∙ മുറ്റത്തോ ടെറസിലോ ഒരു ബെഞ്ച് പണിതാൽ ഇരിക്കാൻ ഒരിടവുമായി അതിനുതാഴെ സ്റ്റോറേജിനുള്ള സൗകര്യവുമൊരുക്കാം. പുറത്ത് അലങ്കോലമായി കിടക്കുന്ന വസ്തുക്കൾ അതിനുള്ളിൽ സൂക്ഷിക്കാം. വീടിനോട് ചേർന്നുള്ള ചുറ്റുമതിലിൽ മുൻവശങ്ങളിലെ ഗാർഡനോട് ചേർന്ന് ഇൻബിൽറ്റ് സിറ്റിങ് ഏരിയകൾ നിർമിക്കുകയും അതിന്റെ ഉള്ളിലായി ഗാർഡനിങ് ഉപകരണങ്ങള്‍ വയ്ക്കാനുള്ള സ്റ്റോറേജ് സൗകര്യമൊരുക്കുകയും ചെയ്യാം.
∙ വർക്ഏരിയയിലെ ചുവരിൽ ഒരു ടോള്‍ യൂണിറ്റ് പണിയുകയാണെങ്കിൽ ചൂല്, വാക്വം ക്ലീനർ തുടങ്ങി ക്ലീനിങ്ങിനുള്ള വസ്തുക്കൾ അവിടെ തൂക്കിയിടാൻ കഴിയും. അതിനുള്ളിലായി ഒരു ബാസ്ക്കറ്റ് വച്ചാൽ പ്ലാസ്റ്റിക് കവറുകളും മറ്റും അതിൽ സൂക്ഷിക്കാം. ഒരേ വലുപ്പമുള്ള ബലമുള്ള പെട്ടികൾ (പാഴ്‌തടി കൊണ്ടുള്ളത്) വാങ്ങി മേലേക്ക് അടുക്കിയാൽ സ്റ്റോറേജിനുള്ള അലമാരയായി. ഇതിനുള്ളിൽ സാധനങ്ങൾ സൂക്ഷിക്കാം.
∙ വീടു പണിയുമ്പോൾത്തന്നെ പുറകുവശങ്ങളിലോ സൈഡിലോ ചുമരിനോട് ചേർന്ന് ഇൻ – ബിൽറ്റ് അലമാരകൾ നിർമിച്ചാലും ചൂലുകൾ, മറ്റു ടൂൾസ് എന്നിവ സൂക്ഷിക്കാൻ സാധിക്കും.
∙ ചെറിയ സ്ഥലത്ത് വീട് പണിയുന്നവർക്ക് ലാഡർ പണിത് ഉള്ളിൽ മരക്കഷണങ്ങൾ കൊണ്ട് തട്ടുകൾ അടിച്ചാൽ ചെടികളും മറ്റും വയ്ക്കാനുള്ള സ്ഥലമായി. ഫ്ലാറ്റുകളിലാണെങ്കിൽ ബാൽക്കണിയിലെ ഹാൻഡ്റെയിലിൽ ഹാങ്ങിങ് പ്ലാന്റർ ബാസ്ക്കറ്റ് തൂക്കിയിടാം. ചെടികൾ ഇതിൽ നട്ടാൽ ഫ്ലോർ സ്പേസ് നഷ്ടപ്പെടുകയില്ല.
∙ ജൈവ മാലിന്യങ്ങള്‍, അജൈവ മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കാനുള്ള ബാസ്ക്കറ്റുകൾ സൂക്ഷിക്കുന്നതിനായി പുറത്തു നിന്നുള്ള സ്റ്റെയർകെയ്സിന്റെ ഭാഗം ഉപയോഗിക്കാം.
∙ മതിലിനോടു ചേർന്ന് ഒരു ചെറിയ ഗാരേജ് പണിയുകയാണെങ്കിൽ കുട്ടികളുടെ സൈക്കിളുകൾ, സൈക്കിൾ പമ്പ് തുടങ്ങിയവയെല്ലാം അവിടെ സൂക്ഷിക്കാം.