വർഷത്തിന്റെ അഞ്ചിലൊന്ന് ദിവസവും അവധികളുളള രാജ്യമാണ് ഇന്ത്യ. അങ്ങനെയുളള അവധിക്കാലങ്ങളിൽ വിനോദയാത്ര പോകാത്തവർ വളരെ കുറവായിരിക്കും. കിട്ടുന്ന സമയം കൊണ്ട് പരമാവധി സ്ഥലങ്ങൾ കണ്ടു തീർക്കുകയെന്നതാണ് പൊതുവായ രീതി. വിനോദയാത്രയുടെ ക്ഷീണം മാറ്റാൻ രണ്ട് ദിവസം ലീവ് എടുക്കേണ്ടിവരുമെന്നതാണ് അനന്തരഫലം. എറണാകുളം സ്വദേശി ജോർജ് തോമസിന് ഇത്തരം രീതികളൊന്നും അത്ര പഥ്യമല്ല. യാത്ര കഴിഞ്ഞാൽ റീചാർജ് ആയി വേണം തിരികയെത്താൻ എന്നാണ് കക്ഷിയുടെ നയം. ഹോട്ടൽ കാഴ്ചകളുടെ തനിയാവർത്തനങ്ങൾ യാത്രയെ രസം കൊല്ലിയാക്കുമെന്നാണ് ജോര്‍ജിന്റെ അനുഭവം.
ഇഷ്ടസ്ഥലങ്ങളിലൊന്നായ ഊട്ടിയിൽ അല്പം സ്ഥലം വാങ്ങിയിട്ടത് അവിടെയൊരു വെക്കേഷൻ ഹോം നിർമിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. കൊച്ചിയിൽ നിര്‍മിക്കുന്നതുപോലെയൊരു വീട് ഊട്ടിയിൽ വച്ചിട്ട് കാര്യമില്ലല്ലോ. ഊട്ടിയുടെ വശ്യമായ സൗന്ദര്യത്തോടിണങ്ങി നിൽക്കുന്നതായിരിക്കണം പുതിയ വീട്. അന്വേഷണങ്ങൾ പലവഴി നീണ്ടെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെയിരിക്കെയാണ് ഇന്തൊനീഷ്യയിൽ യാത്ര ചെയ്യാനിടവന്നത്. അവിടെ തടികൊണ്ടു നിർമിച്ചൊരു വീട് കണ്ടപ്പോൾ ജോർജിന്റെ തലയിൽ ബൾബ് മിന്നി.
ഊട്ടി പട്ടണത്തിൽനിന്ന് നാല് കിലോമീറ്റർ അകലെയാണ് ‘വുഡ്ഹൈവ്’ സ്ഥിതിചെയ്യുന്നത്. മലനിരകൾക്ക് താഴെ തേയില, കാരറ്റ് തോട്ടങ്ങളൊരുക്കുന്ന ലാൻഡ്സ്കേപ്പാണ് പാശ്ചാത്തലം. സമീപത്തെ കോൺക്രീറ്റ് വീടുകളെയെല്ലാം നിഷ്പ്രഭരാക്കി തലയുയർത്തി നിൽക്കുന്ന വുഡ്ഹൈവിന് മഞ്ഞിൻ പുതപ്പണിയുമ്പോൾ ഭംഗി ഇരട്ടിയാകും. 2000 ചതുരശ്രയടിയുളള ഈ തടിവീടിന് ഷിംഗിൾസ് പാകിയ ചരിഞ്ഞ മേൽക്കൂര നൽകിയിരിക്കുന്നു.
‘‘ഇന്തോനീഷ്യയിൽ നിന്ന് തിരിച്ചെത്തിയ ഉടൻ വീട് പണിയാൻ തക്ക തടി തേടിയിറങ്ങി. ആ അന്വേഷണം അവസാനിച്ചത് റഷ്യൻ പൈൻവുഡിലാണ്.’’ ജോർജ് പറയുന്നു. എണ്ണയുടെ അംശം കുറവുമായതിനാൽ ഈർപ്പം, ചിതൽ എന്നിവയുടെ ശല്യമുണ്ടാകില്ല എന്നതാണ് റഷ്യൻ പൈനിന്റെ ഗുണം. വീടിന് വേണ്ട രീതിയിൽ പൈൻ തടിക്കഷണങ്ങൾ അറുത്ത് ഇറക്കുമതി ചെയ്യിക്കുകയായിരുന്നു. പ്ലോട്ടിലെത്തിച്ച തടിപ്പലകൾ നാട്ടിലെ പണിക്കാരെക്കൊണ്ട് കൂട്ടിച്ചേർത്തു. ‘ടങ് ആൻഡ് ഗ്രൂവ്’ എന്ന രീതിയിലൂടെയാണ് പലകകള്‍ ചേര്‍ത്തുവയ്ക്കുന്നത്. വളരെ അനായാസമായ ഈ രീതി പ്രയോഗിച്ചപ്പോൾ രണ്ടാഴ്ച കൊണ്ട് വീട് തയാറായി.
