Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തനിമയുടെ നന്മകൾ നിറഞ്ഞ വീട്

traditional-house-front-view വീടുനിർമാണത്തിൽ പാരമ്പര്യത്തിന്റെ നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് നമുക്കാവശ്യം എന്ന് ഈ ഗൃഹം നമ്മെ ഓർമിപ്പിക്കുന്നു.

തൃശൂർ-മലപ്പുറം ജില്ലകളുടെ അതിർത്തിയായ പെരുമ്പടപ്പ് എന്ന ഗ്രാമത്തിലാണ് കേരളത്തനിമയുടെ നന്മകൾ ആവാഹിക്കുന്ന ഈ വീട് നിലകൊള്ളുന്നത്. പ്രവാസിയായ നൗഷാദ് അലിക്കും കുടുംബത്തിനും കുറഞ്ഞ ചെലവിൽ കുറഞ്ഞ പരിപാലനം മതിയാകുന്ന പരമ്പരാഗത ശൈലിയിലുള്ള ഒരു വീട് വേണം എന്ന ആഗ്രഹമായിരുന്നു. ഇതനുസരിച്ച് പൊന്നാനിയിൽ ബ്രിക് & സ്‌റ്റോൺ എന്ന ആർക്കിടെക്ചർ സ്ഥാപനം നടത്തുന്ന സാദിഖ് അലി, സൈനുൽ അലി എന്നിവരാണ് ഈ വീട് നിർമിച്ചത്. ഒരേക്കറോളം വിശാലമായ പ്ലോട്ടിൽ 2500 ചതുരശ്രയടിയിലാണ് പ്രൗഢിയും ആഢ്യത്തവുമുള്ള കേരളശൈലിയിലുള്ള ഈ വീട് നിൽക്കുന്നത്. 

പുനരുപയോഗത്തിലൂടെ ചെലവ് പരമാവധി കുറയ്ക്കാൻ കഴിഞ്ഞത്. ഏകദേശം പതിനഞ്ചോളം പഴയ വീടുകൾ പൊളിച്ചിടത്തുനിന്നാണ് ഈ വീട്ടിലേക്കാവശ്യമുള്ള ഓടും തടിയും മച്ചും കട്ടിളയും ഫർണിച്ചറുകളുമെല്ലാം ശേഖരിച്ചത്. 

traditional-house-exterior

സ്ലോപ് റൂഫിൽ പോളിഷ് ചെയ്ത പഴയ ഓടുകൾ പാകി. പഴയ വീടുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നീല ജനാലകൾ അതേപടി ഇവിടെ പുനരുപയോഗിച്ചു. ഇതിനു മുകളിൽ കളേർഡ് ഗ്ലാസുകളും നൽകി. ഇത് കാഴ്ചയ്ക്ക് നൽകുന്ന ഭംഗി വളരെയേറെയാണ്. എലിവേഷന് അഴക് പകരുന്ന മറ്റൊരു ഘടകം വെട്ടുകല്ലിന്റെ ഫിനിഷിലുള്ള ക്ലാഡിങ്  ടൈലുകൾ പാകിയ ഭിത്തിയാണ്. വീടിനോടു ചേർന്ന് ചെറിയ പുൽത്തകിടിയും നൽകിയിട്ടുണ്ട്.

traditional-house-poomukham

വീടിന്റെ വലതുഭാഗത്ത് ആഢ്യത്തമുള്ള പൂമുഖം. ഇവിടെ ചാരുപടികൾ നൽകി. പരമ്പരാഗത ശൈലിയിൽ കിണ്ടിയും കോളാമ്പിയും തൂക്കുമണിയും ഇവിടെ സജ്ജീകരിച്ചു. മനോഹരമായ ചെട്ടിനാട് ടൈലുകളാണ് പൂമുഖത്ത് അതിഥികളെ വരവേൽക്കുന്നത്. ബാക്കിയിങ്ങളിൽ ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്.

