കിഡ്സ് റൂം കോർണറുകളിൽ ആ ഷേപ്പിൽത്തന്നെ ഇരിപ്പിടം ക്രമീകരിച്ചാൽ സ്ഥലം ലാഭിക്കാനാകും. കുട്ടികൾക്ക് കിടന്നും ഇരുന്നും വായിക്കാനുള്ള ഏരിയയുമായി. ഇരിപ്പിടങ്ങൾ സ്റ്റോറേജായി മാറ്റുകയും ചെയ്യാം. തടിയോ പ്ലൈവുഡോ ഉപയോഗിച്ച് ഒരു ബോക്സ് ഉണ്ടാക്കി മുറിക്ക് യോജിച്ച നിറം നൽകുക. മുകളിൽ ഭംഗിയുള്ള കുഷനുകളിട്ട് ജനാലയോടു ചേർന്നുള്ള സ്ഥലത്ത് വച്ചാൽ ഇരിപ്പിടം ക്രമീകരിക്കാം. ഇതിനുള്ളിൽ കളിപ്പാട്ടങ്ങൾ മാസികകൾ തുടങ്ങിയവ സൂക്ഷിക്കുകയുമാവാം.
∙ കുട്ടികളുടെ ബെഡിന് അധികം വലുപ്പമില്ലാത്തതുകൊണ്ട് അതൊരു ബോക്സായി പണിയാം. മൂന്നോ നാലോ കാർഡ്ബോർഡ് പെട്ടികളോ പ്ലാസ്റ്റിക്, മെറ്റൽ എന്നിവ കൊണ്ടുള്ള സ്റ്റോറേജ് ബോക്സുകളോ അതിനുള്ളിലേക്ക് കയറ്റിവച്ച് കളിപ്പാട്ടങ്ങൾ, കുട്ടിപ്പുസ്തകങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ സൂക്ഷിക്കാം. മുകളിൽ കിടക്ക സെറ്റു ചെയ്യാം. ബെഡിനു മുകളിൽ കുട്ടികൾക്ക് എത്തുന്ന തരത്തിൽ രണ്ടു കോർണറുകളിലേക്കായി ഒരു നെറ്റ് വലിച്ചു കെട്ടിയാൽ സോഫ്റ്റ് ടോയ്സ് അതിൽ സൂക്ഷിക്കാം.
∙ കുട്ടികളുടെ റൂമിൽ ഇൻബിൽറ്റായി കബോർഡുകൾ പണിയുക. അവരുടെ വസ്ത്രങ്ങൾ, ബാഗുകൾ, ബുക്കുകൾ, ആക്സസറീസ് എന്നിവയെല്ലാം അതിൽ ഒതുക്കാം. കബോർഡിന്റെ വാതിലുകൾ വരയ്ക്കാൻ പറ്റുന്ന മെറ്റീരിയലുകൾ കൊണ്ടുള്ളതാണെങ്കിൽ കുട്ടികൾക്ക് ചിത്രം വരയ്ക്കാനുള്ള ബ്ലാക്ക് ബോർഡ് കൂടിയായി അത്.
∙ ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന കാർട്ടൻ കുട്ടികളുടെ ക്രാഫ്റ്റ് വർക്കിനുള്ള സാധനങ്ങൾ, മേക്കപ്പ് സാധനങ്ങൾ എന്നിവ ഇട്ടുവയ്ക്കാൻ ഉപയോഗിക്കാം. കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റും സൂക്ഷിക്കാൻ ഭംഗിയുള്ള ബാസ്ക്കറ്റ് വച്ചാൽ ഒരേസമയം അലങ്കാര വസ്തുവായും സ്റ്റോറേജായും ഉപയോഗിക്കാം.
∙ ആവശ്യമില്ലാത്ത മരക്കഷണങ്ങൾ ഉപയോഗിച്ച് ചുവരിൽ ക്രാഫ്റ്റ് സ്റ്റോർ ഉണ്ടാക്കാം. വെള്ളച്ചായം പൂശിയാൽ കുട്ടികളുടെ ലൈബ്രറി കോർണർ ആയി.