അടിത്തറയ്ക്ക് മാത്രമാണ് കോൺക്രീറ്റ് ഉപയോഗിച്ചത്. തറയും ഭിത്തിയും മേൽക്കൂരയുമെല്ലാം പൈൻതടി തന്നെ. ഈർപ്പം കുറയ്ക്കാൻ വേണ്ടി ഷിംഗിൾസിനടിയിൽ ബിറ്റുമെൻ ഷീറ്റ് നൽകി. തടികൾക്കിടയിലൂടെ പ്ലമിങ്ങും വയറിങ്ങുമെല്ലാം അനായാസം നിർവഹിക്കാമെന്നും ജോർജ് പറയുന്നു. റഷ്യൻ പൈനിനേക്കാൾ വില കുറഞ്ഞ കനേഡിയൻ പൈനും നിർമാണത്തിന് ഉപയോഗിക്കാം. നല്ല വെള്ള നിറത്തിൽ ലഭ്യമാകുന്ന പൈൻ തടിക്ക് തേക്ക് എന്നു തോന്നുന്ന രീതിയിൽ കോട്ടിങ് നൽകിയാണ് നിർമാണസജ്ജമാക്കുന്നത്.
വാതിൽ തുറക്കുമ്പോൾ കാണുന്നത് നീണ്ടൊരു ഹാളാണ്. പ്രധാന വാതിലിനടുത്തു നിന്നുതന്നെ കോണിപ്പടിയും കാണാം. ഡൈനിങ്, ലിവിങ് ഏരിയകളെ ഹാളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒരു ഭാഗത്ത് കൗണ്ടർ നൽകി അടുക്കളയും സജ്ജീകരിച്ചു. മുകളിലും താഴെയുമായി നാല് അറ്റാച്ഡ് ബെഡ്റൂമുകളുണ്ട്. ഊട്ടിയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കുന്ന രീതിയിലാണ് ജനാലകളെല്ലാം. കോണിപ്പടിയുടെ ആദ്യത്തെ ലാൻഡിങ്ങിലും ലിവിങ് സ്പേസ് ക്രമീകരിച്ചിരിക്കുന്നു.
സാധാരണ വീടുകളിൽ ഏറ്റവും കുറവ് സ്ഥലം കിട്ടുന്നത് ബാൽക്കണിക്കാണെങ്കില്‍ ഇവിടെ കാര്യങ്ങൾ നേരെ തിരിച്ചാണ്. മഞ്ഞണിഞ്ഞ താഴ്‍വരകൾ കൺകുളിർക്കെ കാണാൻ കിടിലനൊരു ബാൽക്കണി തയാറാക്കിയിട്ടുണ്ട്. ഇവിടെയെത്തുന്നവരെല്ലാം ഏറെ ഇഷ്ടപ്പെടുന്നത് ഈ ബാൽക്കണിയാണെന്നും ജോർജ് സാക്ഷ്യപ്പെടുത്തുന്നു. വീടിന്റെ ഒാരോ ഭാഗത്തേക്കുമുളള തടി ഉരുപ്പടികൾ പ്രത്യേകം അടയാളപ്പെടുത്തിയാണ് നാട്ടിലെത്തിച്ചത്. വെയിൽ, വെള്ളം, പ്രാണികൾ എന്നിവയെല്ലാം പ്രതിരോധിക്കുന്ന തരത്തിൽ പ്രത്യേകം ട്രീറ്റ് ചെയ്തെടുത്ത തടിയാണിത്. അതിനാൽ സംഗതി കൂട്ടിയോജിപ്പിക്കാന്‍ ആശാരിമാർക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. പത്ത് ഇഞ്ചുവരെ കനമുളള പാളികൾ കൊണ്ടാണ് വീട് പണിതിരിക്കുന്നത്. പണിതുയർത്തിയതുപോലെത്തന്നെ ഈ വീട് അഴിച്ചെടുക്കാനും എളുപ്പമാണ്. ഊട്ടിമടുക്കുമ്പോൾ വീട് പായ്ക്ക് ചെയ്ത് നേരെ കൊടൈക്കനാലിൽ കൊണ്ടുവയ്ക്കാം. സ്വന്തം പേരിൽ സ്ഥലമുണ്ടാകണമെന്നു മാത്രം.
ബാത്റൂമിലെ തറയൊഴിച്ച് ബാക്കിയെല്ലാം തടിയായതിനാൽ വീട്ടിൽ കൂടുതൽ തണുപ്പുണ്ടെന്നു ജോർജ് പറയുന്നു. നിർമാണ സാമഗ്രികൾക്ക് തീ വിലയുളളപ്പോൾ ഇത്തരം വീടുകൾ ജനത്തിന് ആശ്വാസമേകുന്നതാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
നിർമാണസമയം കുറവായതിനാൽ പണിക്കൂലിയും അനുബന്ധപ്രശ്നങ്ങളും ഇല്ല. കമ്പി, മണൽ, സിമന്റ് എന്നിങ്ങനെ പലതരത്തിലുളള സാമഗ്രികൾ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വരില്ല. പ്രകൃതിദത്തമായ മാർഗമായതിനാൽ കോൺക്രീറ്റ് വേസ്റ്റും കുറയ്ക്കാം. ഭാരക്കുറവായതിനാൽ നിലവിലുളള കോൺക്രീറ്റ് വീടിന്റെ മേൽക്കൂരയിലും ഇവ നിർമിക്കാം.
നിർമാണനിയന്ത്രണമുളള സ്ഥലങ്ങളിലും തടിവീടുകള്‍ക്ക് ഇളവുകളുണ്ടെന്ന് ജോർജ്. ഇത്തരത്തിലൊരു തടിവീട് നിർമിച്ചിട്ടുണ്ട്. തടിവീടുകൾ നിർമിക്കാൻ ആഗ്രഹമുളളവർക്ക് വേണ്ട നിർദേശങ്ങൾ നൽകാൻ ഇദ്ദേഹം തയാറാണ്.
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...