേശരാജ്യങ്ങളിലും ഈ ഘടകങ്ങളുടെ അളവ് തുലോം കുറവായിരിക്കണമെന്ന് നിബന്ധനയുണ്ട്.
ഇതുകൊണ്ടായില്ല, പെയിന്റടിക്കുന്നതിനു മുമ്പ് ഉപയോഗിക്കുന്ന പ്രൈമർ, ഫർണിച്ചറുകൾക്കും കതക്, ജനൽ തുടങ്ങിയവയുടെ രൂപഭംഗി കൂട്ടാൻ സഹായിക്കുന്ന വാർണിഷിങ് തുടങ്ങിയവയും ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം.
രാസഘടകങ്ങൾ നിരവധി
പെയിന്റുകളിലും അനുബന്ധഘടകങ്ങളിലും നിരവധി ഘനലോഹങ്ങൾ, പെട്ടെന്നു ബാഷ്പീകരിക്കുന്ന ജൈവിക സംയുക്തങ്ങൾ (Volatile Organic Compounds) എന്നിവ അടങ്ങിയിട്ടുണ്ട്.
ലെഡ്, നിക്കൽ, സിങ്ക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങൾക്കു പുറമേ അസറ്റോൺ(Acetone), സയലീൻ (Xylene), ടൊളുവിൻ (Toluene), ഫോർമാൽഡിഹൈഡ് (Formaldehide), ബെൻസീൻ (Benzene), മീതൈൽ ഈതൈൽ കീറ്റോൺ(MethylEthyl Ketone), മഗ്നീഷ്യം സിലിക്കേറ്റ്(Magnesium Silicate) തുടങ്ങിയ പെട്ടെന്നു ബാഷ്പീകരിക്കപ്പെടുന്ന ജൈവസംയുക്തങ്ങളും പെയിന്റിൽ അടങ്ങിയിരിക്കുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ നിരവധി വികസിതരാജ്യങ്ങളിൽ ഇത്തരം ഘടകങ്ങൾ പെയിന്റ് നിർമാണത്തിലോ അനുബന്ധഘടകങ്ങളുടെ നിർമാണത്തിലോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ബാഷ്പീകരിക്കപ്പെടുന്ന ജൈവ സംയുക്തങ്ങളുടെ അളവ് പെയിന്റുകളിൽ വളരെ കുറഞ്ഞ അളവിലേ ഉണ്ടാകാൻ പാടുളളൂ. തീരെ ചെറിയ അളവിലാണെങ്കില്‍ ഏറെ നല്ലത്. ഒരു ലിറ്റർ പെയിന്റിൽ ഇത്തരം ഘടകങ്ങളുടെ അളവ് 50 ഗ്രാമിൽ താഴെയെങ്കില്‍ അവ താരതമ്യേന സുരക്ഷിതമെന്നും അഞ്ച് ഗ്രാമിൽ താഴെയെങ്കില്‍ ഏറെ സുരക്ഷിതമെന്നും പറയാം.
ആരോഗ്യപ്രശ്നങ്ങള്‍
പെയിന്റിന്റെ ഗുണനിലവാരം, അളവ്, തുറസ്സായ സ്ഥലത്തോ, മുറിക്കുളളിലോ പെയിന്റ് ചെയ്യുന്നത്, ബ്രഷ് ഉപയോഗിച്ചോ അതോ സ്പ്രേ രൂപത്തിൽ പെയിന്റ് ചെയ്യുന്ന രീതിയാണോ തുടങ്ങി ഒട്ടനവധി ഘടകങ്ങൾ ഇതുമൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ വ്യാപ്തിയെ സ്വാധീനിക്കാം. വ്യക്തിയുടെ പ്രായം, ആരോഗ്യസ്ഥിതി, പെയിന്റിലെ ഘടകങ്ങളോടുളള പ്രതികരണശേഷി, ജനിതക പ്രത്യേകതകൾ തുടങ്ങിയവയും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുളള സാധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്.