traditional-house-hall

കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന അകത്തളങ്ങളാണ്. 'പഴമയുടെ പുതുമ'യുള്ള റസ്റ്റിക് ഫിനിഷുള്ള ഇന്റീരിയറാണ് ഒരുക്കിയത്. ഇന്റീരിയറിലെ ഹൈലൈറ്റ് കോർട്യാർഡാണ്‌. ഇവിടെ നിലത്ത് പെബിളുകൾ വിരിച്ചു ഭംഗിയാക്കിയിട്ടുണ്ട്. ഡൈനിങ്-കോർട്യാർഡ് ഓപ്പൺ ശൈലിയിലാണ് പണിതത്. പ്രധാനഹാളിലെ മുറികളെ തമ്മിൽ വേർതിരിക്കാൻ വാതിലുകൾ ഒഴിവാക്കി തടി കൊണ്ടുള്ള ഫ്രയിമുകൾ ഭിത്തിയിൽ നൽകിയത് ഇന്റീരിയറിൽ വിശാലത നൽകുന്നു. 

traditional-house-interior

ലിവിങ്ങിന്റെ മൂന്നുവശത്തുമുള്ള ഭിത്തികളിൽ വിശാലമായ ജനാലകൾ നൽകി. ടീക് വുഡ് കൊണ്ടുള്ള ഫർണിച്ചർ പോളിഷ് ചെയ്‌ത്‌ പുനരുപയോഗിച്ചതാണ്. എട്ടുപേർക്കിരിക്കാവുന്ന ഊണുമേശ. തടിമേശയുടെ മുകളിൽ ഗ്ലാസ് ടോപ്പ്‌ നൽകി. ഫോൾസ് സീലിങ്ങിലും പഴയ തടി പോളിഷ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്.

traditional-house-living

രണ്ടു ലാൻഡിങ്ങിൽ അവസാനിക്കുന്ന ലളിതമായ ഗോവണി. കൈവരികളും സ്റ്റെപ്പുകളുമൊക്കെ തടിയിൽത്തന്നെയാണ്. ഇതിനു താഴെ ഒരു പാൻട്രി ടേബിളും സജ്ജീകരിച്ചിട്ടുണ്ട്. കോർട്യാർഡിന്റെ ഒരുമൂലയിലെ ഭിത്തിയിൽ വാഷ്ബേസിൻ ക്രമീകരിച്ചു. ഇതിനെ സമീപം കോമൺ ടോയ്ലറ്റ് നൽകി.

traditional-house-dining

മൂന്നു കിടപ്പുമുറികളാണ് ഈ തറവാട്ടിലുള്ളത്. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂമുകളും നൽകി. മൺടൈലുകളാണ് കിടപ്പുമുറികളിൽ നൽകിയത്. ഒരു കിടപ്പുമുറിയിൽ കൊതുകുവലയ്ക്കായി നൽകിയ പോർട്ടബിൾ തടി ഫ്രയ്മുകൾ ശ്രദ്ധേയമാണ്. ലളിതമായ അടുക്കള. പ്രധാന ഭിത്തികളിലെല്ലാം ജനാലകൾ ധാരാളമായി നൽകിയിട്ടുണ്ട്. ഇതിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി അകത്തളങ്ങളിൽ എത്തുന്നു.

traditional-house-bedroom
traditional-house-balcony

മുകൾനിലയിൽ കോർട്യാർഡിന്റെ മുകൾ ഭാഗത്ത് ബാൽക്കണി സ്‌പേസ് നൽകി. 32 ലക്ഷം രൂപ മാത്രമാണ് പ്രൗഢിയുള്ള ഈ ഇരുനില കേരളവീട് നിർമിക്കാൻ ചെലവായത്. വീടുനിർമാണത്തിൽ പാരമ്പര്യത്തിന്റെ നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് നമുക്കാവശ്യം എന്ന് ഈ ഗൃഹം നമ്മെ ഓർമിപ്പിക്കുന്നു.

Project Facts

Location- Perumbadappu, Malappuram

Area- 2500 SFT

Plot- 1 acre

Owner- Noushad Ali

Construction, Design- Sadiq Ali, Zainul Ali

Brick & Stone, Ponnani

Mob- 9995550051

Cost- 32 Lakhs

Read more- Kerala Style Home Plans & Home Decoration Tips