സോപ്പ് ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ശരീരം വൃത്തിയാക്കാനും ശുചിത്വത്തിനും വേണ്ടി മാത്രം സോപ്പ് ഉപയോഗിച്ചിരുന്ന കാലം ഇന്നു പഴങ്കഥ. സോപ്പു തേച്ചു പതപ്പിച്ചു കുളിച്ചാല്‍ നവോന്മേഷവും നല്ല നിറവും മുതല്‍ സൗന്ദര്യം വരെ ഒന്നൊന്നായി വന്നുചേരുമെന്നു വിളംബരം ചെയ്യുന്ന പരസ്യങ്ങളുടെ ഘോഷയാത്രയാണു മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ സോപ്പുകള്‍ക്കു ധാരാളം ഗുണങ്ങളുണ്ടെന്നതു സത്യം തന്നെ. എന്നാല്‍ ഉപയോഗത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷവും ഉണ്ടാവാം. സോപ്പ് വിശേഷങ്ങള്‍ അറിയാം.

കുളിക്കാനുപയോഗിക്കുന്ന സോപ്പുകള്‍ ചലിരില്‍ കടുത്ത അലര്‍ജി പ്രശ്നങ്ങള്‍ പോലും ഉണ്ടാക്കാം. മറ്റു ചിലര്‍ക്ക് അലക്കു സോപ്പുകളും ഡിറ്റര്‍ജന്റുകളുമാണു പ്രശ്നം. ലിക്വിഡ് സോപ്പുകളും ഫെയ്സ് വാഷുകളും പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകളും ലായനികളുമൊക്കെ ചര്‍മാരോഗ്യത്തെ ബാധിക്കുന്നുണ്ട്.

സോപ്പ് എന്നാല്‍

സോഡിയം സിലിക്കേറ്റ്, ചില ആന്റിസെപ്റ്റിക്കുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണു ബാത്തിങ് സോപ്പുകളിലെ പ്രധാന ചേരുവകള്‍. എണ്ണകള്‍, ഗ്ലിസറിന്‍ തുടങ്ങിയവയും സോപ്പുകളില്‍ ചേര്‍ക്കാറുണ്ട്. കാസ്റ്റിക് സോഡ, കാരം തുടങ്ങിയ വിവിധ രാസവസ്തുക്കള്‍ അലക്കു സോപ്പുകളിലും പൊടികളിലും പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകളിലും ലായനികളിലും അടങ്ങിയിരിക്കുന്നു. ഇത്തരം രാസവസ്തുക്കളില്‍ ചിലത് ശരീരത്തില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ പോന്നവയാണ്.

സോപ്പ് അലര്‍ജി

കുളി കഴിഞ്ഞുള്ള ചൊറിച്ചില്‍, ചര്‍മത്തില്‍ പല ഭാഗത്തും ചുവപ്പുനിറം, തടിപ്പ്, കുരുക്കള്‍ ഉണ്ടാകല്‍, അപൂര്‍വം ചിലര്‍ക്ക് എക്സിമയുടെ രൂപത്തിലും അലര്‍ജി ഉണ്ടാകാം. പുതിയൊരു സോപ്പ് മാറി പരീക്ഷിക്കുമ്പോഴായിരിക്കും പലര്‍ക്കും ഈ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുക. ഒരു സോപ്പ് ഉപയോഗിക്കുമ്പോള്‍ സാധാരണമല്ലാത്ത അനുഭവം ചര്‍മത്തിനുണ്ടായാല്‍ സുരക്ഷിതമായ പഴയ സോപ്പിലേക്കു മടങ്ങിപോവുകയാണ് ഉചിതം. അല്ലെങ്കില്‍ മറ്റു സോപ്പുകള്‍ മാറി പരീക്ഷിക്കാം.

അലക്കു സോപ്പും ഡിറ്റര്‍ജന്റും

അലക്കു സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, പാത്രം കഴുകാനുള്ള സോപ്പുല്‍പന്നങ്ങള്‍ എന്നിവ നമ്മുടെ നാട്ടില്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നതു സ്ത്രീകളാണ്. താരതമ്യേന ശക്തമായ രാസവസ്തുക്കളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഇവയുടെ ദീര്‍ഘസമയത്തെ ഉപയോഗം മിക്കവരിലും കൈപ്പത്തിയില്‍ പ്രശ്നമുണ്ടാക്കും. നഖക്കെട്ടില്‍ സോപ്പുലായനി കൂടുതല്‍ സമയം തങ്ങിനില്‍ക്കുന്നത് ആ ഭാഗത്തെ ചര്‍മം അടര്‍ന്നു നിത്യവും വേദനയും പഴുപ്പുമായി മാറാം. കൈപ്പത്തിയിലെ ചര്‍മം മൃദുവായി മാറി പൊളിഞ്ഞിളകാം. ചിലപ്പോള്‍ അസഹ്യമായ ചൊറിച്ചിലും അനുഭവപ്പെട്ടെന്നുവരും.

അലക്കും പാത്രം കഴുകലുമൊക്കെ കഴിഞ്ഞയുടന്‍ തന്നെ ശുദ്ധജലം ഉപയോഗിച്ചു കൈകള്‍ നന്നായി കഴുകി തുടച്ചു വൃത്തിയാക്കി ഓയില്‍ ബേസ്ഡ് ക്രീമുകളോ, വെളിച്ചെണ്ണയോ പുരട്ടിയാല്‍ ഈ പ്രശ്നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാം.