പെയിന്റിങ് സമയത്തോ അതിനു ശേഷമോ മുറിയിൽ കയറുമ്പോൾ കണ്ണുകൾക്കു പുകച്ചിൽ ഉണ്ടാകുക സാധാരണമല്ലേ? ഇതിനുപുറമേ തൊണ്ട, മൂക്ക് പുകച്ചിൽ, ചൊറിച്ചില്‍, തലവേദന, ഒാക്കാനം, ഛർദി, ദേഹമൊക്കെ ചൊറിഞ്ഞുതടിക്കൽ, എക്സിമ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഏറിയും കുറഞ്ഞുമൊക്കെ ഉണ്ടാകാം.
ആസ്മയുളളവർക്ക് അവ അധികരിക്കാനും ആസ്മ സാധ്യതയുളള അലർജിയുളളവർക്ക് ആദ്യമായി ആസ്മ ലക്ഷണങ്ങൾ ഉണ്ടാകാനും പെയിന്റുമായുളള സമ്പർക്കം കാരണമാകാറുണ്ട്.
കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങൾ താരതമ്യേന കൂടുതലായി കാണപ്പെടും. അതുകൊണ്ടുതന്നെ വീടു പെയിന്റു ചെയ്യുന്ന വേളകളിൽ കുട്ടികളെ പുതുതായി പെയിന്റടിച്ച മുറികളില്‍ കുറേ ദിവസത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതാണു നല്ലത്.
പെയിന്റിലെ അപകടഘടകങ്ങൾ മൂന്നുവിധത്തിൽ ശരീരത്തിലെത്താം. ശ്വാസം വഴി, ത്വക് വഴി, അന്നനാളം വഴി. ഈ ചെറുകണികകള്‍ വിവിധതരത്തിൽ പ്രവർത്തിച്ചു വ്യത്യസ്ത രീതികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. അലർജി, ആസ്മ തുടങ്ങിയ അസുഖങ്ങളുളളവരുടെ ശരീരം ഇത്തരം ഘടകങ്ങളോട് അമിതമായി പ്രതികരിക്കുകയും രോഗം അധികരിക്കാനിടയാക്കുകയും ചെയ്യാം. സൈനസൈറ്റിസ്, അമിതപ്രതികരണ ശ്വാസകോശവീക്കം (Hyper sensitivity Pneumonitis) തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.
ഒാഫ് ഗ്യസിങ് എന്ന പുതിയ പ്രശ്നം
പെയിന്റടിച്ചു കഴിഞ്ഞ് ഏതാനും ദിവസം മാത്രംകൊണ്ട് ഇല്ലാതാകുന്ന ഒന്നല്ല പെയിന്റ് മൂലമുളള ആരോഗ്യപ്രശ്നങ്ങൾ. ആദ്യഘട്ടത്തിൽ അപകടകാരികളായ ഘടകങ്ങളുടെ സാന്നിധ്യം താരതമ്യേന കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ പ്രശ്നസാധ്യതയും കൂടും. എന്നാൽ ഇത്തരം ഘടകങ്ങൾ വർഷങ്ങളോളം, ഒരു പക്ഷേ പെയിന്റിന്റെ കാലാവധിയോളം ചുവരിൽ നിന്നു വമിക്കപ്പെടുകയും അത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യുമെന്നാണ് പുതിയ കണ്ടെത്തൽ. ഒാഫ് ഗ്യാസ്സിങ് അഥവാ ഒൗട്ട് ഗ്യാസ്സിങ് (Odd gassing/ Out gassing) എന്നാണ് ഈ കണികകളുടെ വമിക്കലിനെ (Emission) വിശേഷിപ്പിക്കുന്നത്.
പെയിന്റിലെ പല ഘടകങ്ങളും കാൻസറുണ്ടാക്കാൻ സാധ്യതയുളള കാർസിനോജനുകളാണ്. ഗുണനിലവാരമില്ലാത്ത പെയിന്റുകളില്‍ ഇത്തരം ഘടകങ്ങളുടെ അളവ് താരതമ്യേന കൂടുതലായിരിക്കും. പെയിന്റ് സാധാരണ വ്യക്തികളില്‍ കാൻസറിനു കാരണമാകുന്നുവെന്ന് തറപ്പിച്ചു പറയാനാവില്ലെങ്കിലും വിദൂരസാധ്യത തള്ളിക്കളയാനാവില്ല.
