ക്ഷമ വരും ക്ഷേമം വരും- ആശ ശരത്
ഞാനും യോഗയും
നൃത്തപരിപാടികൾക്കു വേണ്ടിയുള്ള ദീർഘയാത്രകൾ.. കുട്ടികൾക്ക് നൃത്തക്ലാസുകൾ... കലയും ബിസിനസും ഒന്നിച്ചുകൊണ്ടുപോകേണ്ടിയിരുന്ന നാളുകളിൽ ഞാനേറെ തളർന്നിരുന്നു.. മാനസികമായും ശാരീരികമായും പിരിമുറുക്കങ്ങൾ. ദുബായിലെ നൃത്തപരിശീലന സ്ഥാപനമായ കൈരളി കലാകേന്ദ്രയുടെ മേധാവിയെന്ന നിലയിൽ ഭരണപരമായ കാര്യങ്ങളും ശ്രദ്ധിക്കണമായിരുന്നു. ഇതിനൊരു പരിഹാരം എന്തെന്ന ചിന്തയാണു യോഗയിലേക്ക് അടുപ്പിച്ചത്. അഞ്ചുവർഷം മുൻപു യോഗ പരിശീലനം ആരംഭിച്ചതുമുതൽ മനസ്സിനു സ്വസ്ഥതയായി. ശാന്തി എന്താണ് എന്നറിഞ്ഞു.
യോഗ ജീവിതം മാറ്റിമറിച്ചു
ഗുരുമുഖത്തു നിന്നാണു യോഗ പഠിച്ചത്. പ്രശസ്ത യോഗഗുരു ഭരത് ഠാക്കൂറിന്റെ ശിഷ്യയായി. ദിവസവും രാവിലെ ഏഴു മുതൽ എട്ടു വരെ ഒരു ഗ്രൂപ്പിനൊപ്പം യോഗ പരിശീലിക്കും. യോഗയുടെ ഭാഗമായി പ്രാണായാമവും ധ്യാനവുമുണ്ട്. അതു കൂടി പൂർത്തിയാക്കുമ്പോൾ യഥാർഥ റിലാക്സേഷൻ എന്തെന്നറിയും. ഉത്കണ്ഠകൾ മാറി ക്ഷമ വരും, ക്ഷേമം വരും.
യോഗയും ജോലിയും
എന്റെ അഭിനയജീവിതത്തെയും യോഗ സഹായിച്ചു. സീരിയലിനു വേണ്ടി ദീർഘമായ ഷെഡ്യൂളുകളിൽ തുടർച്ചയായി ഷൂട്ടിങ് വേണ്ടിവന്നിരുന്നു. അപ്പോഴൊക്കെയും ക്ഷീണമറിയാതെ മനസ്സിനെയും ശരീരത്തെയും കൊണ്ടുപോകാനായതിൽ യോഗപരീശീലനത്തിനു പങ്കുണ്ട്.
പിണങ്ങിയും ഇണങ്ങിയും- കാവ്യ മാധവൻ
യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് ഏതാണ്ട് ഒന്നര ദശകം തികയുന്നു. ഇണങ്ങിയും പിണങ്ങിയുമൊക്കെയാണു കഴിഞ്ഞിരുന്നത്. പലവട്ടം പല കാരണങ്ങൾ കൊണ്ടും യോഗ പടിയിറങ്ങിപ്പോയിട്ടുണ്ട്. ഉന്മേഷക്കുറവും ടെൻഷനും അനുഭവപ്പെടുമ്പോഴെല്ലാം ഞാൻ വീണ്ടും യോഗയിലേക്കു തിരിച്ചുപോകും. ക്ഷമിക്കൂ ഞാൻ വീണ്ടും കൂടെക്കൂടിക്കോട്ടെ എന്നു ചോദിക്കും. അതിനെന്ത് പോന്നോളൂ എന്നു മറുപടി കിട്ടും.
നൃത്തം യോഗ എളുപ്പമാക്കി
ഗിരിനഗറിലെ ഗിരിജടീച്ചറായിരുന്നു എന്റെ യോഗ ഗുരു. നൃത്തം ചെയ്തു പരിചയമുള്ളതുകൊണ്ടു യോഗയിലെ പോസ്റ്ററുകളെല്ലാം അനായാസം ചെയ്യാൻ കഴിഞ്ഞിരുന്നു. ഏകാഗ്രത നിലനിർത്താൻ ബുദ്ധിമുട്ടായിരുന്നു.
ഭാരം കുറയ്ക്കാനല്ല യോഗ
ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു സിനിമയിലെ പലരും യോഗപരിശീലനം തുടങ്ങുന്നത്. ഇതൊട്ടും ശരിയായ രീതിയല്ല. ശരീരത്തിന്റെ ഫ്ലക്സിബിലിറ്റി കൂട്ടാനും ജീവിതശൈലീരോഗങ്ങളെ തടയാനുമാണു യോഗ കൂടുതൽ പ്രയോജനപ്പെടുക.
തിരക്ക്, തിരികെ വിളിച്ചു- ബിജിപാൽ
കോളജ് പഠന കാലം മുതൽ സംഗീതത്തോടൊപ്പം യോഗയും കൂടെയുണ്ട്. തിരക്കേറിയതോടെ അതില്ലാതായി. ആ തിരക്കുതന്നെയാണു യോഗ ജീവിതത്തിനു കൂടിയേ കഴിയൂ എന്ന വീണ്ടുവിചാരമുണ്ടാക്കിയതും. ജോലിഭാരം കൂടിയതോടെ ആധിയും ആശങ്കയുമായി. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്നു വന്നപ്പോൾ യോഗ മാത്രമാണു പോംവഴിയെന്നു തിരിച്ചറിഞ്ഞു. ഇപ്പോൾ ദിവസവും ഒരു മണിക്കൂർ യോഗ ചെയ്യുന്നു.
തിരക്കുണ്ട്; സമ്മർദ്ദമില്ല
ഒരു വർഷം പത്തും പതിനേഴും സിനിമകൾക്കു ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. ജോലിഭാരം അടിച്ചേൽപ്പിക്കുന്ന ടെൻഷൻ വല്ലാതെ ജീവിതത്തെ ബാധിച്ചു. തിരിച്ചുവരണം എന്ന ആഗ്രഹമാണു യോഗയിലൂടെ സാധിച്ചത്. ഇപ്പോൾ തിരക്കുണ്ട്, പക്ഷേ സമ്മർദ്ദമില്ല.
ആത്മവിശ്വാസം കൂടി
യോഗയിലൂടെ ശരീരവും മനസ്സും നിയന്ത്രിക്കാനായതോടെ കോൺഫിഡൻസ് ലെവൽ കൂടിയിട്ടുണ്ട്. അസുഖങ്ങളും പൊതുവെ ഉണ്ടാകാറില്ല. ഡെഡ് ലൈൻ പ്രഷർ ഇല്ലേയില്ല !