ഇത് നിങ്ങളുടെ മനം കവരും!

വാം ടോൺ ലൈറ്റിങ്ങിന്റെ മായാജാലമാണ് ഈ വീട്ടിൽ ഉടനീളം. ഇവിടെയുള്ള കാഴ്ചകൾ കണ്ടുകഴിഞ്ഞാൽ പിന്നെ കുറേനേരത്തേക്ക് മനസ്സിൽ മറ്റൊന്നും ഉണ്ടാകില്ല.

അടിമുടി സൗന്ദര്യം!...മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ബഷീറിന്റെയും കുടുംബത്തിന്റെയും വീടിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകളില്ല. മോഡേൺ ശൈലിയിൽ ഒരുക്കിയ വീടിന് 6300 ചതുരശ്രയടി വിസ്തീർണമുണ്ട്. എലിവേഷന് നല്ല പുറംകാഴ്ച ലഭിക്കുംവിധമാണ് വീട് ഡിസൈൻ ചെയ്തത്.

പല ലെവലുകളിലുള്ള സ്ലോപ്പ് റൂഫുകളുടെ സങ്കലനമാണ് എലിവേഷൻ. ഇതിൽ ഡബിൾ ഹൈറ്റ് റൂഫാണ് കാഴ്ചയിൽ ആദ്യം ഇടംപിടിക്കുന്നത്. ഇതിൽ ബ്രിക് ക്ലാഡിങ് പതിപ്പിച്ചു ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. മുകളിൽ സിമന്റ് ടൈലുകൾ പാകി ആകർഷകമാക്കിയിട്ടുണ്ട്.

ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ്, സെൻട്രൽ കോർട്‌യാർഡ്, ലേഡീസ് ലിവിങ്, പ്രെയർ ഏരിയ, മുകളിലും താഴെയുമായി 5 കിടപ്പുമുറികൾ, അപ്പർലിവിങ്, ഓഫീസ് ഏരിയ, ഹോംതിയേറ്റർ, കിച്ചൻ,  വർക് ഏരിയ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. 

കണ്ണിനിമ്പമാർന്ന ഇളംനിറങ്ങൾ, ഫർണിച്ചറിന്റെ ഡിസൈൻ മികവ്, ഫർണിഷിങ്ങിലെ നിറഭേദങ്ങൾ, ലൈറ്റിങ്, പാഷ്യോ, വരാന്ത ഇവയൊക്കെയാണ് വീട്ടകങ്ങളുടെ ഭംഗി ഇരട്ടിയാക്കുന്ന ഘടകങ്ങൾ.  

ഫോർമൽ ലിവിങ്ങിനു കോൺട്രാസ്റ്റ് നൽകുന്നതിനായി വുഡൻ ഫ്ലോറിങ്ങാണ് ചെയ്തത്. ഇവിടെ സീലിങ്ങിൽ നിന്നും ഭിത്തിയിലേക്ക് നീളുന്ന ഫോൾസ് സീലിങ് ഡിസൈൻ ശ്രദ്ധേയമാണ്. ഇന്റീരിയർ തീമിനനുസരിച്ച് കസ്റ്റമൈസ് ചെയ്ത ഫർണിച്ചർ യൂണിറ്റുകളാണ് ലിവിങ്ങിൽ ഒരുക്കിയത്.

ഇന്റീരിയറിലെ ഏറ്റവും മനോഹരമായ സ്ഥലം ഇവിടെയുള്ള സെന്റർ കോർട്‌യാർഡാണ്‌. ഇതിനെ ബന്ധിപ്പിച്ചാണ് മുറികൾ ക്രമീകരിച്ചിരിക്കുന്നത്. മുകളിൽ ജി ഐ ഫ്രെയിം നൽകി പർഗോള ഗ്ലാസ്സിട്ടു.

എല്ലാ ഏരിയകളിൽ നിന്നും കോർട്‌യാർഡിലേക്ക് നോട്ടമെത്തുന്നുണ്ട്. താഴെ പെബിളുകൾ വിരിച്ചു കോവ് ലൈറ്റിങ് നൽകിയിട്ടുണ്ട്. ഇതിനു മുകളിലൂടെ ചെറിയൊരു വോക് വേയും നൽകിയിട്ടുണ്ട്. കൂടാതെ ചെടികളും ഗ്ലാസ്പില്ലറുകളും കൊണ്ട് കോർട്‌യാർഡ് ആകർഷകമാക്കിയിരിക്കുന്നു. ഈ ഗ്ലാസ് പില്ലറുകളിൽ എൽഇഡി സ്ട്രിപ്പുകൾ നൽകി ഇല്യുമിനേറ്റ് ചെയ്തിട്ടുണ്ട്. കോർട്യാർഡിന്റെ വശങ്ങളിലായി ഒരു ഊഞ്ഞാലും മറുവശത്തായി ഓഫിസ് സ്‌പേസും ക്രമീകരിച്ചു.