നാഡീവ്യൂഹവ്യവസ്ഥ, കരൾ, വൃക്കകൾ, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങി ശരീരത്തിലെ സുപ്രധാന ധർമങ്ങൾ നിർവഹിക്കുന്ന നിരവധി അവയവങ്ങളുടെ പ്രവർത്തനങ്ങളുടെ താളംതെറ്റിക്കാൻ കഴിവുളള രാസഘടകങ്ങൾ പെയിന്റിൽ അടങ്ങിയിട്ടുണ്ട്. പെട്ടെന്നു ബാഷ്പീകരിക്കുന്ന ജൈവസംയുക്തങ്ങൾ (Volatile Organic Compounds) കൂടുതലായി അടങ്ങിയ പെയിന്റുകൾ അതുകൊണ്ടുതന്നെ അപകടകാരികളെത്രേ.
ഉപയോഗിക്കുമ്പോൾ
പെയിന്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു കരുതി, പെയിന്റുകൾ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചു ചിന്തിക്കാനാകുമോ? പെയിന്റുകളുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാകുക, പരിഹാരം തേടുക എന്നതത്രേ പ്രായോഗികം.
∙ഗുണനിലവാരമുളള പെയിന്റുകൾ ഉപയോഗിക്കുക
∙ ഘനലോഹങ്ങളും അപകടകാരികളായ ഘടകങ്ങളും ഇല്ലാത്ത അല്ലെങ്കിൽ കുറവായ പെയിന്റുകൾ ഉപയോഗിക്കുക.
∙ അടച്ചിട്ട മുറികളിൽ വച്ചു പെയിന്റ് ചെയ്യാതിരിക്കുക.
∙ പെയിന്റ് ചെയ്യുമ്പോൾ ജനാലകളും കതകുകളും തുറന്നിടുക.
∙ പുറംചുമരുകളിൽ അടിക്കുന്ന പെയിന്റുകളില്‍ പൂപ്പലും മറ്റും പിടിക്കാതിരിക്കാനുളള രാസചേരുവകൾ അടങ്ങിയേക്കാം. അതുതന്നെ അകത്തെ മുറികളിലും വേണമെന്നു നിർബന്ധം പിടിക്കരുത്.
∙ കഴിവതും ജലത്തിൽ ലയിപ്പിച്ചെടുക്കുന്ന പെയിന്റുകൾ ഉപയോഗിക്കുക.
സ്പ്രേ പെയിന്റിങ് പ്രശ്നങ്ങൾ
സ്പ്രേ രൂപത്തിൽ പെയിന്റടിക്കുമ്പോൾ രാസകണികകൾ ഏറെ ദൂരത്തെത്താം. അത്തരം അവസരങ്ങളില്‍ ഒരിക്കലും അടച്ചിട്ട മുറികളിൽ വച്ചു പെയിന്റടിക്കരുത്. അതു കണികകളുടെ അന്തരീക്ഷത്തിലെ അളവ് അപകടകരമായ അളവിലേക്ക് ഉയർത്താം. പെയിന്റിങ് നടക്കുന്നിടങ്ങളിൽ ആളുകൾ കൂടിനിൽക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും കുട്ടികള്‍. അവരുടെ ശ്വാസകോശങ്ങൾക്ക് നീർക്കെട്ടുണ്ടാകാനുളള സാധ്യതയേറെയാണ്. പെയിന്റടിക്കുന്ന കാലയളവിൽ മാറി താമസിപ്പിക്കാൻ പറ്റുമെങ്കിൽ ഏറെ നല്ലത്.
