വീട് ഒരു സ്റ്റാറ്റസ് സിംബൽ ആയി മാറിയ കാലമാണിന്ന്. നമ്മൾ ഒരു വീട് പണിയാൻ ആഗ്രഹിക്കുമ്പോൾ ആ വീട് നമ്മെ ആഗ്രഹിക്കുന്നുണ്ടോ എന്നുകൂടി ചിന്തിക്കണം.
ബജറ്റ്- താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന കോൺക്രീറ്റ് കൊട്ടാരങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അതുകൊണ്ട് വീട് പണിയുമ്പോൾ ആദ്യമേ വ്യക്തമായ ബജറ്റ് മനസ്സിൽ ഉറപ്പിക്കുക. പിന്നീട് ഭവനവായ്പ അടച്ച് നടുവൊടിയാതിരിക്കാനെങ്കിലും ഇത് ഉപകരിക്കും.
ശൈലി തിരഞ്ഞെടുക്കാം- പ്ലാൻ വരച്ചു തുടങ്ങും മുൻപേ വീട് ഏത് ശൈലിയിൽ വേണം എന്നുറപ്പിക്കണം. ട്രഡീഷണൽ, കന്റെംപ്രറി, കൊളോണിയൽ, ക്‌ളാസിക്...തുടങ്ങി ശൈലികൾ നിരവധിയുണ്ട്. വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് വേണം ശൈലി തീരുമാനിക്കാൻ. നേരത്തെ കണ്ട് ഇഷ്ടപെട്ട ഏതെങ്കിലും വീടിന്റെ ഡിസൈൻ അതേപടി പകർത്താൻ പലരും ആർക്കിടെക്ടിനോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ ഓരോ വീടും പണിയാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന്റെ സവിശേഷതകൾക്ക് യോജ്യമാണോ എന്നുകൂടി ചിന്തിക്കണം.
അഭിരുചികൾ വിഭിന്നം- വീട്ടിൽ അഞ്ചുപേരുണ്ടെങ്കിൽ അഞ്ചുപേർക്കും വീടിനെക്കുറിച്ചു വ്യത്യസ്തമായ അഭിപ്രായങ്ങൾ കാണാം. പ്ലാൻ വരയ്ക്കുന്നതിനു മുമ്പേ ഇത്തരം കാര്യങ്ങളിൽ അഭിപ്രായസമന്വയം ഉണ്ടാകണം.
ആവശ്യങ്ങൾ മുൻകൂട്ടി- വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ട്, പ്രായമായവരുണ്ടോ തുടങ്ങിയ കാര്യങ്ങളും ഡിസൈൻ ചെയ്യുമ്പോൾ പരിഗണിക്കണം. നാളെ നിങ്ങൾക്കും പ്രായമാകും, അല്ലെങ്കിൽ അപ്രതീക്ഷിതമായി രോഗിയായാകാം. പരസഹായമില്ലാതെ ബാത്‌റൂമിൽ പോകാൻ കഴിയാതെ വരാം..ബാത്റൂമുകളുടെ വാതിലിനു വീൽചെയർ കടക്കാൻ പാകത്തിൽ വീതി ഉറപ്പുവരുത്തണം. അതുപോലെ വീട്ടിലേക്ക് പ്രവേശിക്കുന്നിടത്തും അകത്തളങ്ങളിലും വീൽചെയർ കടക്കാൻ പാകത്തിൽ പാത്തികൾ നിർമിക്കുന്നത് ഉപകരിച്ചേക്കാം...
പ്രകൃതിക്കും ഒരിടം- വീട് പണിയുമ്പോൾ പ്രകൃതിയിലേക്ക് എന്തെങ്കിലും മടക്കിനൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്ഥലപരിമിതിയും സാമ്പത്തികവും സാഹചര്യവും അനുസരിച്ച് സോളാർ പാനൽ, ബയോഗ്യാസ് പ്ലാന്റ്, ടെറസ് ഗാർഡൻ തുടങ്ങിയ ഏതെങ്കിലും സൗകര്യങ്ങൾക്കുള്ള സ്ഥലവും പ്ലാനിൽ ഉണ്ടാകണം.
ആർക്കിടെക്ട് സിന്ധു വി
1992 ൽ ബി ആർക് പൂർത്തിയാക്കി. യു കെയിൽ നിന്നും കമേഴ്‌സ്യൽ ഇന്റീരിയറിൽ ഉപരിപഠനം പൂർത്തിയാക്കി. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിന്ധു വി ടെക് എന്ന സ്ഥാപനത്തിന്റെ മേധാവി. നിരവധി വീടുകളുടെ നിർമാണവും ഡിസൈനും നിർവഹിച്ചു. ഇപ്പോൾ വീടുകൾക്കൊപ്പം കമേഴ്‌സ്യൽ പ്രോജക്ടും നിർമിച്ചു നൽകുന്നു.
email- cinduvtech@gmail.com
Mob- 8606460404
അടുത്ത ലേഖനം- ആർക്കിടെക്ടിനോട് സംസാരിക്കുമ്പോൾ...