പത്തു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ നീളൻ ഊണുമേശയാണ് നൽകിയത്. സീലിങ്ങിൽ ഫോൾസ് സീലിങ്ങിന്റെയും ലൈറ്റിംഗിന്റെയും മായാജാലം കാണാം.

സ്‌റ്റെയർ ഏരിയ ഡബിൾ ഹൈറ്റിലാണ്. ഇവിടെ നൽകിയ സ്‌കൈലൈറ്റുകളിലൂടെ പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്കെത്തുന്നു. വിശാലമായ അപ്പർ ഹാളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ+ തടി എന്നിവയിലാണ് ഗോവണിയുടെ ഹാൻഡ്റെയിൽ.

ഗോവണി കയറിച്ചെന്നത് വിശാലമായ ഹാൾ ആണ്. ഇവിടെ നൽകിയ  കസ്റ്റമൈസ് ചെയ്ത ഇരിപ്പിടങ്ങൾ ഇന്റീരിയറിനു മോടി കൂട്ടുന്നു. മുകൾനിലയിൽ ആധുനിക സജീകരങ്ങളോടെ ഒരു ഹോം തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. അപ്പർ ലിവിങ്ങിൽ ഒരു ഭിത്തിയിൽ വുഡൻ പാനലിങ് നൽകി സ്ട്രിപ്പുകൾ നൽകിയത് ശ്രദ്ധേയമാണ്. 

വിശാലമായ അടുക്കള. ന്യൂട്രൽ നിറങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. വീട്ടുകാർക്കും അതിഥികൾക്കും സൊറ പറഞ്ഞു ഭക്ഷണം കഴിക്കുന്നതിനു വിശാലമായ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലാക് ഗ്രാനൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്. മൾട്ടിവുഡ് കൊണ്ട് സ്‌റ്റോറേജ് പാനലുകൾ നൽകി. അടുക്കളയിലും ഫോൾസ് സീലിങ്ങിൽ പ്രകാശവിന്യാസം നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്.

നിറങ്ങളുടെ ഘോഷയാത്ര പോലെ അഞ്ചു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. വ്യത്യസ്തത കളർതീമിലാണ് കിടപ്പുമുറികൾ ഒരുക്കിയത്.

സീലിങ്ങിൽ നിന്നും നിലം വരെ നീളുന്ന ഫോൾസ് സീലിങ്ങാണ് ചുവന്ന ഹൈലൈറ്റർ നിറം നൽകിയ കിടപ്പുമുറിയുടെ ഹൈലൈറ്റ്. ഒരു കിടപ്പുമുറിയിൽ വുഡൻ ഫ്ളോറിങ്ങും നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു. 

നാച്വറൽ സ്റ്റോൺ+ ഗ്രീൻ ഗ്രാസ് എന്നിവ കൊണ്ട് മുറ്റം കെട്ടിയുറപ്പിച്ചിരിക്കുന്നു.

ചുരുക്കത്തിൽ പരമ്പരാഗത എലമെൻറ്സ് ഉൾപ്പെടുത്തി ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എങ്ങനെ വീടുപണിയാം എന്നതിന് ഉത്തമഉദാഹരണമാണ് ഈ വീട്. മികച്ച പ്ലാനിങ്, ഡിസൈൻ, സന്നിവേശം എന്നിവ ഇവിടെ സമ്മേളിക്കുന്നു. ഇവിടെയുള്ള കാഴ്ചകൾ കണ്ടുകഴിഞ്ഞാൽ പിന്നെ കുറേനേരത്തേക്ക് മനസ്സിൽ മറ്റൊന്നും ഉണ്ടാകില്ല.  

ചിത്രങ്ങൾ - അജീബ് കൊമാച്ചി

Project Facts

Location- Tirur, Malappuram

Area- 6300 SFT

Owner- Basheer

Construction, Design- Faizal Nirman

Nirman Design, Ernakulam, Manjeri

Mob- 9895978900

Read more on Luxury House Plan Kerala Home Design