ഇനി പെയിന്റിങ് കഴിഞ്ഞാലോ പുതുപുത്തൻ വീട്ടിലേക്ക് മാറുംമുമ്പ് കുറച്ചു ദിവസം കാത്തിരിക്കുന്നതാണു ബുദ്ധി. പെയിന്റിങ്ങിനു ശേഷം ജനാലകളും മറ്റും തുറന്നിട്ട്, രാസഘടകങ്ങൾ നല്ലൊരു പങ്കും പുറത്തുപോയതിനുശേഷം താമസമാക്കാം. പെയിന്റിങ് കഴിഞ്ഞയുടൻ താമസമാരംഭിച്ച പലർക്കും ആസ്മ, അലർജി ലക്ഷണങ്ങൾ അധികരിക്കുന്നതായി കാണാറുണ്ട്. പെയിന്റിങ് കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷമാണ് താമസം ആരംഭിക്കുന്നത് എങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാം.
ഇന്നു പെയിന്റ് ആവശ്യമില്ലാത്ത നിരവധി നിർമാണ സങ്കേതങ്ങൾ രൂപപ്പെട്ടുവരുന്നുണ്ട്. ഒാർമിക്കുക, പെയിന്റ് നിരുപദ്രവ സാധനമല്ല. ഏറ്റവും പ്രാധാന്യമേറിയ അഞ്ചു പാരിസ്ഥിതിക അപകടകാരി (Environmental Hezards) കളിലൊന്നായാണ് പെയിന്റിനെ അമേരിക്കയുടെ പാരിസ്ഥിതിക സംരക്ഷണ ഏജൻസി (Environmental Protection Agency) കണാക്കാക്കിയിരിക്കുന്നത്.
പെയിന്റിങ് തൊഴിലാളികൾക്ക്
നിരന്തരം പെയിന്റുമായി സമ്പർക്കത്തിലേർപെടേണ്ടിവരുന്ന പെയിന്റിങ് തൊഴിലാളികളെ പെയിന്റുമൂലമുളള ആരോഗ്യപ്രശ്നങ്ങളെല്ലാം കൂടുതൽ തീവ്രതയിൽ ബാധിക്കാം. പെയിന്റിങ് മേഖലയിൽ നിരന്തരമായി ജോലി ചെയ്യുന്നവർക്ക് അർബുദരോഗസാധ്യത മറ്റുളളവരേക്കാൾ 20% കൂടുതലാണെന്നും ശ്വാസകോശ അർബുദ സാധ്യത 40% കൂടുതലാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. ഇത്തരം തൊഴിലാളികളിൽ ഒാർമക്ഷയത്തിനുളള (Painters Dementia) സാധ്യത കൂടുമെന്ന് ഡെൻമാർക്കിൽ നടന്ന പഠനം വെളിപ്പെടുത്തുന്നു. പെയിന്റിങ് മേഖലയിലെ തൊഴിൽ പുരുഷവന്ധ്യതയ്ക്ക് കാരണമായേക്കാമെന്ന് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ചുരുക്കത്തിൽ പെയിന്റിങ് തൊഴിലാളികൾക്കിടയിൽ തൊഴിൽജന്യരോഗങ്ങളുടെ വ്യാപ്തി കൂടുതലാണ്. ഇവർ വേണ്ടത്ര സുരക്ഷാമുൻകരുതലുകള്‍ എടുക്കണം. കൈയുറകൾ, സുരക്ഷാകണ്ണടകൾ, മുഖാവരണങ്ങൾ, റെസ്പിറേറ്ററുകൾ തുടങ്ങിയവ ഉപയോഗിക്കണം. തൊഴിലാളികൾക്ക് ഇടയ്ക്കിടെ വൈദ്യ പരിശോധനയും നടത്തേണ്ടതുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ആദ്യഘട്ടത്തിലേ കണ്ടുപിടിക്കാനും വേണ്ട ചികിത്സ നൽകാനും ഇത്തരം പരിശോധനകൾ കൊണ്ടു കഴിയും.
ഡോ. പി. എസ്. ഷാജഹാൻ
അസോഷ്യേറ്റ് പ്രൊഫസർ
പൾമണറി മെഡിസിൻ വിഭാഗം
ഗവ.മെഡിക്കൽ കോളജ്, ആലപ്പുഴ