സോപ്പുമായി ബന്ധപ്പെട്ട അലര്‍ജി രൂക്ഷമായാല്‍ ആന്റിഹിസ്റ്റമിനുകള്‍ പോലുള്ള മരുന്നുകളോ കലാമിന്‍ ലോഷനുകളോ ഒക്കെ ഉപയോഗിക്കേണ്ടിയും വരും.

ശ്രദ്ധിക്കാന്‍

അമ്പതുവയസിനുശേഷം അധികം സോപ്പുപയോഗിക്കുന്നത് അഭികാമ്യമല്ല. പ്രായമേറുമ്പോള്‍ ചര്‍മത്തിന്റെ വരള്‍ച്ച കൂടുന്നതിനാലാണ് ഇത്. സോപ്പ് ഉപയോഗിക്കുന്നവര്‍ പി എച്ച് മൂല്യം 6-7 ഉള്ള സോപ്പുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ നിര്‍മിക്കുന്ന മിക്ക സോപ്പുകളും ശക്തമായ ക്ഷാരസ്വഭാവം പ്രകടിപ്പിക്കുന്ന (പി എച്ച് 8നു മുകളില്‍) സോപ്പുകളാണ്.

പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പുകള്‍ക്കു വീര്യം വളരെ കൂടുതലാണ്. അവ കൈകളില്‍ പുരളാത്തവിധത്തില്‍ ഉപയോഗിക്കുക. പാത്രങ്ങള്‍ കഴുകാന്‍ നമ്മള്‍ മുമ്പ് ഉപയോഗിച്ചിരുന്ന ചാരം ഏറ്റവും ഉത്തമം.

ബാത്തിങ് സോപ്പു ചര്‍മത്തില്‍ ഉരസി തേക്കരുത്. കൈകളില്‍ വച്ചു പതപ്പിച്ച് ഉപയോഗിക്കാം.

ഷാംപൂകള്‍, ഫെയ്സ് വാഷുകള്‍ മുതലായവ ചര്‍മത്തിലേക്കു നേരിട്ടു പുരട്ടുന്നതിനുപകരം അവ വെള്ളം ചേര്‍ന്നു നേര്‍പ്പിച്ചു മാത്രം പുരട്ടുക.

മുഖക്കുരു ഉള്ളവര്‍ മുഖം കഴുകാന്‍ പ്രത്യേകമായി ലഭിക്കുന്ന മെഡിക്കല്‍ സോപ്പുകളോ ലിക്വിഡുകളോ ഉപയോഗിക്കണം.

തുടയിടുക്കിലും മറ്റുമുള്ള ചൊറിച്ചിലിന് സോപ്പ് ആവര്‍ത്തിച്ചു തേച്ചു വൃത്തിയാക്കുന്നത് ചൊറിച്ചില്‍ പ്രശ്നം കൂട്ടുകയേ ഉള്ളൂ. ചൊറിച്ചില്‍ മാറ്റാന്‍ കോര്‍ട്ടികോ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മം വെടിച്ചുപൊട്ടും. ഇതു ഭേദമാക്കാനും പ്രയാസം നേരിടും.

സോപ്പും ഷാംപൂവുമൊക്കെ ചര്‍മത്തിന്റെ എണ്ണമയം നഷ്ടപ്പെടുത്തും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് താരന്‍ ശല്യം കൂടുന്നത് അതുകൊണ്ടാണ്. തലയില്‍ ഷാംപൂവോ സോപ്പോ പുരട്ടി എണ്ണമയം കളഞ്ഞാല്‍ കുളികഴിഞ്ഞ ഉടനെ വെളിച്ചെണ്ണയോ മറ്റോ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് നല്ല ഫലം ചെയ്യും.

വരണ്ട ചര്‍മക്കാര്‍ക്ക് പ്രത്യേകം അറിയാന്‍

ഏതു തരത്തിലുള്ള സോപ്പ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും ഏറ്റവും കരുതല്‍ പുലര്‍ത്തേണ്ടത് വരണ്ടചര്‍മം ഉള്ളവരാണ്. ചര്‍മത്തില്‍ എണ്ണയുടെ അംശം നിലനിര്‍ത്തി ഈര്‍പ്പം സൂക്ഷിച്ചു സംരക്ഷിക്കുന്നത് ചില സൂക്ഷ്മകണികകളാണ്. ഈ പ്രത്യേകതരം കണികകളുടെ കുറവു മൂലമാണ് വരണ്ടചര്‍മം ഉണ്ടാകുന്നത്. ഇത്തരക്കാര്‍ സോപ്പുപയോഗിച്ചാല്‍ ചര്‍മം പൂര്‍ണമായി വരണ്ടു വെടിച്ചുകീറി എക്സിമ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും.

ഇത്തരക്കാര്‍ സോപ്പിനു പകരം തേങ്ങാപിണ്ണാക്ക്, തേങ്ങാപ്പീര, ചെറുപയര്‍പൊടി, കടലമാവ് തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചു ശരീരം വൃത്തിയാക്കുന്നതാണ് ഉചിതം. സോപ്പുപയോഗിച്ചു കുളികഴിഞ്ഞ ഉടനെ എണ്ണ അടിസ്ഥാനമാക്കി നിര്‍മിച്ച ക്രീമുകള്‍, വാസലിന്‍ പോലുള്ള പെട്രോളിയം ജെല്ലികള്‍, എണ്ണകള്‍ മുതലായവയിലൊന്നു പുരട്ടുന്നതു ചര്‍മത്തിന്റെ ഈര്‍പ്പനഷ്ടം കുറയ്ക്കുകയും ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നു രക്ഷിക്കുകയും ചെയ്യും.

ഡോ പി സുഗതന്‍ കണ്‍സല്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്.